കൂര്‍ക്കം വലി എന്തുകൊണ്ട്?

ചില മനുഷ്യര്‍ ഉറങ്ങുമ്പോള്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നു. എങ്ങനെയാണ് കൂർക്കം വലി ശബ്ദം ഉണ്ടാവുന്നത് - അനീഷ് കുമാർ കെ



ഉത്തരം


ചില മനുഷ്യര്‍ ഉറങ്ങുമ്പോള്‍ ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നു. വായിലൂടെ ശ്വസിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേക ശബ്ദമാണിത്. നമ്മുടെ ശ്വസനാവയവം മൂക്കാണ്. എന്നാല്‍ മൂക്കിലുണ്ടാകുന്ന എന്തെങ്കിലും തടസ്സങ്ങള്‍ കൊണ്ടോ ശീലംകൊണ്ടോ ചിലര്‍ വായില്‍ക്കൂടി ശ്വാസോഛ്വാസം ചെയ്യാറുണ്ട്. ഉറക്കത്തില്‍ ഇങ്ങനെ വായിലൂടെ ശ്വസിക്കുമ്പോള്‍ വെളിയിലേക്കു വരുന്ന വായു വായുടെ പിന്നിലും മുകളിലുമുള്ള പേശികളെ (soft palate) മുന്നോട്ടും പിന്നോട്ടും ആട്ടുന്നു (flutter). ഈ പ്രവര്‍ത്തനത്താലുണ്ടാകുന്ന ശബ്ദമാണ് കൂര്‍ക്കം വലിയായി നാം കേള്‍ക്കുന്നത്. ചില അവസരങ്ങളില്‍ ഈ ചലനം ചുണ്ട്, മൂക്ക്, കവിള്‍ തുടങ്ങിയ ഭാഗങ്ങളെയും ചലിപ്പിക്കുന്നു. അത്തരം അവസരങ്ങളിലാണ് അത്യുച്ചത്തിലുള്ള കൂര്‍ക്കം വലി ഉണ്ടാകുന്നത്. എന്തുകൊണ്ട് ഉറക്കത്തില്‍ മാത്രം ഇത് സംഭവിക്കുന്നു? ഉണര്‍ന്നിരിക്കുമ്പോള്‍ പേശികള്‍ മുറുകിയിരിക്കുന്നതിനാല്‍ ചലനസാധ്യത കുറവാണെന്നതാണ് ഇതിനു കാരണം. കൂര്‍ക്കം വലി ഒഴിവാക്കാന്‍ മൂക്കിലൂടെ ശ്വസിക്കുന്ന ശീലം ചെറുപ്പത്തിലേ സ്വായത്തമാക്കുകയാണ് വേണ്ടത്. കിടത്തവും ശരിയായ രീതിയിലായിരിക്കണം. വായിലൂടെ ശ്വസിക്കുന്നതും ആരോഗ്യപരമായി നന്നല്ല.

Share This Article
Print Friendly and PDF