ജ്യോതിഷമോ ജ്യോത്സ്യമോ ആരെങ്കിലും പഠിക്കുന്നതിനെ നമുക്ക് എതിർക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ പലരും പഠിക്കുന്നുമുണ്ട്. ജ്യോതിഷം മാത്രമല്ല കൂടോത്രവും മന്ത്രതന്ത്രങ്ങളും 'കൈരേഖാ ശാസ്ത്രവും' ബാധഒഴിക്കലും ഒക്കെ ആളുകൾ പഠിക്കുന്നില്ലെ? ആരെങ്കിലും എതിർക്കുന്നുണ്ടോ? അതിന്റെയൊക്കെ യുക്തിഹീനതയെക്കുറിച്ച് നാം പറയും; ബോധവൽക്കരണം നടത്തും; അത്രമാത്രം. ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിൽ മറ്റുള്ളവർക്ക് (പ്രത്യക്ഷമായി) ഉപദ്രവം ചെയ്യാത്ത എന്തും പഠിക്കാൻ ഒരാൾക്കവകാശമുണ്ട്. എന്നാൽ സർവ്വകലാശാലകൾ അത്തരം കോഴ്സുകൾ തുടങ്ങുന്നതു നീതീകരിക്കാനാവില്ല. സർവ്വകലാശാലകൾക്ക് ഗ്രാന്റ് നൽകുന്നത് നാം കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ്. അത് അന്ധവിശാസങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ല. നമ്മുടെ ഭരണഘടന ഒരു പൗരന്റെ കടമയായി പറയുന്ന "ശാസ്ത്രബോധവും മാനവികതയും അന്വേഷണ ബുദ്ധിയും വളർത്തുക" എന്ന ലക്ഷ്യത്തിന്റെ (ഇന്ത്യൻ ഭരണഘടന പാർട്ട് IV A അനുഛേദം 51A(h) ലംഘനവുമാണത്. ഗവണ്മെന്റു തന്നെ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നർത്ഥം.
പ്രാചീന ജ്യോതിഷത്തിൽ ശാസ്ത്രമുണ്ടല്ലോ, അതു പഠിപ്പിക്കുന്നതിൽ കുഴപ്പമില്ലല്ലോ എന്നു വാദിക്കുന്നവരുണ്ട്. അതു മാത്രമായി ഒരു ഡിഗ്രി കോഴ്സ് എങ്ങനെ നടത്തും? ഒരു BA/BSc കോഴ്സിനു 3 വർഷം പഠിപ്പിക്കാനുള്ള വക വേണ്ടേ? പ്രാചീന ജ്യോതിശ്ശാസ്ത്രം അതിൽ ഒരു പേപ്പറാക്കാം, അത്ര തന്നെ. ബാക്കി എന്തു ചെയ്യും? ഒന്നുകിൽ ആധുനിക ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണം. അല്ലെങ്കിൽ ഫലഭാഗം പഠിപ്പിക്കണം. ഇതിൽ ആദ്യത്തെ കാര്യം ഇപ്പോൾത്തന്നെ പല സർവ്വകലാശാലകളും ചെയ്യുന്നുണ്ട്. കോഴ്സിന്റെ പേർ ജ്യോതിശ്ശാസ്ത്രം എന്നാണെന്നു മാത്രം. യുജിസിക്ക് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല എന്ന് അതിന്റെ ചെയർമാൻ പത്രപ്രതിനിധികൾക്കു നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. മനുഷ്യരെല്ലാം തങ്ങളുടെ ഭാവിയെക്കുറിച്ച് ഉൽകണ്ഠയുള്ളവരാണെന്നും ഭാവിയെക്കുറിച്ചറിയാൻ സഹായിക്കുന്ന ഏക ശാസ്ത്രം ജ്യോതിഷമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതായത് ജ്യോത്സ്യം പഠിപ്പിക്കുകയാണ് ഉദ്ദേശ്യം ഇത് എതിർക്കപ്പെടേണ്ട കാര്യം തന്നെയാണ്. എന്നാൽ പ്രാചീന ജ്യോതിശ്ശാസ്ത്രം, ഡിഗ്രി തലത്തിൽ ഫിസിക്സും ഗണിതവും ജ്യോതിശ്ശാസ്ത്രവും ചരിത്രവും ജ്യോഗ്രഫിയും ഒക്കെ പഠിക്കുന്ന കൂട്ടത്തിൽ, ഒരു പേപ്പറായി പഠിപ്പിക്കുന്നതു നല്ലതാണ്. ജ്യോതിഷത്തിന്റെ നിഗൂഢത നീക്കാൻ അതു സഹായിക്കും.കുറച്ചു ജ്യോത്സ്യന്മാർ ജ്യോതിഷം കൊണ്ട് ജീവിച്ചു പോകുന്നതിലല്ല നമുക്ക് എതിർപ്പ്, അത് ഒത്തിരിപ്പേരുടെ ജീവിതം ദുരിതമയമാക്കുന്നു എന്നതിലാണ്; സമൂഹത്തിൽ വിധി വിശ്വാസവും ശാസ്ത്രവിരുദ്ധ മനോഭാവവും പ്രചരിപ്പിക്കുന്നു എന്നതിലാണ്; സ്വന്തം ഭാവി സ്വയം രൂപപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിനു വിഘാതം സൃഷ്ടിക്കുന്നു എന്നതിലാണ്. ഒരു ആധുനിക സമൂഹം സൃഷ്ടിച്ചെടുക്കുന്നതിന് ജ്യോതിഷവും അതുപോലുള്ള അന്ധവിശ്വാസങ്ങളും തടസ്സം നിൽക്കുന്നു എന്നതുകൊണ്ട് നാം അതിനെ എതിർക്കുക തന്നെ ചെയ്യണം.
ഉത്തരം പ്രൊഫ.കെ.പാപ്പൂട്ടി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകത്തിൽ നിന്നും