വിക്സിലുള്ള ആക്റ്റീവ് ഘടകങ്ങളായ കർപ്പൂരവും മെന്തോളും തൊലിപുറമേ ഉപയോഗിക്കുന്ന വേദനാസംഹാരികളാണു. വിക്സ് തൊലിപുറത്ത് പുരട്ടുമ്പോൾ അതിലെ കർപ്പൂരവും മെന്തോളും തൊലിയിലെ എപിഡേർമിസിലേക്ക് ആഗികരണം ചെയ്യപ്പെടുകയും അവിടേയുള്ള നാഡികളുടെ തുമ്പുകളിൽ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
പുറമേ നിന്നുള്ള അപകടകരമായ എന്തെങ്കിലും ഉദ്ദീപനങ്ങൾ (stimuli) ഉദാഹരണത്തിനു ചൂട്, മുറിവ് എന്നിവ ഉണർവു നാഡികളെ (senory nerve fibers) ഉത്തേജിപ്പിക്കുമ്പോഴാണു (stimulation) വേദന അനുഭവപ്പെടുന്നത്. കുറച്ചു കൂടെ വിശദമാക്കിയാൽ മുറിവോ ചതവോ പറ്റുന്ന കോശങ്ങൾ തലയിലേക്ക് സന്ദേശം അയക്കും. ഇതിനായി ആദ്യം അവ സന്ദേശവാഹകരാായ ഫാറ്റി ആസിഡുകളെ പുറത്ത് വിടും ഈ ഫാറ്റി ആസിഡുകൾ കോശഭിത്തിയിൽ ഉള്ള സൈക്ലോ ഓക്സിജനേസ് എന്ന എൻസൈമിനകത്തു കയറും. അതിനകത്ത് വച്ച് ഈ ഫാറ്റി ആസിഡുകൾ വേദനയെ അറിയിക്കുന്ന സന്ദേശവാഹകരാകും (prostanoids). ഇവയുടെ രൂപത്തിന്റെ പ്രത്യേകത കൊണ്ട് ഈ വേദന സന്ദേശ വാഹകർ പെട്ടെന്ന് തന്നെ തൊലിയിലുള്ള നാഡികളിൽ ബന്ധിക്കപ്പെടും. അപ്പോൾ ഈ നാഡികൾ തലച്ചോറിനു വേദനയുടെ സന്ദേശമയക്കും. അങ്ങനെയാണു നമുക്ക് വേദന അനുഭവപ്പെടുന്നത്. ഈ ക്രമത്തിൽ എവിടെയെങ്കിലും തടസ്സം ഉണ്ടാക്കി വേദനയെ തലച്ചോറിൽ എത്തിക്കാതിരിക്കുകയാണു സാധാരണ വേദന സംഹാരികൾ ചെയ്യുന്നത്. അതായത് വേദന സംഹാരികൾ കഴിക്കുമ്പോൾ രക്തത്തിലുള്ള വേദന സന്ദേശവാഹകരുടെ (prostanoids) അളവ് കുറയും
എന്നാൽ വിക്സും ടൈഗർ ബാമും പോലെ, മെന്തോളും കർപ്പൂരവും ചേർന്നുള്ള വേദന ലേപനങ്ങൾ ഇത്തരം തടസ്സങ്ങൾ ഉണ്ടാക്കുകയോ വേദന സന്ദേശവാഹകരുടെ അളവ് കുറക്കുകയോ ചെയ്യുന്നില്ല. കർപ്പൂരത്തിനും മെന്തോളിനും ഒരുതരം തണുപ്പ് നാഡികളിൽ സംവേദിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്തരം തണുപ്പ് സംവേദനങ്ങൾ മുകളിൽ വിവരിച്ച പോലെയുള്ള വേദന സംവേദനങ്ങളേക്കാൾ കൂടുതലായിരിക്കും. അപ്പോൾ നമ്മൾ വേദന അറിയില്ല. വേദനയുടെ സംവേദനം തണുപ്പിനേക്കാൾ കൂടുതലാണെങ്കിൽ ഇത്തരം ലേപനങ്ങൾ കൊണ്ട് ഫലമില്ല. ചെറിയ ചെറിയ വേദനകൾക്ക് മാത്രം വിക്സ് പോലുള്ളവ ഉപയോഗിക്കുന്നത് അതുകൊണ്ടാണ്.