മഴക്കാലമായാൽ നമ്മുടെ വീട്ടിലും തൊടിയിലുമെല്ലാം ധാരാളമായി ഒച്ചുകളെ കാണാം. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒച്ചുകളും ആഫ്രിക്കയിൽ നിന്ന് എത്തിച്ചേർന്ന ആഫ്രിക്കൻ ഒച്ചുകളും ഇവയുടെ കൂട്ടത്തിലുണ്ട്. ചില ഒച്ചുകൾ പായലുകളും മറ്റും ഭക്ഷിക്കുമ്പോൾ, മറ്റു ചിലവ തൊടിയിൽ വളർത്തുന്ന ചെടികളും പച്ചക്കറികളുമെല്ലാം ആഹാരമാക്കുന്നു. ആഫ്രിക്കൻ ഒച്ചുകൾ കൃഷിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനാൽ ഇവയെ നശിപ്പിക്കേണ്ടത് വളരെ അത്യാവശ്യമായി തീർന്നിരിക്കുന്നു. സാധാരണയായി ഒച്ചുകളെ കൊല്ലുന്നത് ഉപ്പ് ഉപയോഗിച്ചാണ്. ഉപ്പ് എളുപ്പത്തിൽ കിട്ടുന്ന ഒരു വസ്തുവാണെന്നുള്ള സൗകര്യം കൂടിയുണ്ട്. ചിത്രത്തിൽ ആഫ്രിക്കൻ ഒച്ച്
ഇനി എങ്ങനെയാണ് ഉപ്പ് ഒച്ചുകളെ കൊല്ലുന്നതെന്ന് നോക്കാം. ഒച്ചുകളുടെ തൊലി എപ്പോഴും നനവുള്ളതാണ്. അവയുടെ ശരീരത്തിൽ കാണപ്പെടുന്ന വഴുവഴുപ്പുള്ള സ്രവമാണ് ഇതിന് കാരണം. ഒച്ചിന്റെ തൊലി വെള്ളത്തിനും വെള്ളം പോലുള്ള മറ്റു ദ്രാവകങ്ങൾക്കും വളരെ എളുപ്പത്തിൽ കടന്നുപോകാൻ കഴിയുന്ന തരത്തിലുള്ളതാണ്. ഇത്തരം പാടകളെ (membrane) പ്രവേശ്യത (permeability) കൂടുതൽ ഉള്ള സ്തരങ്ങൾ എന്നാണ് പറയുന്നത്.
അവയുടെ തൊലിക്ക് ഈ സ്വഭാവം ഉള്ളതു കൊണ്ടാണ് ശരീരത്തിൽ നിന്ന് സ്രവം പുറത്തേക്കും പുറത്തുനിന്ന് വെള്ളം അകത്തേക്കും പ്രവേശിക്കുന്നത്.
അപ്പോൾ ഇവയുടെ ശരീരത്തിൽ ഉപ്പ് ഇടുമ്പോഴോ ഉപ്പുലായനി ഒഴിക്കുമ്പോഴോ എന്താണ് സംഭവിക്കുന്നത്? ഒച്ചിന്റെ ശരീരസ്രവം അതിന്റെ തൊലിയിലൂടെ ഉപ്പിന്റെ അളവ് അല്ലെങ്കിൽ സാന്ദ്രത കൂടുതലുള്ള ഭാഗത്തേക്ക് പ്രവേശിക്കുന്നു.
ഒന്നുകൂടി വിശദമാക്കാം. ഇവിടെ രണ്ട് ദ്രാ വകങ്ങളാണുള്ളത്. ഒന്ന് ഒച്ചിൻ്റെ ശരീരസ്രവം. അതിൽ വെള്ളത്തിൻ്റെ അളവ് കൂടുതലാണ്. പുറത്തുള്ളത് ഉപ്പുലായനി. ഈ ലായനിയിൽ വെള്ളത്തിന്റെ അളവ് കുറവും ഉപ്പിന്റെ സാന്ദ്രത (density) കൂടുതലും ആയിരിക്കും.
ഇനിയാണ് ശ്രദ്ധിച്ച് കേൾക്കേണ്ടത്. സാന്ദ്രതയിൽ വ്യത്യാസമുള്ള രണ്ട് ദ്രാവകങ്ങളെ ഒച്ചിന്റെ തൊലിപോലുള്ള സ്‌തരംകൊണ്ട് വേ ർതിരിച്ചാൽ എന്തുണ്ടാവുമെന്നറിയണ്ടേ? ലയിച്ചു ചേർന്നിട്ടുള്ള വസ്‌തുവിൻ്റെ (ഇവിടെ ഉപ്പ്) സാന്ദ്രത കൂടുതലുള്ള ഭാഗത്തേക്ക് ഈ സ്തരത്തിലൂടെ വെള്ളം പ്രവേശിക്കുന്നു. അകത്തും പുറത്തും വെള്ളത്തിൻ്റെ സാന്ദ്രത തുല്യമാകുന്ന തുവരെ ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും. ഈ പ്രതിഭാസത്തിന് പറയുന്ന പേരാണ് ഓസ്മോസിസ് (Osmosis). ഇതേക്കുറിച്ചെല്ലാം കൂട്ടുകാർക്ക് മുതിർന്ന ക്ലാസുകളിൽ പഠിക്കാം.
ഇവിടെ ഒച്ചിന്റെ ശരീരത്തിൽ നിന്ന് വെള്ളം പുറത്തേക്ക് പോയി ഒച്ചിന് നിർജലീകരണം സംഭവിക്കുകയും ഒച്ച് ചത്തുപോകുകയും ചെയ്യുന്നു. ഉപ്പ് ലായനിക്കു പകരം ഉപ്പാണ് ഇടുന്നതെങ്കിൽ ഉപ്പ് ഒച്ചിൻ്റെ ശരീര സ്രവവുമായി ചേർന്ന് സാന്ദ്രതയിൽ വ്യത്യാസമുള്ള ഒരു ലായനിയായി പ്രവർത്തിക്കുന്നു. ഒച്ചുകളെ കൊല്ലുന്നതിന് ഏറ്റവും ഫലപ്രദ മായതും, എളുപ്പമുള്ളതുമായ രീതിയാണ് ഉപ്പിട്ടു നശിപ്പിക്കൽ. എങ്കിലും, അളവിൽ കൂടുതൽ ഉപ്പ് ഉപയോഗിക്കുന്നത് മണ്ണിൻ്റെ ഉപ്പുരസം കൂട്ടുന്നതിനും ഇത് പിന്നീട് വിളകൾക്ക് ദോഷം ചെയ്യുന്നതിനും കാരണമാകുന്നു. അതിനാൽ ഒച്ചുകളെ നശിപ്പിക്കുന്നതിന് പ്രകൃതിദത്തമായ മറ്റു മാർഗ ങ്ങൾ അവലംബിക്കുകയാവും നല്ലത്.
ഉത്തരം നൽകിയത് : ഡോ. കീർത്തി വിജയൻ, ഗവേഷക, സി.പി.ബി.എം.ബി. കേരള കാർഷിക സർവകലാശാല, മണ്ണുത്തി - 2023 ഡിസംബർ ലക്കം യുറീക്കയിൽ പ്രസിദ്ധീകരിച്ചത്
അനുബന്ധ ലൂക്ക ലേഖനങ്ങൾ