പല്ലിക്ക് എങ്ങനെയാണ് സ്വന്തം വാൽ മുറിക്കാൻ കഴിയുന്നത് ?

ഇന്ന് പഠിച്ചുകൊണ്ടിരുന്നപ്പോൾ വാല് മുറിഞ്ഞ ഒരു പല്ലി വന്നു. യുറീക്കേ, എനിക്കൊരു സംശയം, പല്ലിക്ക് എങ്ങനെയാണ് സ്വയം വാല് മുറിക്കാൻ കഴിയുക? - ശിവദേവ് ചോദിക്കുന്നു...

lizardtail

Category: ജീവശാസ്ത്രം

Subject: Science

16-Feb-2024

1235

ഉത്തരം


പ്രൊഫ.ബാലകൃഷ്ണൻ ചെറൂപ്പ ഉത്തരം എഴുതുന്നു...

പല്ലികൾക്ക് ധാരാളം ശത്രുക്കളുണ്ട്, വീട്ടിനകത്തെ പല്ലികളുടെ സ്ഥിരം ശത്രു പൂച്ചകളാണ്. വീട്ടിന് പുറത്തുള്ളവയ്ക്ക് ശത്രുക്കളായി പക്ഷികൾ, പാമ്പുകൾ തുടങ്ങി ഇരപിടിയന്മാരുടെ ഒരു നിര തന്നെയുണ്ട്. ഇവയുടെ പിടിയിൽ പെട്ടാൽ വാൽ മുറിച്ചിട്ട് രക്ഷപ്പെടുക പല്ലികളുടെ സ്ഥിരം അടവാണ്. മുറിഞ്ഞ വാൽ കുറേനേരം പിടഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെ വാലോ മറ്റ് ശരീരഭാഗങ്ങളോ മുറിച്ച് മാറ്റുന്നതിനെ സ്വവിച്ഛേദനം (Autotomy) എന്നാണ് പറയുക. നഷ്ടപ്പെട്ട വാലിന് അല്ലെങ്കിൽ അവയവത്തിന് പകരം മറ്റൊന്ന് വളർന്നുവരും. ഇങ്ങനെ പുതിയ അവയവം വളർന്നുവരുന്ന പ്രക്രിയയാണ് റീജനറേഷൻ (Regeneration) എന്നറിയപ്പെടുന്നത്.
ഇരപിടിയന്മാർ പിടികൂടുമ്പോഴാണ് മിക്ക പല്ലികളും വാൽ മുറിച്ചിടുക. എന്നാൽ അപൂർവമായി ഉറുമ്പുകളും മറ്റും കൂട്ടമായി ആക്രമിച്ചാലും ഈ സ്വഭാവം കാണിക്കും. പല്ലിവർഗത്തിലെ എല്ലാവർക്കും ഈ കഴിവില്ല. (ഉദാ. ഉടുമ്പ്). അതേസമയം പല്ലിവർഗത്തി ൽ പെടാത്ത ചില ജീവികളും വാൽ മുറിക്കൽ സ്വഭാവം പ്രകടിപ്പിക്കാറുണ്ട് (ഉദാ. സല മാൻഡർ എന്ന ഉഭയജീവി).


വാൽമുറിക്കൽ എങ്ങനെയാണെന്ന് അറിയാൻ വാലിന്റെ ഘടനയെപ്പറ്റി അല്‌പം അറിയണം. നട്ടെല്ലിന്റെ തുടർച്ചയാണ് വാലിലെ അസ്ഥികൾ. കശേരുക്കൾ (Vertebrae) എന്നറിയപ്പെടുന്ന അനേകം അസ്ഥികളാണ് നട്ടെല്ലിലും വാലിലും ഉള്ളത്. പേശികൾ ഉറപ്പിക്കുന്നത് കശേരുക്കളിലാണ്. പല്ലിയുടെ വാലിന്റെ തുടക്കഭാഗത്തുള്ള ചില കശേരുക്കളിൽ വിലങ്ങനെയായി ഉറപ്പുകുറഞ്ഞ ഒരു ഭാഗമുണ്ട്. ഇതിനെ പൊട്ടുന്ന ഭാഗം (Fracture plane) എന്നാണ് പറയുക. അസ്ഥിയെക്കാൾ ബലം കുറഞ്ഞ തരുണാസ്ഥിയാണ് ഇതിലുള്ളത്. കശേരുക്കളെ പൊതിഞ്ഞു നില്ക്കുന്ന പേശികൾ പെട്ടെന്ന് വേർപെടുന്ന രീതിയിലാണ് ഈ ഭാഗത്തുണ്ടാവുക. ഈ പേശികൾ പെട്ടെന്ന് സങ്കോചിക്കുമ്പോൾ വാൽ മുറിഞ്ഞ് വേർപെടും. അതോടൊപ്പം രക്തധമനികൾ മുറുകി രക്ത പ്രവാഹം വേഗം നിലയ്ക്കുകയും ചെയ്യും.

ചിലതരം പല്ലികളിലും സലമാൻഡറുകളിലും വാൽ മുറിയുന്നത് അടുത്തടുത്തുള്ള കശേരുക്കളുടെ ഇടയിലൂടെയാണ്. ഇവിടേയും പേശികളുടെ ഘടന മുറിയാൻ സഹായിക്കുന്നു. വാൽ മുറിഞ്ഞാൽ എന്താണ് സംഭവിക്കുക? ഏതാനും ആഴ്‌ചകൾക്കുള്ളിൽ പുതിയ വാൽ വളർന്നുവരും. മിക്കപ്പോഴും പഴയ വാലിനെക്കാൾ അല്‌പം ചെറുതായിരിക്കും ഇത്. മാത്രമല്ല പുതിയ വാൽ ഭാഗത്ത് കശേരുക്കൾ പുതുതായി ഉണ്ടാവാറില്ല. പകരം തരുണാസ്ഥിയുടെ ഒരു നീണ്ട ദണ്ഡാണ് കാണുക. ചില പല്ലികളിൽ പുതിയ വാലിന്റെ അറ്റം ഗദപോലെ ഉരുണ്ടിരിക്കും. ഏതായാലും പുതിയ വാലിനും വീണ്ടും മുറിയാനുള്ള ശേഷിയുണ്ടാകും. അരണ ഒരുതരം പല്ലിയാണെന്ന് അറിയാമല്ലോ. വാൽ മുറിയലും പുതുതായുണ്ടാവലും അരണയിലുമുണ്ട്. അരണയുടെ കുഞ്ഞുങ്ങളുടെ വാൽ കടുംചുവപ്പ് അല്ലെങ്കിൽ കടുംനീല നിറത്തിലായിരിക്കും. ഇരപിടിയന്മാർ വാലിൽ പ്രത്യേകം നോട്ടമിടാൻ ഇത് കാരണമാവുന്നുണ്ട് എന്നാണ് നിഗമനം.

നട്ടെല്ലില്ലാത്ത ജീവികൾക്ക് പലതിനും സ്വവിച്ഛേദനത്തിനുള്ള കഴിവുണ്ട്. എട്ടുകാലികളും ഞണ്ടുകളും മറ്റും കാലുകളാണ് ഇങ്ങനെ ശത്രുക്കൾക്ക് സമർപ്പിക്കുക. പുതിയ കാലുകൾ തൽസ്ഥാനത്ത് വളർന്നുവരും. നീരാളികളുടെ കൈകൾ, നക്ഷത്ര മത്സ്യങ്ങളുടെ കൈകൾ എന്നിവയും നഷ്ടപ്പെടുന്നതും വീണ്ടും വളരുന്നതും സാധാരണമാണ്. വാൽ മുറിക്കുന്നതുകൊണ്ട് ദോഷങ്ങൾ നിരവധിയാണ്. വളരുന്ന ഘട്ടത്തിലാണെങ്കിൽ വളർച്ച അല്പകാലത്തേക്ക് മുരടിച്ചുപോകും. നന്നായൊന്ന് ഓടാനോ ഉയരത്തിലേക്ക് കയറാനോ പ്രയാസമുണ്ടാവും. ഇണയെ ആകർഷിക്കാനുള്ള കഴിവ് കുറയുന്നതിനാൽ പ്രജനന ശേഷി കുറയും. പക്ഷേ ജീവൻ നിലനിർത്താൻ പറ്റുക ഇതിനെക്കാളൊക്കെ വലിയ കാര്യമാണല്ലോ.




2024 മാർച്ച് ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്


അധിക വായനയ്ക്ക് : ഉത്തരംതാങ്ങുന്ന പല്ലികൾ - വിജയകുമാർ ബ്ലാത്തൂർ

Share This Article
Print Friendly and PDF