"പെപ്പർ സ്പ്രേ" എന്നത് കുരുമുളക് നന്നായി പൊടിച്ച് കുപ്പിയിലാക്കി അത് സ്പ്രേ ആയി അടിച്ച് എരുവിപ്പിച്ച് അക്രമികളെ ഓടിക്കാനുള്ള സാധനമാണ് എന്നാണ് പലരുടെയും ധാരണ. പേരിലെ പെപ്പർ കണ്ട് എത്തുന്ന അബദ്ധമാണത്. പെപ്പർ സ്പ്രേയും ബ്ലാക് പെപ്പർ എന്ന് നമ്മൾ വിളിക്കുന്ന കുരുമുളകുമായി ഒരു ബന്ധവും ഇല്ല. അതിലും ഇതിലും പെപ്പർ എന്ന പേരുണ്ട് എന്നത് മാത്രം.
പെപ്പർ സ്പ്രേ എന്നത് ഒലിയോ റെസിൻ കാപ്സിക്കം സ്പ്രെ - അഥവാ OC spray എന്ന ചുരുക്കപ്പേരിൽ ഉള്ള ഒരു സാധനം ആണ്. Capsicum ജനുസിൽ പെട്ട മുളകിനങ്ങളിലെ ചെടികളിലെ ഒരു രാസഘടകം ആണ് Capsaicin (8-methyl-N-vanillyl-6-nonenamide). നമ്മുടെ കുരുമുളക് Piper nigrum ഈ ജനുസിൽ പെട്ട ചെടിയേ അല്ല Piper ജനുസിലാണ് അത് പെടുക - അതിൽ ഈ കാപ്സൈസിൻ അല്ല എരുവിനും പുകച്ചിലിനും കാരണം. പിപെറിൻ എന്ന ഘടകം ആണ്. അതാണെങ്കിൽ കാപ്സൈസിൻ്റെ 1% എരിവ് മാത്രം ഉള്ള രാസഘടകം മാത്രമാണ്. അതായത് കുരുമുളക് പൊടിച്ച് പാറ്റിച്ചാൽ ആരും ഓടണം എന്നില്ല - കണ്ണിലായാൽ മാത്രം ഇത്തിരി എരിയും എന്ന് മാത്രം - എന്നാൽ നമ്മുടെ കാന്താരി , പച്ചമുളക് , പറങ്കി എന്നൊക്കെ വിളിക്കുന്ന ചെടികളുടെ ചിലി പെപ്പറിൽ ഉള്ള തീവ്ര ശക്തിയുള്ള ഘടകത്തെ - Capsaicin മാത്രം വേർതിരിച്ചെടുത്ത് - അല്ലാതെ പറങ്കി അരച്ച് അല്ല - അപകടകരമല്ലാത്ത അളവിൽ ചേർത്ത് ക്ലിയറായ ദ്രാവകമാക്കി പ്രഷറിൽ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ച് വെച്ചതാണ് പെപ്പർ സ്പ്രെ - അതിലെ പെപ്പർ കുരുമുളകിലെ - ബ്ലാക് പെപ്പറിൽ നിന്ന് വന്നതല്ല - ചിലി പെപ്പറിൽ നിന്ന് വന്നതാണ്. പെപ്പർ സ്പ്രേയെ കുരുമുളക് സ്പ്രേ ആക്കി മലയാളീകരിക്കാതെ ഉപയോഗിക്കലാണ് ശരി.