താറാവുകൾ വെള്ളത്തിലൂടെ വരിവരിയായാണ് നീന്തുന്നത്. എന്താണിതിന് കാരണം ?

അനു ബി കരിങ്ങന്നൂർ (റിസർച്ച് ഫെലോ, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ) ഉത്തരമെഴുതുന്നു

why-do-ducks-swimming-in-a-line

Category: ഫിസിക്സ്

Subject: Science

04-Jan-2023

851

ഉത്തരം

പുഴകളിലും കുളങ്ങളിലും താറാവ് നീന്തുന്നത് കണ്ടിട്ടുണ്ടോ? അമ്മത്താറാവും കുഞ്ഞുങ്ങളും വെള്ളത്തിലൂടെ പോകുന്നത് കാണാൻ നല്ല രസമാണ്. എപ്പോഴും അമ്മയുടെ പിന്നാലെ നിരനിരയായിട്ടാണ് കുഞ്ഞുങ്ങൾ നീന്തുന്നത്.

എന്തുകൊണ്ടാണ് എപ്പോഴും ഈ കുഞ്ഞി താറാവുകൾ അമ്മയ്ക്ക് പിന്നാലെ വരിയായി പോകുന്നത്? താറാവമ്മ വഴക്കു പറയുമെന്നു പേടിച്ചിട്ടാണോ? മുന്നിൽ സഞ്ചരിച്ചാൽ ശത്രുക്കൾ ആക്രമി ക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ പിന്നാലെ പോകുന്നതാണ് അവരുടെ സുരക്ഷയ്ക്ക് നല്ലത്. എന്നാൽ ഇതുമാത്രമാണോ ഈ നിരനിരയായ സഞ്ചാരത്തിനു കാരണം?



നിങ്ങൾക്ക് നീന്താൻ അറിയാമോ? നീന്തുമ്പോൾ വെള്ളം നമുക്ക് മേൽ ഒരു ബലം പ്രയോഗിക്കും. അതുകൊണ്ട് തന്നെ വെള്ളത്തിനെ തള്ളി മുന്നോട്ടു സഞ്ചരിക്കാൻ വലിയ ഊർജം ആവശ്യമാണ്. ഒറ്റയ്ക്ക് നീന്തുന്നതു പോലെയല്ല കൂട്ടുകാരോടൊപ്പം നീന്തുന്നത്.

ഒരു കല്ല് വെള്ളത്തിലേക്ക് ഇട്ടാൽ എന്ത് സംഭവിക്കും? അതിനു ചുറ്റും ഓളങ്ങൾ ഉണ്ടാവില്ലേ? ഇതാണ് വെള്ളത്തിലെ തരംഗങ്ങൾ. നാം വെള്ളത്തിലൂടെ നീന്തുമ്പോഴും ഇതുപോലെ ഓളങ്ങൾ ഉണ്ടാകും.
കൂട്ടുകാരോടൊപ്പം നീന്തുമ്പോൾ അവിടെ ഇത്തരത്തിൽ പല പല ഓളങ്ങൾ ഉണ്ടാകും. നമുക്ക് ചിലപ്പോൾ വളരെ എളുപ്പത്തിലും ചിലപ്പോൾ വളരെ പ്രയാസപ്പെട്ടും നീന്തേണ്ടി വരും. നാം എവിടെയാണ് നീന്തുന്നത് എന്ന തിന് അനുസരിച്ചാണ് നാം ചെലവഴിക്കേണ്ട ഊർജം തീരുമാനിക്കപ്പെടുന്നത്.



ഒരു താറാവ് മുന്നിൽ നീന്തുന്നു. അതിനു ചുറ്റും ഓളങ്ങൾ ഉണ്ടാകും. ഓളങ്ങൾക്ക് ഉയർന്നതും താഴ്ന്നതുമായ ഭാഗങ്ങൾ ഉണ്ടല്ലോ! ആ ഓളത്തിന്റെ താഴ്ന്ന ഭാഗത്ത് വരുന്ന കുഞ്ഞിത്താറാവുകൾക്ക് മുന്നോട്ടു പോകാൻ അധികം ഊർജം ആവശ്യമില്ല.

ഏറ്റവും മുന്നിലെ താറാവ് ഉണ്ടാക്കുന്ന ഓളത്തിന്റെ ഉയരം, പിന്നിലേക്ക് പോകും തോറും കുറഞ്ഞു കുറഞ്ഞുവരും എങ്കിലും പിന്നാലെ പോകുന്ന ഓരോ കുഞ്ഞുങ്ങളും ഉണ്ടാക്കുന്ന ഓളങ്ങളിൽ നിന്നുമുള്ള ഊർജം ഉപയോഗിച്ച് അതിനു പിന്നാലെ വരുന്നവർക്കും വലിയ പണി യെടുക്കാതെ സുഖമായി മുന്നോട്ടു പോകാം. അമ്മയുടെ പിന്നാലെ ഒരേ വരിയിൽ മാത്രമല്ല, തുല്യ അകലത്തിലുമാണ് താറാവ് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത്. മുന്നിൽ പോകുന്ന താറാവിന്റെ അതേ വേഗതയിൽ തന്നെ പിന്നിലുള്ള വരും സഞ്ചരിക്കണം. എങ്കിൽ മാത്രമേ ഇത സുഗമമായി പോകാൻ കഴിയൂ.

മുന്നിൽ പോകുന്ന താറാവിന്റെ പിന്നാലെ നിരയായി പോകുന്നതിനു വളരെ കുറച്ച് ഊർജം ചെലവാക്കിയാൽ മതി. അതുകൊണ്ടാണ് വെള്ളത്തിലൂടെ താറാവും കുഞ്ഞുങ്ങളും മിക്കപ്പോഴും വരിവരിയായി പോകുന്നത്.

താറാവിന്റെ ഈ എളുപ്പവഴി മനസ്സിലാക്കുന്നതുകൊണ്ട് നമുക്കും ചില ഉപയോഗങ്ങളുണ്ട്. വെള്ളത്തിലൂടെയുള്ള ചരക്കു ഗതാഗതം സുഗമമാക്കാൻ ഈ വഴി ഉപയോഗിക്കാം. ഇനി പുഴയിലോ കുളത്തിലോ താറാവിനെ കാണുമ്പോൾ ഇക്കാര്യം ഓർക്കില്ലേ?

2023 ജനുവരി ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്


Share This Article
Print Friendly and PDF