ഇതിനു വ്യക്തമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല. ഒരു സിംഗുലാരിറ്റി ഉണ്ടായിരുന്നുവെന്നോ എന്ന കാര്യത്തിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ വരെ ഉയർന്ന തോതിലുള്ള മർദ്ദവും താപനിലയും ഉണ്ടായിരുന്നു. അത്തരം അവസ്ഥയിലുള്ള ദ്രവ്യത്തെ വ്യക്തമായി പഠിക്കാൻ വേണ്ട പരീക്ഷണ നിരീക്ഷണോപാധികളോ സിദ്ധാന്തങ്ങളോ നിലവിലില്ല. പ്രപഞ്ച പഠനത്തെ ഏറെ സഹായിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തത്തെ (general relativity) ക്വാണ്ടം ഭൗതികവുമായി (quantum mechanics) ഇണക്കിച്ചേർത്ത് ഒരു ഏകീകൃത സിദ്ധാന്തം ഉണ്ടാക്കാനുള്ള വിവിധ ശ്രമങ്ങൾ നടന്നുവരുന്നു. അവ വിജയകരമാകുന്നതു വരെ ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി നമ്മൾ കാത്തിരിക്കേണ്ടിവരും.