മഴകൊണ്ടാൽ ജലദോഷം വരുമോ ?

വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു

ഉത്തരം

ഭൂമിയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പിടിപെടുന്ന രോഗമാണ് ജലദോഷം. ചികിത്സിച്ചാൽ ഒരാഴ്ചകൊണ്ടും ഇല്ലെങ്കിൽ ഏഴുദിവസം കൊണ്ടും മാറുന്ന രോഗം എന്നൊക്കെ കളിയാക്കി പറയാറുണ്ട്. കോമൺ കോൾഡ്, വെറും കോൾഡ്, തണുപ്പ്, ജലദോഷപ്പനി, വൈറൽ ഫീവർ എന്നൊക്കെ പറയുന്നത് ഇതിന്റെ തന്നെ പലപല രൂപ ങ്ങളെ ആണ്. മുതിർന്നവർക്ക് വർഷത്തിൽ രണ്ടുമൂന്നു തവണയും കുട്ടികൾക്ക് ഏഴെട്ട് തവണയും ജലദോഷം വരുന്നത് സാധാരണമാണ്. മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന എന്നിവ കൂടാതെ ചിലപ്പോൾ മോശമില്ലാത്ത പനിയും കൂടി ഉണ്ടാവും.

മഴകൊണ്ടാൽ ജലദോഷം ഉറപ്പെന്നും നനഞ്ഞ തല തോർത്തിയില്ലെങ്കിൽ തലയോട്ടിയിലൂടെ നീരിറങ്ങി ജല ദോഷമായി മൂക്കിലൂടെ ഒഴുകും എന്നും കരുതുന്നവരുണ്ട്. അങ്ങനെയെങ്കിൽ, നീന്തൽകുളത്തിൽ കഴിയുന്നവരുടെയും കക്കവാരാൻ വെള്ളത്തിൽ മുങ്ങി പണിയെടുക്കുന്നവരുടെയും ഒക്കെ തല കുതിർന്ന് പോകേണ്ടതാണല്ലോ എന്ന് ന്യായ മായും സംശയിക്കാവുന്നതേയുള്ളൂ.

പ്രതി വെള്ളമാണ് അല്ലെങ്കിൽ തണുപ്പാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. മഴ കൊണ്ടതുകൊ ണ്ടാണ്, നനഞ്ഞതിനാലാണ്, തണുപ്പടിച്ചിട്ടാണ് ജലദോഷം ഉണ്ടാകുന്നത് എന്നാണ് പലരും കരുതുന്നത്. എന്നാൽ, ജലദോഷം എന്നുപറയുന്ന അവസ്ഥ ഉണ്ടാക്കുന്നത് വൈറസുകളാണ്. അല്ലാതെ ജല ത്തിന്റെ ദോഷം അല്ല അത്. മഴയോ ടൊപ്പം വൈറസുകളും പെയ്തിറങ്ങി പരത്തുന്നതല്ല ജലദോഷം. ഇരുന്നൂ റിനടുത്ത് ഇനം വൈറസുകൾ ജലദോഷപ്പനിക്ക് കാരണക്കാരായി ഉണ്ടെങ്കിലും അതിൽ റൈനോ വൈറസുകളാണ് (Rhinovirus) പ്രധാനികൾ.

വായുവിലെ ചെറു കണികകളിലൂടെ ആണ് ഈ വൈറസുകൾ പകരുന്നത്. രോഗം ബാധിച്ചവരുടെ തൊണ്ടയിലെയും മൂക്കിലെയും സ്രവകണങ്ങൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായുവിലെത്തും. ഈ സ്രവകണങ്ങളിലെ വൈറസുകൾ ശ്വസനം വഴിയും അവ വീണസ്ഥലങ്ങൾ തൊടുന്നതുവഴിയും ഒരാളിൽ നിന്ന് മറ്റൊരാളുടെ മൂക്കിലും വായിലും ഒക്കെ എത്താം. അങ്ങിനെ എത്തി യാൽ ആറുമണിക്കൂർ കൊണ്ട് ആ വൈറസുകൾ ചിലപ്പോൾ ലക്ഷണം കാണിച്ച് തുടങ്ങിയേക്കും. തുമ്മലും ചീറ്റലും ഒക്കെ നമുക്ക് ഉണ്ടാകും... അതാണ് ജലദോഷം. ഇതിൽ ജലത്തിന് നേരിട്ട് പ്രത്യേകിച്ചൊരു പങ്കും ഇല്ല. കാരണക്കാർ വൈറസുകളായതിനാൽ ആന്റിബയോട്ടിക്കുകൾ കഴിച്ച് ചികിത്സിക്കേണ്ട അസുഖമല്ല ഇത്. അസ്വസ്ഥ തയുണ്ടാക്കുന്ന രോഗലക്ഷണങ്ങൾ കുറക്കാനും സഹിക്കാനും സഹായിക്കുന്ന മരുന്നുകൾ കഴിക്കാം എന്നു മാത്രം.
ഈ വൈറസുകൾ എല്ലാ കാലത്തും നമുക്ക് ചുറ്റും ഉണ്ടാകാം. എന്നാൽ താപം, ആർദ്രത തുടങ്ങിയവ അനുകൂലമാകുന്നതിനാൽ മഴക്കാലം അവയ്ക്ക് പെരുകാനും ശരീരത്തിന് പുറത്ത് കുറച്ചുകൂടി നേരം കുഴപ്പമില്ലാതെ കഴിയാനും ഒക്കെ സൗകര്യമൊരുക്കും. അതേസമയം മഴക്കാലത്ത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളും കുറച്ച്  പിറകിലേക്കാകും. അതും വൈറസിന് ഗുണം ചെയ്യും.
തണുപ്പും മഴയും ഉള്ളപ്പോൾ ആളുകൾ കൂടുതലായി മുറിക്കകത്ത് കഴിയും. പുറത്തുള്ള ജോലിസ്ഥലത്തും സ്കൂളുക ളിലും മാർക്കറ്റിലും പൊതുസ്ഥലങ്ങളിലും ഒക്കെ കുറേക്കൂടി അടുത്തടുത്ത് നിന്ന് കൂടുതൽ സമയം ചിലവഴിക്കും. അതിനാൽ തന്നെ വൈറസിന് വേഗത്തിൽ പകരാനുള്ള അവസരമൊ രുങ്ങും. ബസ്സുകളും ട്രെയിനുകളും ജനാലകൾ അടച്ച് യാത്രചെയ്യുന്നതിനാൽ കൂടുതൽ ആളുകളിലേക്ക് വൈറസ് വേഗത്തിൽ എത്തും. ഇതൊക്കെക്കൊണ്ടാണ് മഴക്കാലം ജലദോഷക്കാലമായും മാറുന്നത്.


2025 ജനുവരി ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്



Share This Article
Print Friendly and PDF