നമ്മൾ ഇപ്പോൾ പൊതുവായി പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ഒരു വർഷമെന്നത് ശരാശരി 365.2425 ദിവസമാണ്. പക്ഷേ കൃത്യമായ കണക്ക് പരിശോധിച്ചാൽ ഭൂമി സൂര്യനെ ഒരു പ്രാവശ്യം ചുറ്റി വരാനെടുക്കുന്ന സമയം 365.2422 ദിവസമാണ്. വർഷങ്ങൾ കഴിഞ്ഞാലും ഇതിൽ കാര്യമായ വ്യത്യാസം ഒന്നും വരുന്നില്ല. എന്നാൽ വളരെ സൂക്ഷ്മതയോടെ പരിശോധിച്ചാൽ വളരെ ചെറിയ മാറ്റം വരുന്നുണ്ട്. യഥാർത്ഥത്തിൽ ഭൂമി സൂര്യനിൽ നിന്ന് സാവധാനം അകന്നുകൊണ്ടിരിക്കുകയാണ്. ഒരു വർഷം കൊണ്ട് 15 സെന്റിമീറ്റർ എന്ന നിരക്കിൽ ശരാശരി അകലം കൂടി വരികയാണ്. സൂര്യനും ഭൂമിയും തമ്മിലുള്ള അകലമായ 15 കോടികിലോമീറ്ററുമായി താരതമ്യം ചെയ്യുമ്പോൾ 15 സെന്റിമീറ്റർ എന്നത് നിസ്സാരമാണല്ലോ? വേലിയേറ്റത്തിനും വേലിയിറക്കത്തിനും കാരണമായ ബലങ്ങളാണ് ഇതിനു കാരണമാകുന്നത്. എന്നാൽ ഇതു കൂടി കണക്കിലെടുത്താൽ ഭൂമി സൂര്യനെ ചുറ്റിവരാൻ എടുക്കുന്നസമയവും വളരെ സാവധാനം കൂടുന്നുണ്ട് എന്നു കരുതേണ്ടി വരും.