വാതക ഗ്രഹങ്ങൾക്ക് തീർച്ചയായും ഗുരുത്വാകർഷണ ബലം ഉണ്ട്. വസ്തുക്കളുടെ മാസ്സ് ആണ് ഗുരുത്വാകർഷണബലത്തിന് കാരണമാകുന്നത്. സൗരയൂഥത്തിലെ വാതക ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയൊക്കെ ഭൂമിയേക്കാൾ പലമടങ്ങ് മാസ്സ് ഉള്ളവയാണ്. അതിനാൽ തന്നെ അവയ്ക്കെല്ലാം അടുത്തുള്ള വസ്തുക്കളിൽ ശക്തമായ ഗുരുത്വാകർഷണ ബലം ചെലുത്താൻ കഴിയും. കൂടാതെ, സൂര്യൻ ഒരു വാതക ഗോളമാണെന്നും അതിൻ്റെ ഗുരുത്വാകർഷണ ബലമാണ് ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങളെ ഇവിടെ പിടിച്ചു നിർത്തുന്നതെന്നും ഓർക്കുക.
വാതകഗ്രഹങ്ങളുടെ അകക്കാമ്പിലേക്ക് നമുക്ക് തടസ്സമില്ലാതെ പോകാൻ കഴിയുമോ എന്ന ചോദ്യത്തിന് കഴിയില്ല എന്നതാണ് ഉത്തരം. വാതക ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവയിലൊക്കെ അന്തരീക്ഷമർദ്ദം ഭൂമിയിലെ മർദ്ദത്തിനേക്കാൾ പലമടങ്ങ് അധികമാണ്. അതു താങ്ങാൻ ബഹിരാകാശ പേടകങ്ങൾക്ക് ആവില്ല. കൂടാതെ, നമുക്ക് ഇറങ്ങാൻ പറ്റിയ വ്യക്തമായ ഒരു ഖര ഉപരിതലം ഈ ഗ്രഹങ്ങൾക്കില്ല എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അതിനാൽ വാതക ഗ്രഹങ്ങളുടെ അകക്കാമ്പിലേക്ക് പോകാനുള്ള പദ്ധതി തത്കാലം മാറ്റി വെക്കാം.
ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം