വ്യാഴത്തിലെ ചുവന്ന പൊട്ട് ചുഴലിക്കാറ്റല്ലേ ?അത് എപ്പോളും കാണുമോ? എന്തുകൊണ്ട്?


ഉത്തരം

ഭൂമിയിൽ കാണുന്ന ചുഴലിക്കാറ്റുകൾ ഏതാനും ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോൾ ഇല്ലാതാകും. എന്നാൽ വ്യാഴത്തിലെ ചുവന്നപൊട്ടായി കാണപ്പെടുന്ന ചുഴലിക്കാറ്റ് നൂറ്റാണ്ടുകളായി നിലനില്കുകയാണ്. ആദ്യം ഇതിനെ റിപ്പോർട്ടു ചെയ്തത് പതിനേഴാം നൂറ്റാണ്ടിലാണ്. പക്ഷേ വിശദമായ പഠനങ്ങൾ നടന്നത് 19-ാം നൂറ്റാണ്ടിലാണ്. 17-ാം നൂറ്റാണ്ടിൽ കണ്ടതിനെത്തന്നെയാണോ പിന്നീട് കണ്ടത് എന്നതിനെപ്പറ്റി സംശയമുണ്ട്. എന്നാൽ 1831 മുതൽ കണ്ടിട്ടുള്ള ചുവന്ന പൊട്ട് ഒന്നു തന്നെ എന്നതിൽ സംശയമില്ല. 1879 മുതൽ വലിയ ഇടവേളകളില്ലാതെ ഇതു നിരീക്ഷിക്കപ്പെടുന്നുണ്ട്. വ്യാഴം സ്വയം തിരിഞ്ഞുകൊണ്ടിരിക്കുന്നതിതാൽ അതു ഇടയ്ക്കിടെ നമ്മുടെ കാഴ്ചയിൽ നിന്നു മറയും. എന്നാൽ ഏതാനും മണിക്കൂറുകൾക്കകം അതു കാഴ്ചയിൽ തിരികെ വരും.


ബഹിരാകാശ പേടകമായ ജൂനോ അതിനെ വിശദമായി നിരീക്ഷിച്ചിട്ടുണ്ട്. എങ്കിലും ചില കാര്യങ്ങൾ ഇനിയും മനസ്സിലാക്കാനുണ്ട്. അതിന്റെ പിന്നിലുള്ള ഊർജസ്രോതസ്സുകളെക്കുറിച്ച് ഇനിയും കാര്യങ്ങൾ  മനസ്സിലാക്കാനുണ്ട്. അതിന്റെ ചുവപ്പു നിറം വിശദീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. അതു ചുരുങ്ങുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് എത്ര കാലം നില നില്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.  


Share This Article
Print Friendly and PDF