ഭൂമിക്ക് അച്ചുതണ്ട് എന്നൊരു തണ്ടില്ല. അത് ഒരു സാങ്കല്പിക രേഖ മാത്രമാണ്. ഭൂമി സ്വയം തിരിയുമ്പോൾ സ്ഥാനമാറ്റം സംഭവിക്കാത്ത ബിന്ദുക്കൾ അടങ്ങിയ രേഖയാണിത്. ഉത്തരധ്രുവവും ദക്ഷിണധ്രുവവും തമ്മിൽ ഭൂമിക്കകത്തു കൂടി ബന്ധിപ്പിക്കുന്ന ഒരു രേഖ സങ്കല്പിച്ചാൽ അതു അച്ചുതണ്ടായി.
അടുത്തതായി ഭൂമികറങ്ങുന്നതെങ്ങനെയെന്നു നോക്കാം. കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാസ്തു ആ സ്ഥിതിയിൽ തുടരാൻ പുറത്തുനിന്നുള്ള ഒരു ബലത്തിന്റേയും ഇടപെടൽ ആവശ്യമില്ല. ഭൂമി ഉണ്ടായ കാലം മുതലുള്ള തിരിച്ചിൽ തുടരുകയാണ് ചെയ്യുന്നത്. എന്നാൽ ചില കാരണങ്ങളാൽ ചെറിയ തോതിലുള്ള ഊർജനഷ്ടം ഉണ്ടാകുന്നതിനാൽ ഭൂമിയുടെ കറക്കത്തിന്റെ വേഗം കുറഞ്ഞുവരുന്നുണ്ട് . അതിനാൽ ദിവസത്തിന്റെ കാലയളവിൽ ചെറിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പക്ഷേ ഒരു നൂറ്റാണ്ടു കൊണ്ട് അതിനുണ്ടാകുന്ന വ്യത്യാസം 2 മില്ലിസെക്കൻഡിൽ താഴെ മാത്രമാണ്. ഒരു സെക്കൻഡിന്റെ ആയിരത്തിലൊന്നാണ് ഒരു മില്ലി സെക്കൻഡ്.