യാത്ര ചെയ്യുമ്പോൾ ചില ആളുകൾക്ക് ഛർദ്ദി വരുന്നത് എന്തു കൊണ്ടാണ് ?

ബസ്സിലും കാറിലും യാത്ര ചെയ്യുമ്പോൾ ചില ആളുകൾക്ക് ഛർദ്ദി വരുന്നത് എന്തു കൊണ്ടാണ് ? മുടി, കടലാസ് എന്നിവ മണപ്പിച്ചാൽ മതി എന്നൊക്കെ പറയാറുണ്ട്. ഇതിൽ എത്രമാത്രം ശാസ്ത്രീയതയുണ്ട് ? - ഡോ.കെ.പി.അരവിന്ദന്‍ എഴുതുന്നു

ഉത്തരം

കാറിലും ബസ്സിലും യാത്ര ചെയ്യുമ്പോൾ ചിലർക്ക് മനംപുരട്ടലും ഛർദ്ദിയും തലവേദനയുമൊക്കെ ഉണ്ടാവാറില്ലേ? മറ്റ് ചിലർക്ക് അമ്യൂസ്മെന്റ് പാർക്കുകളിലെ വലിയ ചക്രങ്ങളിൽ സവാരി ചെയ്യുമ്പോഴോ, വിമാനത്തിലോ, കപ്പലിലോ യാത്ര ചെയ്യുമ്പോഴോ ആയിരിക്കും ഇത് വരിക.


പൊതുവെ ശരീരത്തിന്റെ ഇളക്കവുമായി ബന്ധപ്പെട്ട ഒരു സ്ഥിതിവിശേഷമാണിത്. ചലനവുമായി ബന്ധപ്പെട്ട രോഗമായതിനാൽ മോഷൻ സിക്ക്നെസ്സ് (Motion Sickness) എന്നാണ് ഇതിനെ പറയുക. ഇത് എന്തുകൊണ്ട് വരുന്നു എന്ന് മനസ്സിലാവണമെങ്കിൽ നമ്മുടെ ശരീരം അതിന്റെ സന്തുലനം (Balance) നിലനിർത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണം. ഇരുകാലികളായ നമ്മൾ നില്ക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴുമൊക്കെ ബാലൻസ് നിലനിർത്തുന്നത് നമ്മുടെ തലച്ചോ റ് നിരന്തരം പണിയെടുത്തി ട്ടാണ്. ഓരോ നിമിഷവും ശരീരത്തിന്റെയും ശരീരഭാഗ ങ്ങളുടെയും സ്ഥാനം എവിടെയെന്ന് തലച്ചോറിന് സന്ദേശങ്ങൾ ലഭിക്കുന്നു. അതനുസരിച്ച് ബാലൻസ് നിലനിർത്താൻ വേണ്ട നിർദേശങ്ങൾ ശരീരത്തിലെ പേശികൾക്ക് തലച്ചോറിൽ നിന്ന് ലഭിക്കുന്നു.



ലഭിക്കുന്ന സന്ദേശങ്ങ ളിൽ പ്രധാനപ്പെട്ട ഒന്ന് ചെവിയുടെ ഉള്ളിലുള്ള വെസ്‌റ്റിബുലാർ സിസ്‌റ്റം (Vestibular System) എന്ന സംവിധാനത്തിലൂടെയാണ്. മൂന്ന് അർദ്ധവൃത്താകൃതി യിലുള്ള ട്യൂബുകളും രണ്ട് ചെറിയ സഞ്ചികളും അടങ്ങുന്നതാണിത്. ഇവയ്ക്കുള്ളിൽ ഒരു ദ്രാവകമുണ്ട്. നിവർന്നു നിൽക്കുക, കുനിഞ്ഞ് നിൽക്കുക, മലർന്നു കിടക്കുക, ചെരിഞ്ഞു കിടക്കുക തുടങ്ങി ശരീരത്തിന്റെ സ്ഥാനമാറ്റങ്ങൾക്കനുസരിച്ച് ഈ ദ്രാവകത്തിന്റെ ചലനം സന്ദേശങ്ങളായി തലച്ചോറിന്റെ സെറിബെല്ലം എന്ന ഭാഗത്ത് എത്തുന്നു. തലച്ചോറിന് വളരെ പ്രധാനപ്പെട്ട മറ്റ് സന്ദേശങ്ങൾ ലഭിക്കുന്നത് കണ്ണിന്റെ കാഴ്‌ചയിൽ നിന്നാണ്. ശരീരത്തിന്റെ സ്ഥാനവും ചലനവും മറ്റ് വസ്തുക്കളുമായുള്ള ആപേക്ഷിക സ്ഥാനവുമെല്ലാം നാം കാഴ്ചയിലൂടെ മനസ്സിലാക്കുന്നു. ശരീരത്തിന്റെ പേശികളിൽ നിന്നും സന്ധികളിൽ നിന്നും തലച്ചോറിലെത്തുന്ന സന്ദേശങ്ങളും നമ്മുടെ ശരീരത്തിന്റെ ഭാഗങ്ങളുടെ ആപേക്ഷിക സ്ഥാനം മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്.

സാധാരണ സ്ഥിതിയിൽ വിവിധ മാർഗങ്ങളിൽ തലച്ചോറിന് കിട്ടുന്ന സന്ദേശങ്ങൾ തമ്മിൽ നല്ല പൊരുത്തമുണ്ടായിരിക്കും. അതനുസരിച്ച് തലച്ചോറിൽ നിന്ന് പേശികൾക്കും തലച്ചോറിന്റെ തന്നെ മറ്റു ഭഗങ്ങൾക്കും നിർദേശങ്ങൾ നല്‌കുകയും ചെയ്യും. പക്ഷേ, നേരത്തെ പറഞ്ഞതുപോലെ കാറിലും കപ്പലിലും ബസ്സിലും ഉത്സവപ്പറമ്പിലെ വലിയ കറങ്ങുന്ന ചക്രത്തിലുമൊക്കെ സഞ്ചരിക്കുന്നവരുടെ കാര്യത്തിൽ ഒരു പ്രശ്നമുണ്ട്. കണ്ണു പറയുന്നതും വെസ്‌റ്റിബുലാർ സിസ്‌റ്റം പറയുന്നതുംപേശികൾ പറയുന്നതുമൊക്കെ വെവ്വേറെ കാര്യങ്ങളായിരിക്കും. കാറിൽ അതിവേഗം പായുമ്പോൾ കണ്ണുകൾ ആ ചലനം രേഖപ്പെടുത്തി തലച്ചോറിനെ അറിയിക്കു ന്നു. അതേസമയം പേശികളിൽ നിന്നും ചെവിക്കക ത്തെ വെസ്‌റ്റിബുലാർ സിസ്‌റ്റവും നാം ചലിക്കാ തെ ഇരിക്കുകയാണെന്ന് അറിയിക്കുന്നു. പാർക്കിലെ വൻ ചക്രത്തിൽ കറങ്ങി ക്കൊണ്ടിരിക്കുമ്പോൾ വീണ്ടും കണ്ണുകൾ ചലനം രേഖപ്പെടുത്തുന്നു. വെസ്‌റ്റി ബുലാർ സിസ്‌റ്റത്തിൽ ദ്രാവകം മാറി മാറിക്കൊണ്ടി രിക്കുമ്പോൾ അവിടെ നിന്നും വ്യത്യസ്‌തമായൊരു ചലനസന്ദേശമാണ് ലഭി ക്കുക. പക്ഷേ പേശികളും സന്ധികളും നാം അനങ്ങാ തെ ഇരിക്കുകയാണെന്ന സന്ദേശമായിരിക്കും നല്‌കുക. ഇങ്ങനെ പരസ്പരവിരുദ്ധമായ വ്യത്യ സ്ത സന്ദേശങ്ങൾ ലഭിക്കു ന്ന തലച്ചോറ് എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാവുന്നു. ഈ കൺഫ്യൂഷനാണ് തലവേദന, മനംപുരട്ടൽ. ഛർദി എന്നിവയൊക്കെയായി പ്രകടമാവുന്നത്.

മോഷൻ സിക്ക്നെസ് വരാതിരിക്കാൻ ആന്റിഹിസ്‌റ്റാമിനുകൾ (Anti Hystamins) പോലുള്ള മരുന്നുകൾ ഏറെക്കുറെ ഫലപ്രദമാണ്. കൂടാതെ ദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുക, നാരങ്ങ മണപ്പിക്കുക മുതലായവ ചിലർക്ക് ഫലം കണ്ടേക്കാം. മുടി, കടലാസ് എന്നിവ മണപ്പിച്ചാൽ ഇതു വരില്ല എന്നതിന് തെളിവൊന്നുമില്ല.




2024 ഫെബ്രുവരി  ലക്കം യുറീക്കയില്‍ പ്രസിദ്ധീകരിച്ചത്

Share This Article
Print Friendly and PDF