നമ്മുടെ ശരീരം ചൂടിനെയും തണുപ്പിനെയും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നയിടത്താണ് ആ രഹസ്യം ഇരിക്കുന്നത്. നമ്മുടെ ശരീരത്തിനുള്ളിലെ ദഹനവും പേശീചലനവും പോലെയുള്ള പ്രവർത്തനങ്ങൾ ധാരാളം ചൂട് ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിനെ പുറത്തേക്കുകളയാൻ ശരീരം പ്രധാനമായും ആശ്രയിക്കുന്നത് നമ്മുടെ വിയർപ്പിനെയാണ്. തൊലിയിലെ സൂക്ഷ്മ സുഷിരങ്ങൾ വഴി പുറത്തു വരുന്ന വിയർപ്പ് ശരീരത്തിൽനിന്നും താപം ആഗിരണം ചെയ്ത് ബാഷ്പീകരിക്കുന്നു. ഇതുവഴി ശരീരത്തിന്റെ താപനില കുറയുന്നു. എന്നാൽ എത്രത്തോളം വിയർപ്പ് ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തിലേക്ക് പോകുന്നു എന്നത് അന്തരീക്ഷത്തിന്റെ ആപേക്ഷികആർദ്രത അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ആർദ്രത കുറഞ്ഞ സാഹചര്യങ്ങളിൽ ബാഷ്പീകരണതോത് അതിനനുസരിച്ച് കൂടുതലായിരിക്കും. എന്നാൽ ചൂടുപിടിച്ച മണ്ണിലേക്ക് ചെറിയ മഴ പെയ്താൽ ആ ജലം മുഴുവൻ ഉടൻ ബാഷ്പീകരിക്കപ്പെടുകയേ ഉള്ളൂ. ഇതുകാരണം അന്തരീക്ഷത്തിന്റെ ആർദ്രത കൂടും, അതിനനുസരിച്ച് ശരീരത്തിൽനിന്നുള്ള വിയർപ്പിന്റെ ബാഷ്പീകരണവും കുറയും. ഫലമോ? ശരീരത്തിൽനിന്ന് ചൂടിന് പുറത്തേക്ക് പോകാനാകാതെ വരും. അങ്ങനെ നമുക്ക് കൂടുതൽ ചൂട് അനുഭവപ്പെടും.
ഡോ. ഡി.എസ്. വൈശാഖന്‍ തമ്പി എഴുതിയ കാലാവസ്ഥ -ഭൌതികവും ഭൌമികവും എന്ന പുസ്തകത്തില്‍ നിന്നും