കാർത്തികവിളക്കിന്റെ സമയത്ത് ആകാശത്തെന്താണ് സംഭവിക്കുന്നത്?

കാര്‍ത്തികവിളക്ക് തെക്കന്‍ കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം പ്രധാനപ്പെട്ട ആചാരമാണ്. ഈ സമയത്തിന് ജ്യോതിശാസ്ത്രപരമായ വല്ല സവിശേഷതയുണ്ടോ?ഉത്തരം

കാര്‍ത്തിക വിളക്ക്  വൃശ്ചികമാസത്തിലെ കാര്‍ത്തിക നാളിലാണ്. ആ ദിവസം കാര്‍ത്തികയിലോ അതിൽ നിന്ന് ഒന്നോ രണ്ടോ ദിവസം മാറിയോ ആയിരിക്കും പൗര്‍ണ്ണമി അഥവാ വെളുത്തവാവ്. അതായത് ആരും ശ്രദ്ധിച്ചുപോകുന്ന  സുന്ദരമായ കാര്‍ത്തികയെന്ന നക്ഷത്രക്കൂട്ടത്തിനടുത്ത് (cluster of stars) തന്നെ ആകാശത്തെ മനോഹരദശ്യമായ പൗര്‍ണ്ണമി വരുന്ന നാള്‍. അതും കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ്  ഏറ്റവും വ്യക്തയോടെയും ശോഭയോടെയും ആകാശദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങുന്ന വൃശ്ചിക മാസത്തില്‍. അത് ആഘോഷമായി പരിണമിച്ചതില്‍ അത്ഭുതമില്ല. അല്ലാതെ ആകാശത്ത് സവിശേഷമായി ഒന്നും ആ സമയം സംഭവിക്കുന്നില്ല.


നക്ഷത്രവും മാസവും കണക്കാക്കുന്ന രീതി വ്യക്തമായാല്‍ വൃശ്ചികത്തിലെ കാര്‍ത്തികയും പൗര്‍ണ്ണമിയും അടുത്തു വരുന്നതിന്റെ യുക്തി മനസ്സിലാകും. ക്രാന്തി വൃത്തത്തെ (ആകാശത്തിലെ നക്ഷത്രമണ്ഡലത്തിലൂടെയുള്ള  സൂര്യന്റെ സാങ്കല്പിക സഞ്ചാരപാത) മുപ്പത് ഡിഗ്രി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ച് അതിലുള്ള പ്രധാന നക്ഷത്രങ്ങളു‍ടെ പേരില്‍ അറിയപ്പെടുന്നതാണ്   മേടം മുതല്‍ മീനം വരെയുള്ള സൗരരാശികള്‍. ഇതില്‍ ഓരോ രാശിയും മറികടക്കാന്‍ സൂര്യന് ഏകദേശം 30-31 ദിവസമാണ് വേണ്ടത്. ഏത് രാശിയിലൂടെയാണോ സൂര്യന്‍ ആകാശത്ത് സഞ്ചരിക്കുന്നതായി കാണപ്പെടുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് മലയാളമാസം കണക്കാക്കുന്നത്. അതായത് സൂര്യന്‍ ഇപ്പോള്‍ വൃശ്ചികം രാശിയിലാണ്.


ഇതേപോലെ ക്രാന്തി വൃത്തത്തെ 13 ഡിഗ്രി 20 മിനിട്ട് വീതമുള്ള 27 തുല്യഭാഗമായി മാറ്റി അതിലെ ചില നക്ഷത്രങ്ങളുടെ പേരില്‍ അറിയപ്പെടുന്നതാണ് അശ്വതി മുതല്‍ രേവതി വരെയുള്ള ചാന്ദ്ര രാശികള്‍. ഈ 27 രാശികളിലൂടെയും ചന്ദ്രന് ആകാശ സഞ്ചാരം നടത്താന്‍ വേണ്ട സമയം 27.3 ദിവസം. അതിനാല്‍ ഏകദേശം ഒരുദിവസമാണ് ചന്ദ്രന്‍ ഓരോ ചാന്ദ്ര രാശിയിലും ഉണ്ടാവുക. ഓരോ  ദിവസത്തിന്റെയും നക്ഷത്രം അഥവാ നാള്‍ കണക്കാക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് .അതായത് കാര്‍ത്തിക നക്ഷത്രത്തില്‍ ചന്ദ്രന്‍ കാര്‍ത്തിക ചന്ദ്രരാശിയിലൂടെ കടന്നു പോകുകയാണ്. അത് എല്ലാ മാസത്തിലും ഒരു തവണയെങ്കിലും സംഭവിക്കും.

വൃശ്ചികമാസത്തില്‍ പൗര്‍ണ്ണമി ഏത് ദിവസമാണ് ഉണ്ടാവുക? ആ ദിവസം ചന്ദ്രൻ വൃശ്ചികം രാശിക്ക് നേരെ എതിരുള്ള ഇടവം രാശിയിലായിരിക്കും. കാര്‍ത്തികയും മുക്കാല്‍ഭാഗം, രോഹിണി, മകീര്യത്തിന്റെ പകുതി ഇത്രയും ചേര്‍ന്നതാണ്  ഇടവം സൗരരാശി.  അവിടെ പൗര്‍ണ്ണമി വരുന്നതിനാലാണ്  ആ മാസത്തെ പഴയ ശകവര്‍ഷകലണ്ടറില്‍ കാര്‍ത്തിക മാസമായി കണക്കാക്കുന്നത്.   (1957 ല്‍ ശകവര്‍ഷകലണ്ടര്‍ സമരാത്രദിനമായ മാര്‍ച്ച് 21 ന് തുടങ്ങും വിധം പുനക്രമീകരിച്ചപ്പോള്‍ ഇത്  മാര്‍ഗ്ഗശീര്‍ഷമാസമായി!). എന്നാല്‍ തമിഴിലെ കാര്‍ത്തിക മാസം പഴയ രീതിയില്‍ തന്നെയാണ്. അതായത്  കാര്‍ത്തിക മാസത്തിലെ (തമിഴ് കലണ്ടര്‍,പഴയ ശകവര്‍ഷം) കാര്‍ത്തിക നക്ഷത്രമാണ് കാര്‍ത്തിക വിളക്ക്.


ഇനി കാർത്തിക നക്ഷത്രക്കൂട്ടത്തെക്കുറിച്ച്

ഇത് കാർത്തികക്കൂട്ടം( Pleiades). ഒരു നക്ഷത്രമല്ല, ആയിരത്തോളം നക്ഷത്രങ്ങൾ ഒരുമിച്ചുണ്ട് ഇതിൽ. വെറും കണ്ണുകൊണ്ടു നോക്കിയാൽ ആറോ ഏഴോ നക്ഷത്രത്തെ കാണാം. ഒരു ബൈനോക്കുലർ ഉപയോഗിച്ചാൽ ഇരുപതോ മുപ്പതോ എണ്ണത്തെ എണ്ണം. നല്ലൊരു ടെലിസ്കോപ്പിലൂടെ നോക്കിയാൽ ചിലപ്പോൾ അൻപതോ ഒരു പക്ഷേ നൂറോ എണ്ണത്തെ കാണാൻ കഴിയും. പക്ഷേ ഒരു സമയത്ത് കുറച്ചെണ്ണമേ കാണൂ. ടെലിസ്കോപ്പ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചെറുതായി മാറ്റിനോക്കേണ്ടിവരും എല്ലാത്തിനെയും കാണാം. ഈ നക്ഷത്രക്കൂട്ടത്തിന് നല്ല ഭംഗിയാണ്. അതിനൊരു കാരണമുണ്ട്. തിളക്കമുള്ളവ മിക്കവയും നീല നക്ഷത്രങ്ങളാണ്. അധികം പ്രായമില്ലാത്ത, അല്പം ചൂടു കൂടിയ നക്ഷത്രങ്ങൾ. പ്രായത്തിന്റെ കാര്യത്തിൽ ഇതിലെ മിക്ക നക്ഷത്രങ്ങളും ശിശുക്കളാണ്. എട്ടു മുതൽ പതിനഞ്ചു കോടി വർഷങ്ങൾ മാത്രം പ്രായമുള്ള ഊർജ്ജസ്വലരായ ചുറുചുറുക്കുള്ള നക്ഷത്രങ്ങൾ.കാർത്തികക്കൂട്ടം നമ്മളോട് താരതമ്യേന അടുത്താണ് എന്നു പറയാം. താരതമ്യേനയേ ഉള്ളൂ. അടുത്ത് എന്നു പറഞ്ഞാൽ ഏതാണ്ട് 350 മുതൽ 450 പ്രകാശവർഷം വരെ അകലെ!

(ചിത്രം പലോമർ നിരീക്ഷണാലയത്തിലെ ടെലിസ്കോപ്പ് ഉപയോഗിച്ച് എടുത്തതാണ്. കടപ്പാട്: NASA, ESA, AURA/Caltech, Palomar Observatory)


കുറിപ്പ് : ടി.കെ.ദേവരാജൻ, നവനീത് കൃഷ്ണൻ എന്നിവർ ചേർന്നെഴുതിയത്


അധികവായനയ്ക്ക്

  1. ജ്യോതിഷവും ജ്യോതിശാസ്ത്രവും- പ്രൊഫ .കെ.പാപ്പൂട്ടി
  2. ആകാശനിരീക്ഷണത്തിന് ഒരാമുഖം- ലൂക്ക ജ്യോതിശാസ്ത്രപഠനസഹായി


Share This Article
Print Friendly and PDF