ഇഷ്ടമില്ലാത്ത ക്ലാസ്സിൽ ഇരിക്കുമ്പോൾ  ഉറക്കം വരുന്നത് എന്തുകൊണ്ട് ?

ഉത്തരം

ഉറക്കത്തിന്റെ ജീവശാസ്ത്രത്തെ പറ്റി ഇനിയും ഒരുപാട് അറിയാനുണ്ടെന്ന് ആദ്യമായി സൂചിപ്പിക്കട്ടെ. താഴെ പറയുന്നത് ഇന്നത്തെ അറിവിന്റെ ഒരു ഏകദേശ രൂപമാണ്.

ഉറക്കം നിയന്ത്രിക്കുന്നത് രണ്ടു ഘടകങ്ങളാണ്.

  1. തലച്ചോറിനുള്ളിൽ പ്രവർത്തിക്കുന്ന ജൈവഘടികാരത്തിന്റെ പ്രവർത്തനഫലമായി 24 മണിക്കൂറുനുള്ളിൽ വരുന്ന ചാക്രികമാറ്റങ്ങൾ. പൊതുവേ വെളിച്ചം കൂടുതലുള്ള സമയത്ത് ഉണർന്നിരിക്കാനുള്ള സിഗ്നലുകൾ കൂടുതലായിരിക്കും. ഇരുട്ടിക്കഴിഞ്ഞാൽ ഈ സിഗ്നലുകൾ കുറയുന്നതിനനുസരിച്ച് ഉറക്കം വരികയും ചെയ്യുമെന്നതാണ് ഈ വ്യവസ്ഥ.
  2. മേൽപ്പറഞ്ഞതിനു പുറമേ തലച്ചോറിന്റെ ചില ഭാഗങ്ങളുടെ (ഉദാഹരണത്തിന് nucleus accumbens എന്ന ഭാഗം) പ്രവർത്തനം ഉണർന്നിരിക്കുന്നതിനു ആവശ്യമാണ്. സന്തോഷം കിട്ടുന്നതും, താൽപ്പര്യം, കൗതുകം എന്നിവ ജനിപ്പിക്കുന്നതുമൊക്കെയായ സിഗ്നലുകൾ ഈ ഭാഗങ്ങളിലെ കോശങ്ങൾക്ക് ഉത്തേജനം നൽകുകയും അതിന്റെ ഭാഗമായി ഡോപ്പമീൻ എന്ന നാഡീ രാസപദാർത്ഥം (Neurotransimitter) ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. സന്തോഷവും കൗതുകവും മാത്രമല്ല, ഞെട്ടലും ഭീതിയുമൊക്കെ ഇത്തരത്തിൽ പ്രവർത്തിക്കും. മറിച്ച് ക്ലാസുമുറിയിൽ ബോറായ ലെക്‌ചർ കേട്ടു കൊണ്ടിരിക്കുകയാണെന്നു സങ്കൽപ്പിക്കൂ. ഒന്നൊന്നായി ചെറിയ അക്ഷരങ്ങൾ കുത്തി നിറച്ച പവർപോയിൻ്റ് സ്ലൈഡുകൾ മാറി മറഞ്ഞു കൊണ്ടിരിക്കുന്നു. സാറിന്റെ ശബ്ദം ഏറ്റക്കുറച്ചിലുകളില്ലാതെ അത് വായിച്ചു കൊണ്ടിരിക്കുന്നു. തലച്ചോറിന് ഒരു തരത്തിലുമുള്ള ഉത്തേജനവും ലഭിക്കുന്നില്ല. Nucleus accumbens പോലുള്ള  ഭാഗങ്ങൾക്ക് ഉത്തേജന സിഗ്നലുകൾ കിട്ടുന്നില്ല. അവ ഡോപ്പമീൻ ഉൽപ്പാദന സിഗ്നലുകളും നൽകുന്നില്ല. ക്രമേണ തലച്ചോർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു.

അപ്പൊ ശരി. സ്വീറ്റ് ഡ്രീംസ്!Share This Article
Print Friendly and PDF