പഞ്ചഗവ്യവും ഗോമൂത്രവും ശുചിത്വത്തിനും രോഗ പ്രതിരോധത്തിനും ഏറ്റവും മികച്ചതാണോ ?

പഞ്ചഗവ്യവും ഗോമൂത്രവും വിശേഷപ്പെട്ട വസ്‌തുക്കളാണെന്ന പൊതുധാരണ നിലവിലുണ്ട്. അതിന്റെ ശാസ്ത്രവശങ്ങൾ പറയാമോ ?

ഉത്തരം

പഞ്ചഗവ്യവും ഗോമൂത്രവും വിശേഷപ്പെട്ട വസ്‌തുക്കളാണെന്ന പൊതുധാരണ നിലവിലുണ്ട്. അതിന്റെ ശാസ്ത്രവശങ്ങൾ പരിശോധിക്കാം.


പഞ്ചഗവ്യം അഞ്ചു ഘടകങ്ങളുടെ മിശ്രിതമാണ്. പശുവിന്റെ ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ കണക്കനുസരിച്ചു ചേർത്തു പുളിപ്പിച്ചെടുക്കുമ്പോൾ പഞ്ചഗവ്യമായി. രോഗത്തെ അകറ്റാനും ശുചിത്വം പാലിക്കാനും ഇത് വളരെ വിശിഷ്ടമാണെന്ന് പലരും വിശ്വസിക്കുന്നു. ചാണകം, ഗോമൂത്രം എന്നിവ കൃഷിക്ക് ഉപയോഗിക്കാമെങ്കിലും മനുഷ്യർ കഴിക്കുന്നതോ, ദേഹത്ത് പുരട്ടുന്നതോ നന്നല്ല. അത് രോഗനിവാരണത്തിനൊന്നും ഫലപ്രദ മല്ലെന്നുമാത്രമല്ല, ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകുമെന്നും പല പഠനങ്ങളും തെളിയിക്കുന്നു.


ചാണകത്തിൽ അടങ്ങിയ സൂക്ഷ്മ‌മാണുക്കൾ അനവധിയാണ്. പലതും മനുഷ്യരിൽ ഗൗരവതരമായ രോഗങ്ങൾ വരുത്താൻ കെല്‌പുള്ളതും. ക്യാമ്പയ്ലോബാക്‌ടർ, സാൽമൊണെല്ല, ലിസ്‌സ്റ്റെറിയ, യേർസിനിയ, ക്രിപ്റ്റോസ്പോറിഡ, ഇ കോളി, (Campylobacter, Salmonella, Listeria, Yersinia, Cryptosporidia, and E. coli) എന്നിവ സമൃദ്ധമായി കാണപ്പെടുന്നു. പലതരം വിരകളുടെ മുട്ടകളും ചില ഏകകോശ ജീവികളും അതിലുണ്ടാകും. കോവിഡ് കാലത്തെ മുക്കോർമയ്ക്കോസിസ് (mucormycosis) മാരകമായ ഫംഗസ് രോഗം ചാണകത്തിൽ നിന്ന് വന്നതാകാനാണ് സാധ്യത.


ഗോമൂത്രം തെല്ലും ഭക്ഷ്യയോഗ്യമല്ല. നമ്മുടെ പ്രമുഖ മൃഗഗവേഷണ സ്ഥാപനമായ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റ‌ിറ്റ്യൂട്ട് (IVRI) നടത്തിയ പഠനം ചാണകത്തിൽ ചുരുങ്ങിയത് 14 വ്യത്യസ്ത ബാക്‌ടീരിയകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാൻ കഴിവുള്ളവയാണ്. ഗോമൂത്രവും മനുഷ്യമൂത്രവും രാസഘടനയിൽ സാമ്യമുള്ളവയാണ്. രണ്ടിലും വ്യത്യസ്‌ത അളവുകളിൽ ജലം, യൂറിയ, സോഡിയം ക്ലോറൈഡ്, അമോണിയ, യൂറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയുടെ സാന്നിധ്യം ഗോമൂത്രത്തെ രോഗകാരിയാക്കുന്നു. ഒരു മൃഗത്തിന്റെ വിസർജ്യവസ്‌തുവിനെ ഭക്ഷ്യവസ്തുവായി കാണാനാവില്ല. വളരെ പണ്ട്, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് ഹിരണ്യഗർഭം എന്ന പേരിൽ ഒരു ചടങ്ങ് നടന്നിരുന്നു.


അടപ്പുള്ള വലിയ സ്വർണപ്പാത്രത്തിൽ പഞ്ചഗവ്യം നിറയ്ക്കുന്നു; അനേകം പുരോഹിതന്മാരുടെ നേതൃത്വത്തിൽ പൂജാദികർമങ്ങൾ നടക്കുമ്പോൾ, രാജാവ് പഞ്ചഗവ്യ പേടകത്തിനുള്ളിൽ കയറി മിശ്രിതത്തിൽ മുങ്ങിക്കിടക്കും. കുറച്ചുസമയത്തിനു ശേഷം മന്ത്രോച്ചാരണത്തോടൊപ്പം രാജാവ് പുറത്തു വരും. ഇത് അധികാരസിദ്ധി, ജാതീയമായ സംശുദ്ധി എന്നിവ കൈവരിക്കാൻ സഹായിക്കുമെന്ന് കരുതിയിരുന്നു. ഇതേക്കുറിച്ചുള്ള വിവരങ്ങൾ സാമുവേൽ മെറ്റീർ രചിച്ച 'ഞാൻ കണ്ട കേരളം' എന്നപുസ്‌തകത്തിൽ വായിക്കാം. ഭാഗ്യവശാൽ രാജഭരണം ഇല്ലാതായ തോടെ ഇത്തരം ചടങ്ങുകൾ ഇല്ലാതായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, പഞ്ചഗവ്യത്തിനോ ഗോമൂത്രത്തിനോ എന്തെങ്കിലും ആരോഗ്യദായകമായ മേന്മയുള്ളതിന് യാതൊരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല.


എഴുതിയത് : ഡോ.യു. നന്ദകുമാർ


അനുബന്ധവായനയ്ക്ക്

  1. ഗോമൂത്രം കുടിക്കാമോ?
  2. ഗോമൂത്രത്തിൽ സ്വർണ്ണമുണ്ടോ ?
  3. നാടൻപശുവിന്റെ പാലിന് പ്രത്യേകഗുണമുണ്ടോ ?


Share This Article
Print Friendly and PDF