ശരീരത്തിൽ പുരട്ടുന്ന ആയുർവേദ എണ്ണകളും കുഴമ്പും ശരീര കലകളെ എങ്ങനെ ബാധിക്കുന്നു?


ഉത്തരം

ശരീരത്തിൽ പുരട്ടുന്ന എണ്ണകൾ, കുഴമ്പുകൾ, ഓയിൻ്റ്മെൻ്റുകൾ എന്നിവയൊക്കെ കൂടുതലും പുരട്ടുന്ന ഭാഗത്ത് പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ഇവയിലൊക്കെയടങ്ങിയ ഔഷധങ്ങൾക്ക് തൊലിയുടെ ഉപരിതലത്തിൽ നിന്ന് ഉള്ളിലോട്ട് എത്രത്തോളം സഞ്ചരിക്കാമെന്നും അതും കഴിഞ്ഞ് രക്തത്തിലേക്ക് പ്രവേശിക്കാമോ എന്നുമൊക്കെ അനുസരിച്ചാണ് അവയുടെ ഫലങ്ങൾ. ഇതാകട്ടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഔഷധത്തിന്റെ സാന്ദ്രത, അത് ലയിപ്പിച്ച ദ്രാവകം, തൊലിയുടെ ഏതു ഭാഗത്താണ് പുരട്ടുന്നത്, തൊലിയുടെ സ്ഥിതി എന്നിങ്ങനെ.

ഭൂരിഭാഗം പുരട്ടുന്ന മരുന്നുകളും ശരീരത്തിൽ പ്രാദേശികമായി മാത്രം ഫലം ചെയ്യുന്നവയാണ്. തൊലിക്കടിയിലുള്ള നാഡികളിലും മറ്റു കലകളിലുമായി അവയുടെ പ്രവർത്തനം ഒതുങ്ങുന്നു. അപൂർവ്വം ചില മരുന്നുകൾക്ക് രക്തത്തിലൂടെ വ്യാപിച്ച് ശരീരത്തിന്റെ വിദൂര ഭാഗങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്നു.

മേൽപ്പറഞ്ഞതെല്ലാം ആയുർവേദത്തിനും ആധുനിക വൈദ്യത്തിനും ബാധകമാണ്. ഇവയിലെ മരുന്നുകൾ ഓരോന്നും എത്രമാത്രം ഫലപ്രദമെന്നത് അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ ആശ്രയിച്ചിരിക്കും.

Share This Article
Print Friendly and PDF