കാന്തിക ധ്രുവത്തിന്റെ മാറ്റം ഭൂമിയിൽ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമോ ?

ഡോ. പ്രശാന്ത് ജെ.പി ഉത്തരം നൽകുന്നു

earth-magnetic-pole

Category: ഭൂശാസ്ത്രം

Subject: Science

13-Jun-2024

504

ഉത്തരം

2024 ജൂൺ ലക്കം ശാസ്ത്രകേരളത്തിൽ പ്രസിദ്ധീകരിച്ചത്.

ഭൂമിയുടെ കാന്തികക്ഷേത്രത്തിലെ വ്യതിയാനങ്ങൾ നിലവിലെ ആഗോളതാപനത്തിന് കാരണമാകുന്നുവെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്നും ചിലർ അവകാശപ്പെടുന്നതായി നിങ്ങൾ കേട്ടിരിക്കാം..
ശാസ്ത്രം ആ വാദത്തെ പിന്തുണയ്ക്കുന്നില്ല. കാന്തിക മണ്ഡലത്തിലെ മാറ്റങ്ങൾ കാലാവസ്ഥയെ ബാധിക്കാത്തതിന്റെ ശാസ്ത്രീയ കാരണങ്ങളാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്.

ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനം ആദ്യമായി കൃത്യമായി കണക്കാക്കിയത് 1831-ലാണ്. അതിനുശേഷം, അത് ക്രമേണ വടക്ക്-വടക്കുപടിഞ്ഞാറായി 1,100 കിലോമീറ്റർ മാറി. അതിന്റെ മുന്നോട്ടുള്ള വേഗത പ്രതിവർഷം 16 കിലോമീറ്റർ എന്നതിൽ നിന്ന് വർദ്ധിച്ച് ഏകദേശം 55 കിലോമീറ്റർ ആയിട്ടുണ്ട്. ഈ ക്രമാനുഗതമായ ചലനം വിമാനങ്ങളുടെയും കപ്പലുകളുടേയുമൊക്കെ യാത്രകളെ ബാധിക്കുന്നു. എന്നിരുന്നാലും ഭൂമിയുടെ കാന്തികധ്രുവങ്ങളും കാലാവസ്ഥ യും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകൾ കുറവാണ്.



ഭൂമിയുടെ കാന്തിക ഉത്തര, ദക്ഷിണ ധ്രുവങ്ങൾ സ്ഥാനങ്ങൾ പരസ്‌പരം ഇടയ്ക്കിടെ മാറാറുണ്ട്. അതൊരു വലിയ കാര്യമായി തോന്നുമെങ്കിലും, ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്രത്തിൽ ഈ ധ്രുവ മാറ്റം (polar reversal) സാധാരണമാണ്. കഴിഞ്ഞ 83 ദശലക്ഷം വർഷങ്ങളിൽ ഭൂമിയുടെ കാന്തികധ്രുവങ്ങൾ 183 തവണ പരസ്പരം മാറിയിട്ടുണ്ടെന്ന് പാലിയോമാഗ്നറ്റിക് (കാന്തികക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനം) രേഖകൾ പറയുന്നു. ഈ മാറ്റങ്ങൾക്കിടയിലുള്ള ഇടവേള മാറാറുണ്ടെങ്കിലും, അവസാനത്തേത് ഏകദേശം 780,000 വർഷ ങ്ങൾക്ക് മുമ്പാണ് നടന്നത്. കഴിഞ്ഞ 200 വർഷങ്ങളിൽ ഭൂമിയുടെ കാന്തികക്ഷേത്രം ആഗോള ശരാശരിയിൽ ഒമ്പത് ശതമാനത്തോളം ദുർബലമായെന്നും, ഒരു ധ്രുവ മാറ്റ സാധ്യതയുണ്ടെന്നുമാണ് ചിലർ കരുതുന്നത്. എന്നാൽ ശാസ്ത്രജ്ഞർ അങ്ങനെ കരുതുന്നില്ല.
വാസ്തവത്തിൽ, പാലിയോമാഗ്നറ്റിക് പഠനങ്ങൾ കാണിക്കുന്നത് ഈ കാന്തിക ക്ഷേത്രം കഴിഞ്ഞ 100,000 വർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ശക്തമാണെന്നാണ്. അവസാനത്തെ ധ്രുവ മാറ്റ കാലഘട്ടത്തിലെ സസ്യങ്ങളുടെയും മൃഗങ്ങളുടെയും ഫോസിലുകൾ പരിശോധിക്കുമ്പോൾ ആ കാലത്ത് വലിയ കാലാവസ്ഥാവ്യതിയാനം ഉണ്ടായതായി കാണുന്നില്ല. വംശനാശം പോലെ എന്തെങ്കിലും പ്രധാന സംഭവങ്ങൾ നടന്നതിന് ഫോസിൽ രേഖകളോ മറ്റേതെങ്കിലും ഭൂമിശാസ്ത്രപരമായ തെളിവുകളോ ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ ആഴ ത്തിൽ നിന്നുമുള്ള സമുദ്ര അവശിഷ്ട‌ങ്ങൾ ഹിമാനിയുടെ പ്രവർത്തനം സ്ഥിരതയുള്ളതാണെന്ന് സൂചിപ്പിക്കുന്നു.

ഇനി ഇതൊന്നുമല്ലാത്ത മിലങ്കോവിച്ച് ചക്രങ്ങൾ (Milankovitch cycles) കാലാവസ്ഥയെ മാറ്റിയാലോ? അത് എന്താണന്നല്ലേ? ഭൂമിയുടെ ചരിത്രത്തിലുടനീളമുള്ള ഭൂമിയുടെ കാലാവസ്ഥയിലെ ദീർഘകാല മാറ്റങ്ങൾ മനസ്സിലാക്കുന്നതിനുള്ള ശക്ത മായ വഴി മിലങ്കോവിച്ച് ചക്രങ്ങൾ നൽകുന്നു. മിലങ്കോവിച്ച് ചക്രങ്ങളിൽ ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ആകൃതി, ഭൂമിയുടെ പരിക്രമണ തലവുമായി ബന്ധപ്പെട്ട് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്, ഭൂമിയുടെ കറങ്ങുന്ന അച്ചുതണ്ട് ചൂണ്ടിക്കാണിക്കുന്ന ദിശ എന്നിവ ഉൾപ്പെടുന്നു. ഈ ചക്രങ്ങൾ ഭൂമിയിൽ ലഭിക്കുന്ന സൂര്യപ്രകാശ ത്തിന്റെ അളവിനെ ബാധിക്കുന്നു.
എന്നാൽ കഴിഞ്ഞ 150 വർഷമായി, മിലങ്കോവിച്ച് ചക്രങ്ങൾ കാരണം ഭൂമി ആഗിരണം ചെയ്യുന്ന സൗരോർജ്ജത്തിന്റെ അളവിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വാസ്തവത്തിൽ, നാസയുടെ ഉപഗ്രഹ നിരീക്ഷണങ്ങൾ കാണിക്കു ന്നത് കഴിഞ്ഞ 40 വർഷത്തിനിട യിൽ, സൗരവികിരണം യഥാർത്ഥ ത്തിൽ കുറച്ച് കുറഞ്ഞു എന്നാണ്. മിലങ്കോവിച്ച് ചക്രങ്ങൾ കാലാവ സ്ഥാവ്യതിയാനത്തിന് കാരണമായേ ക്കാവുന്ന ഒരുപാട് ഘടകങ്ങളിൽ ഒന്നുമാത്രമാണെന്ന് നാം മനസ്സിലാക്കുന്നു.



ഭൂമിയുടെ സമീപകാല താപനം പ്രാഥമികമായി മനുഷ്യന്റെ പ്രവർത്ത നങ്ങൾ മൂലമാണെന്ന് ശാസ്ത്ര ജ്ഞർക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ചും ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡിന്റെ നേരിട്ടുള്ള നിക്ഷേപം നടക്കുന്നു. ഇത്തരം കാരണങ്ങൾ പരിശോധിച്ച് ആഗോള താപനം ചെറുക്കാനുള്ള വഴികളാണ് നമ്മൾ ആലോചിക്കേണ്ടത്, ഭൂമിയുടെ കാന്തികക്ഷേത്രത്തിലെ വ്യതിയാനമാണ് കാലാവസ്ഥാമാറ്റ ത്തിന് കാരണം എന്ന് പറയുന്നത് വസ്തുതകളെ വേണ്ടത്ര മനസ്സിലാ ക്കാതെയാണ് എന്ന് പറയേണ്ടി
വരും.


ഉത്തരം നൽകിയത് : ഡോ. പ്രശാന്ത് ജെ.പി (ഫിസിക്സ് അധ്യാപകൻ, ചളവറ എച്ച്.എസ്. എസ്., പാലക്കാട്.)


അധിക വായനയ്ക്ക് : ലൂക്കയിൽ പ്രസിദ്ധീകരിച്ച  പാവം പാവം ഭൗമകാന്തം  എന്ന ലേഖനം വായിക്കാം


Share This Article
Print Friendly and PDF