മനഃശാസ്ത്രം ഒരു ശാസ്ത്ര ശാഖയാണോ?

മനഃശാസ്ത്രം ഒരു ശാസ്ത്ര ശാഖയാണോ? എന്തുകൊണ്ട്? മനസ്സ് എന്നത് ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ടോ? മനസ്സിന് മൂന്ന് തലങ്ങൾ ഉണ്ടെന്നും അത് ബോധം,ഉപബോധം, അബോധ മനസ്സുകളാണെന്ന് ഡോ.സിഗ്മണ്ട് ഫ്രോയിഡ് അവതരിപ്പിച്ച ഐസ് ബർഗ് സിദ്ധാന്തത്തിൽ ശാസ്ത്രീയമായി അംഗീകരിക്കാനാവുമോ ? മനഃശാസ്ത്രത്തിലെ ഏത് ഗ്രന്ഥത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്? BSc/MSc,MPhil,PhD... മനഃശാസ്ത്ര പഠിക്കാൻ സാമൂഹ്യശാസ്ത്രങ്ങൾ പഠിച്ചാൽ മതി.ഇവർക്ക് മനുഷ്യ മനസ്സിനെ ചികിത്സിക്കാൻ അനുവാദവും നല്കുന്നു.ഇത് എങ്ങനെയാണ് ശാസ്ത്രീയമായ ഒരു രീതിയും നിലപാടുമാകുക.? -രചനഗ്രേസ്



ഉത്തരം

ചോദ്യം:
  1. മനഃശാസ്ത്രം ഒരു ശാസ്ത്ര ശാഖയാണോ? എന്തുകൊണ്ട്?
  2. മനസ്സ് എന്നത് ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ടോ? മനസ്സിന് മൂന്ന് തലങ്ങൾ ഉണ്ടെന്നും അത് ബോധം,ഉപബോധം, അബോധ മനസ്സുകളാണെന്ന് ഡോ.സിഗ്മണ്ട് ഫ്രോയിഡ്  അവതരിപ്പിച്ച ഐസ് ബർഗ്  സിദ്ധാന്തത്തിൽ ബോധ മനസ്സ് 10%, ഉപബോധ മനസ്സ് 5%, അബോധ മനസ്സ് 85% എന്നിങ്ങനെ പറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കുന്നുണ്ടോ? അതുപോലെ ഇന്ന് മനസ്സിൻറെ ശതമാന കണക്ക്. ബിരുദ ബിരുദാനന്തര പഠനത്തിന് പോലും പഠിപ്പിക്കുന്നത് ബോധം 10%, ഉപബോധം 85%, അബോധം (സൂപ്പർ കോൺഷ്യസ്) 5% എന്നിങ്ങനെയാണ്. മനസ്സിൻറെ ഉപബോധ മനസ്സ് 85% എന്ന് കണ്ടെത്തിയ മനഃശാസ്ത്രജ്ഞൻ ആര് അല്ലെങ്കിൽ ന്യൂറോ സയൻറിസ്റ്റ് ആര്? മനഃശാസ്ത്രത്തിലെ ഏത് ഗ്രന്ഥത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്?
  3. വൈദ്യശാസ്ത്ര വിജ്ഞാനീയങ്ങൾ പഠിക്കാൻ, അതായത് MBBS,BPharm,BPT,MLT,BSc Nursing,എന്നിങ്ങനെ എല്ലാം. അതേപോലെ BHMS,BAMS തുടങ്ങിയ പഠനത്തിനും പ്ളസ് ടു പഠനത്തിൽ സയൻസ് പഠിക്കണം. എന്നാൽ BSc/MSc,MPhil,PhD... മനഃശാസ്ത്ര പഠിക്കാൻ സാമൂഹ്യശാസ്ത്രങ്ങൾ പഠിച്ചാൽ മതി.ഇവർക്ക് മനുഷ്യ മനസ്സിനെ ചികിത്സിക്കാൻ അനുവാദവും നല്കുന്നു.ഇത് എങ്ങനെയാണ് ശാസ്ത്രീയമായ ഒരു രീതിയും നിലപാടുമാകുക.മനഃശാസ്ത്ര പഠനത്തിന്  ഒരു അക്കാദമിക താല്പര്യമുള്ള പഠന വിഷയം എന്നതിൽ കവിഞ്ഞ് എന്ത് ശാസ്ത്രീയ പ്രസക്തിയാണ് ഉള്ളത്. പ്രത്യേകിച്ച് ആയൂർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെ  അശാസ്ത്രീയമാണ് എന്ന ആധുനിക ശാസ്ത്രത്തിന്റെ നിലപാടിന് വളരെ അംഗീകാരം ലഭിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ആയിരക്കണക്കിന് ശാസ്ത്ര പഠിതാക്കളുടെ ഒരു സംശമാണിത്,എൻറെയും.

ഉത്തരം :
  1. മനഃശാസ്ത്രം (Psychology) എന്നത് മാനസിക വ്യാപാരങ്ങളെയും പെരുമാറ്റത്തെയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയാണ്. ശാസ്ത്രത്തിന്റെ അംഗീകൃത രീതിയായ പരീക്ഷണ നിരീക്ഷണങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള യുക്തിയധിഷ്ഠിതമായ അനുമാനവും ഉപയോഗിക്കുന്നു എന്നതുകൊണ്ടാണ് മനശാസ്ത്രത്തെ ഒരു ശാസ്ത്രശാഖയായി അംഗീകരിക്കുന്നത്. റഫറൻസ് : www.britannica.com/science/psychology
  2. മനസ്സ് (Mind) എന്നത് തലച്ചോറും നാഡീവ്യൂഹവും പുറംലോകവുമായി ഇടപെടുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളെ മൊത്തത്തിൽ വിശേഷിപ്പിക്കുന്ന പദമാണ്. മാനസിക വ്യാപാരം എന്നത് തലച്ചോറിന്റെ ഒരു ധർമ്മമാണ്. ബോധം, ഭാവന, ചിന്ത, ബുദ്ധി, ഭാഷ, ഓർമ്മ, വികാരങ്ങൾ, വാസനകൾ തുടങ്ങിയവ ഒക്കെ മാനസികവ്യാപാരങ്ങളുടെ കൂട്ടത്തിൽ പെടുന്നു. മാനസിക വ്യാപാരങ്ങളെ സംബന്ധിച്ച പഠനങ്ങൾ ഇന്ന് Cognitive biology, Cognitive neuroscience, Cognitive psychology, Artificial intelligence തുടങ്ങിയ വിവിധ ശാഖകളിൽ ആണ് നടക്കുന്നത്. മനസ്സിന് മൂന്ന് തലങ്ങൾ ഉണ്ടെന്നോ, അവയ്ക്ക് കൃത്യമായ ശതമാനക്കണക്കുകൾ നിശ്ചയിക്കാൻ കഴിയുമെന്നോ ഉള്ള വാദങ്ങൾക്ക് നിലവിൽ ശാസ്ത്രീയമായ തെളിവുകളുടെ പിന്തുണയില്ല. അത്തരമൊരു ശതമാനക്കണക്ക് കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയുടെ മനശാസ്ത്ര സിലബസിൽ ഉള്ളതായി അറിവില്ല.
  3. മനഃശാസ്ത്രം ഒരു വൈദ്യശാസ്ത്രശാഖയല്ല. മാനസിക രോഗ ചികിത്സ (Psychiatry)യാണ് മാനസികരോഗങ്ങളുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രത്തിന്റെ ശാഖ. മാനസിക രോഗങ്ങൾ ഉള്ളവർക്ക് മരുന്നുകൾ നിർദേശിക്കാൻ മാനസികരോഗ വിദഗ്ധർക്ക് (Psychiatrist) മാത്രമേ കഴിയൂ. മനഃശാസ്ത്രജ്ഞർ (Psychologist) നൽകുന്ന സേവനങ്ങൾ കൗൺസലിംഗ്,  സൈക്കോതെറാപ്പി തുടങ്ങിയവയാണ്. മാനസിക രോഗങ്ങൾക്ക് കേവലം ശാരീരികമായ മാനം മാത്രമല്ല ഉള്ളത് എന്നതിനാൽ മാനസിക രോഗങ്ങൾ ഉള്ളവരുടെ പരിചരണം Psychiatrist, Psychologist, Psychiatric Social Worker, Psychiatric nurse എന്നിവർ ഉൾപ്പെടുന്ന ഒരു ടീമിനാണ് ഏറ്റവും ഫലപ്രദമായി ചെയ്യാനാവുക എന്നതാണ് നിലവിൽ അംഗീകരിക്കപ്പെട്ട ആശയം. മാനസിക രോഗങ്ങളും അവയുടെ ചികിത്സയുമായി ബന്ധമില്ലാത്ത Guidance, Coaching, Consulting, Research തുടങ്ങി ധാരാളം മേഖലകളിലും മനഃശാസ്ത്രജ്ഞർ ജോലിചെയ്യുന്നുണ്ട്.

ഉത്തരത്തിന് കടപ്പാട് : ഡോ.ചിഞ്ചു.സി., ഡോ.മിഥുൻ എസ്.



Share This Article
Print Friendly and PDF