കാർബണും ഹൈഡ്രജനും ചേർന്ന ജൈവവസ്തുക്കൾ മിക്കതും അതിവേഗം ജീർണിക്കുന്നവയാണ്. എന്നാൽ പ്ലാസ്റ്റിക്കുകൾ ദീർഘകാലം അതേപടി മണ്ണിൽ അവശേഷിക്കുന്നത് എന്തുകൊണ്ട്

കാർബണും ഹൈഡ്രജനും ചേർന്ന ജൈവവസ്തു ക്കൾ മിക്കതും അതിവേഗം ജീർണിക്കുന്നവയാണ്. എന്നാൽ കാർബണും ഹൈഡ്രജനും അടങ്ങിയ പ്ലാസ്റ്റിക്കുകൾ ദീർഘകാലം അതേപടി മണ്ണിൽ അവശേഷിക്കുന്നത് എന്തുകൊണ്ട്

plastic

Category: രസതന്ത്രം

Subject: Science

16-Mar-2023

263

ഉത്തരം

ഡോ. സംഗീത ചേനം പുല്ലി ശാസ്ത്രകേരളം 2023 മാർച്ച് ലക്കത്തിൽ നൽകിയ ഉത്തരം

പോളിമറുകൾ എന്നറിയപ്പെടുന്ന ഭീമൻ തന്മാത്രകളുടെ കുടുംബത്തിലെ ഒരു വിഭാഗമാണ് പ്ലാസ്റ്റിക്കുകൾ. മോണോമറുകൾ എന്നറിയപ്പെടുന്ന ചെറിയ തന്മാത്രകൾ തമ്മിൽ കൂടിച്ചേർന്നുണ്ടാകുന്ന വളരെ വലിയ തന്മാത്രകളാണ് പോളിമറുകൾ. നൂറുകണക്കിനോ ആയിരക്കണക്കിനോ മോണോമർ യൂണിറ്റുകൾ ഓരോ പോളിമർ ചങ്ങലയിലും ഉണ്ടാകും. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ തന്മാത്രാ ഭാരവും ഇവയ്ക്കുണ്ടാവും.

പ്രകൃതിയിലെ വിഘടന പ്രക്രിയകൾ നടക്കുന്നത് പ്രധാനമായും സൂക്ഷ്മജീവികളുടെ സഹായത്താലാണ്. സൂര്യപ്രകാശം, ഓക്സിജൻ എന്നിവയുടെ സാന്നിധ്യത്തിലുള്ള രാസവിഘടനവും നടക്കും. സൂക്ഷ്മ ജീവികൾ ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ ഉപയോഗിച്ച് വസ്തുക്കളിലെ രാസബന്ധനങ്ങൾ മുറിച്ച് ആഗിരണം ചെയ്യപ്പെടാവുന്ന ലഘു തന്മാത്രകളും കാർബൺ ഡയോക്സൈഡുമായി മാറ്റുന്ന പ്രക്രിയയാണ് ജൈവവിഘടനം. പോളിമറുകളിൽ മിക്കവയുടേയും ചങ്ങല നിർമിക്കപ്പെട്ടിരിക്കുന്നത് കാർബൺ കാർബൺ ഏക ബന്ധനങ്ങൾ കൊണ്ടാണ് (ഉദാ:- പോളിത്തീൻ, പോളി പ്രോപ്പിലിൻ, പോളിസ്റ്റൈറീൻ). വളരെ സ്ഥിരതയുള്ളതും രാസപ്രവർത്തനവിമുഖതയുള്ളതുമാണ് ഇവ. കാരണം ഈ ബന്ധനങ്ങൾ മുറിക്കാൻ വലിയ അളവിൽ ഊർജം ആവശ്യമുണ്ട്. മാത്രമല്ല ഇത്തരം ബന്ധനങ്ങൾ പ്രകൃതിയിലെ സ്വാഭാവിക വസ്തുക്കളിൽ കാണപ്പെടുന്ന തരമല്ല.

ജൈവവസ്തുക്കളിൽ കാർബണിന് പുറമേ ഓക്സിജൻ, നൈട്രജൻ തുടങ്ങിയവയുടെ സാന്നിദ്ധ്യവുമുണ്ടാകും. കാർബണും ഇവയുമായുള്ള ബന്ധനം മുറിക്കാൻ താരതമ്യേന എളുപ്പമാണ്. മറ്റൊരു ഘടകം തന്മാത്രാ വലിപ്പം തന്നെയാണ്. ഉയർന്ന തന്മാത്രാഭാരമുള്ള വലിയ ചങ്ങലകളെ വിഘടിപ്പിക്കുക പ്രയാസമാണ്. അതുകൊ ണ്ട് സൂക്ഷ്മജീവികൾക്കും താപം, സൂര്യ പ്രകാശം, രാസവസ്തുക്കൾ തുടങ്ങിയവ യ്ക്കുമൊന്നും എളുപ്പത്തിൽ പ്ലാസ്റ്റിക്കുകളെ വിഘടിപ്പിക്കാൻ കഴിയില്ല. ഈ രാസപ്രവർത്തന വിമുഖത ഒരർഥത്തിൽ ഗുണവുമാണ്. വെയിൽ, കീടങ്ങൾ, ചിതൽ, ഈർപ്പം, തുരുമ്പ് ഒന്നും പോളി മറുകളെ ബാധിക്കില്ല. പരമ്പരാഗത വസ്തു ക്കളേക്കാൾ പ്ലാസ്റ്റിക് വസ്തുക്കളുടെ ആയുസ്സ് കൂടാൻ അത് കാരണമാണ്. അതേസമയം ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ വിഘടിക്കാ തെ ദീർഘകാലം മണ്ണിൽ അവശേഷിക്കാ നും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതേ സ്വഭാവം കാരണമാകുന്നു. 


അധിക വായനയ്ക്ക്

  1. വമ്പന്‍ തന്മാത്രകള്‍ക്ക് നൂറ് തികയുമ്പോള്‍
  2. പ്ലാസ്റ്റിക്കുകളെ ജനപ്രിയമാക്കിയ കാള്‍ സീഗ്ലര്‍
  3. മൈക്രോ പ്ലാസ്റ്റിക്കുകൾ – പ്ലാസ്റ്റിക്ക് മലിനീകരണത്തിന്റെ പുതിയ മുഖം
  4. പ്ലാസ്റ്റിക് യുഗം – നമ്മളെന്നാണിനി വലിച്ചെറിയാതിരിക്കുക ?


Share This Article
Print Friendly and PDF