ഭൂമിയ്ക്ക് വളരെ കാലം മുമ്പ് രണ്ട് ചന്ദ്രന്മാർ ഉണ്ടായിരുന്നു എന്നത് ശരിയാണൊ?

ഭൂമിയോട് പണ്ടൊരു ഗോളം വന്നിടിക്കുകയും അപ്പോൾ തെറിച്ച് പോയ ഭാഗങ്ങൾ ചേർന്ന് ചന്ദ്രനും മറ്റൊരു ചെറുഗോളവുമുണ്ടായെന്നും പിന്നീടാചെറുഗോളം ചന്ദ്രന്റെ മറുഭാഗത്ത് വന്നിടിച്ച് ചന്ദ്രന്റെ തന്നെ ഭാഗമായെന്നും വായിക്കാൻ ഇടയായി. ഇതു സത്യമാണോ?


ഉത്തരം

അങ്ങനെയൊരു സിദ്ധാന്തം 2011 മുതൽ നിലവിലുണ്ട്. ചന്ദ്രനോടൊപ്പം ഉണ്ടായ ഒരു ചെറുഗോളം കുറേക്കാലം ചന്ദ്രനോടൊപ്പം ഭൂമിയെ ചുറ്റിയെന്നും പിന്നീട് പതുക്കെ ചന്ദ്രന്റെ പിൻ ഭാഗത്ത് (നാം കാണാത്ത പകുതിയിൽ) പതിച്ചുവെന്നുമായിരുന്നു സിദ്ധാന്തം. ചന്ദ്രന്റെ നാം കാണുന്ന ഭാഗത്ത് മറു ഭാഗത്തെ അപേക്ഷിച്ച് കുഴികളും കുന്നുകളും വളരെക്കുറവാണെന്നതാണ് ഈ സിദ്ധാന്തം ഉണ്ടാക്കാൻ അവരെ പ്രേരിപ്പിച്ചത്. 

എന്നാൽ ഈ സിദ്ധാന്തത്തെ സാധൂകരിക്കാൻ വേണ്ട തെളിവുകൾ ഇതു വരെ ലഭി ച്ചിട്ടില്ല. മാത്രവുമല്ല ചന്ദ്രന്റെ നമ്മൾ കാണാത്ത  ഭാഗത്ത് നടത്തിയിട്ടുള്ള രാസ പരിശോധനകൾ അവിടെ ഒരു ചെറു ചന്ദ്രൻ പതിച്ചതിന്റെ സൂചനയൊന്നും കാണിച്ചുതരുന്നുമില്ല. അതിനാൽ  ഈ സിദ്ധാന്തത്തെ ഇന്ന് പല ശാസ്ത്രജ്ഞരും ഗൗരവത്തിലെടുക്കുന്നില്ല.

Share This Article
Print Friendly and PDF