നേത്രഗോളങ്ങളുടെ മുകളിൽ വശങ്ങളിലേക്ക് നീങ്ങി കാണപ്പെടുന്ന കണ്ണുനീർ ഗ്രന്ഥികളാണ് (lacrimal gland) കണ്ണുനീർ ഉത്പാദിപ്പിക്കുന്നത്. കണ്ണീർ മൂന്നു തരത്തിലുണ്ട്. കണ്ണിന്റെ മുൻഭാഗത്തിന്റെ ആർദ്രത നിലനിർത്താൻ എപ്പോഴും ചെറിയ തോതിൽ വരുന്ന കണ്ണുനീർ (basal tear), ആണ് ഇതിൽ പ്രധാനം. അന്യ വസ്തുക്കൾ, ബാഷ്പം എന്നിവ കണ്ണിൽ വീഴുമ്പോൾ അതിൽ നിന്ന് സംരക്ഷണം നൽകാൻ വേണ്ടിപുറപ്പെടുവിക്കുന്ന കണ്ണുനീരാണ് (reflex rears) മറ്റൊന്ന്. ചെറിയ ഉള്ളി അരിയുമ്പോൾ വരുന്നത് ഇതാണ്. വലിയ തോതിലുള്ള സന്തോഷം, പേടി, സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങൾ വരുമ്പോൾ പുറത്തു വരുന്നതാണ് മറ്റൊരു തരം കണ്ണുനീർ (emotional tears). നമുക്ക് വികാരങ്ങൾ വരുമ്പോൾ നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം (limbic system) മറ്റൊരു ഭാഗത്തേക്ക് (pons) സിഗ്നലുകൾ അയക്കുകയും അവിടെ നിന്ന് കണ്ണുനീർ ഗ്രന്ഥിയിലേക്ക് നിർദേശങ്ങൾ പോകുകയും ചെയ്യുന്നു.