വിജയകുമാർ ബ്ലാത്തൂർ എഴുതുന്നു...
നമ്മൾ മനുഷ്യരുടെ വീടുകൾപോലെ സ്ഥിരവാസത്തിനുള്ളതല്ല പക്ഷികളുടെ കൂടുകൾ. സുരക്ഷിതമായി മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് പറക്കമുറ്റും വരെ വളർത്താനുള്ള സംവിധാനം മാത്രമാണ് കൂടുകൾ. അതിനുശേഷം അവ കൂടുപേക്ഷിക്കുകയാണ് ചെയ്യുക. മനുഷ്യ സാമിപ്യം ഉള്ള ഇടങ്ങളിൽ കൂടുകെട്ടാനാണ് നീർക്കാക്കകൾ ഇഷ്ടപ്പെടുന്നത്. വാഹനങ്ങളും ആളുകളും തിരക്കും ഉള്ള അങ്ങാടികളുടെ അരികിലെ മരങ്ങൾ തിരഞ്ഞെടുക്കുന്നതും അതുകൊണ്ട് കൂടിയാണ്. മനുഷ്യസാമിപ്യം ഉള്ളപ്പോൾ ഇവരുടെ ഇരപിടിയന്മാർ അകന്നു നിൽക്കും എന്ന സുരക്ഷിത ബോധമാണിതിന് പ്രേരണ നൽകുന്നത്. കേരളത്തിൽ പഴയപോലെ ആളുകൾ ഇവയെ വേട്ടയാടുകയോ ശല്യം ചെയ്യുകയോ ചെയ്യാറില്ല. കൂട്ടമായി കാക്കകളേപ്പോലെതന്നെയാണ് ഇവരും ഉയരമുള്ള മരങ്ങളിൽ ഒന്നിച്ച് കൂടുകൾ കെട്ടുക. മാവ് , തെങ്ങ് , പുളി ,പരുവ , വെള്ളവാക, മഴമരം തുടങ്ങിയവയിലാണ് സാധാരണയായി കൂട് കെട്ടുക. പത്ത് മീറ്ററിനടുത്ത് ഉയരത്തിലാണ് കൂടുകൾ പണിയുക. ഇവർ മാത്രമല്ല മറ്റ് നീർപക്ഷികളും കുളകൊക്കുകളും ചിന്നമുണ്ടിയും ഒക്കെ അതേ മരത്തിൽ കൂട്ടു കെട്ടീട്ടുണ്ടാകും.
കുളങ്ങൾ , തടാകങ്ങൾ, വെള്ളം മൂടിക്കിടക്കുന്ന പാടങ്ങൾ എന്നിവയുടെ ഒക്കെ സമീപമാണ് തീറ്റതേടൽ കൂടി പരിഗണിച്ച് കൂടു കെട്ടാൻ കൂടുതലായി തിരഞ്ഞെടുക്കുക. ആണും പെണ്ണും കൂട്ടായാണ് കൂടു പണിയുക. ചുള്ളിക്കമ്പുകൾ ചേർത്ത് വെച്ച് കൊക്കും നെഞ്ചും ഒക്കെ ഉപയോഗിച്ച് തള്ളിയും കൊത്തിവലിച്ചും ആണ് കൂടിന്റെ ആകൃതി ഉണ്ടാക്കുന്നത്. രണ്ട് മുതൽ ആറു മുട്ടവരെ ഇടും. പ്രത്യേകത എന്താണെന്നു വെച്ചാൽ ആദ്യ മുട്ട ഇട്ട ഉടൻ തന്നെ അടയിരിക്കലും ആരംഭിക്കും. ആണും പെണ്ണും അടയിരിക്കും. അതിനാൽ എല്ലാ മുട്ടകളും ഒന്നിച്ചല്ല വിരിയുക. കുഞ്ഞുങ്ങൾ തമ്മിൽ ദിവസങ്ങളുടെ പ്രായ വ്യത്യാസം ഉണ്ടാകും. ഒരു കൂട്ടിൽ മുട്ടയും കുഞ്ഞും ഒന്നിച്ച് കാണുന്നത് ഇതിനാലാണ്. കാക്കകളും പാമ്പുകളും ഇവരുടെ ശത്രുക്കളാണ്. നമ്മുടെ കാലവർഷത്തിൽ കാറ്റിൽ പലപ്പോഴും പല കൂടുകളും തകർന്ന് വീഴുകയും നിരവധി കുഞ്ഞുങ്ങൾ ചത്തുപോകുന്നതും ഒക്കെ സാധാരണവും സ്വാഭാവികവും ആയിരുന്നു. സപ്തംബർ ഒക്ടോബർ മാസത്തോടെ കുഞ്ഞുങ്ങൾ പറക്കാറായാൽ ഇവർ കൂടുപേക്ഷിക്കും. അടുത്ത സീസണിലും അതേ മരം തന്നെ കൂടുകെട്ടാൻ തലമുറകളായി ഇവർ തിരഞ്ഞെടുക്കും.
വെള്ളത്തിൽ മുങ്ങി മീനുകളേയും
നീർക്കോലികളെയും ഒക്കെ ഭക്ഷിച്ച് ജീവിക്കുന്നവയാണ് നീർകാക്കകൾ. ചേരകോഴികൾ
എന്നു വിളിക്കുന്ന പക്ഷികളോടൊപ്പം
ഇവയേയും കാണാം. ഇവയുടെ സ്വഭാവത്തിനും നല്ല സാദൃശ്യമുണ്ട്. തിളക്കമുള്ള
കറുപ്പ് നിറമുള്ള ഇവയുടെ കഴുത്ത് കുറിയതും തടിച്ചതുമാണ് എന്ന വ്യത്യാസം
ഉണ്ട്. ഇണചേരൽ കാലത്ത് ഇവയുടേ താടിയിലുള്ള വെള്ളനിറം അപ്രത്യക്ഷമാകും.
പുറത്തുള്ള കറുപ്പിൽ ഒരു പച്ചരാശി കാണാം. ചെറുകൂട്ടങ്ങളായാണ്
ഇരതേടുക. ഈ പക്ഷിയുടെ കാലുകൾ ഗുദത്തിനടുത്തായി സ്ഥിതിചെയ്യുന്നതിനാൽ ഇവയുടെ
നിൽപ്പ് എപ്പഴും നിവർന്നാണ് . ജലാശയങ്ങളുടെ സമീപത്തായാണ് പൊതുവെ കൂടു
കെട്ടുക. ജൂൺ ജൂലൈ മാസങ്ങൾ മുതലാണ് ഇവരുടെ ഇണചേരൽ കാലം ആരംഭിക്കുക.
അതിനോടനുബന്ധിച്ച് കൂട് പണി ആരംഭിക്കും.