മനുഷ്യന്‍ എങ്ങനെയാണ് ആകാശഗംഗയുടെ പുറത്തു പോകാതെ andromeda galaxy നമ്മുടെ galaxy യുടെ നേര്‍ക്കു വരുന്നത് മനസ്സിലായത്?


ഉത്തരം

ആന്‍ഡ്രോമിഡ അതായത് M31 ഗാലക്സിക്ക് നമ്മള്‍ നോക്കുമ്പോള്‍ രണ്ട് വേഗതകള്‍ ഉണ്ടെന്ന് പറയാന്‍ കഴിയും, നമുക്ക് നേരെ വരുന്നതും ആകാശത്ത് ഒരു വശത്തേക്ക് നീങ്ങുന്നതും. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് നോക്കിയാല്‍ ശരിക്കും ഏത് ദിശയില്‍ എത്ര വേഗത്തിലാണ് ആന്‍ഡ്രോമിഡ നീങ്ങുന്നത് എന്ന് മനസിലാക്കാന്‍ കഴിയും. അന്‍ഡ്രോമിഡ നമ്മുടെ ഗാലക്സിക്ക് നേരെ തന്നെയാണ് നീങ്ങുന്നത് എന്ന് ഈ രണ്ട് വേഗതകളും അളന്നതില്‍ നിന്നാണ് നാം മനസിലാക്കിയത്.

നമുക്ക് നേരെ വരുന്നതിന്റെ വേഗത കണ്ടുപിടിക്കുന്നത് ഡോപ്ലര്‍ ഷിഫ്റ്റ് (Doppler shift) എന്ന പ്രതിഭാസം ഉപയോഗിച്ചാണ്. പ്രകാശം, ശബ്ദം ഇങ്ങനെയുള്ള തരംഗങ്ങളുടെ സ്രോതസിന് നമുക്ക് ആപേക്ഷികമായി ചലനമുണ്ടെങ്കില്‍ നമ്മള്‍ നിരീക്ഷിക്കുന്ന തരംഗത്തിന്റെ ആവൃത്തിയില്‍ ചലനത്തിന്റെ വേഗത്തനിനനുസരിച്ച് മാറ്റം വരും. അകന്നുപോകുന്നു എങ്കില്‍ ആവൃത്തി കുറയുകയും, അടുത്തേക്ക് വരുന്നു എങ്കില്‍ ആവൃത്തി കൂടുകയും ചെയ്യും. പ്രകാശത്തിന്റെ കാര്യത്തില്‍ അകന്നുപോകുമ്പോഴുള്ള പ്രതിഭാസത്തിന് റെഡ് ഷിഫ്റ്റ് (red shift) എന്നും അടുത്തേക്ക് വരുന്നതിന് ബ്ലൂ ഷിഫ്റ്റ് (blue shift) എന്നും പറയും. പൊതുവേ ഗാലക്സികള്‍ അകന്ന് പോകുകയാണ്, പ്രപഞ്ചം വികസിക്കുകയാണ് എന്ന് കണ്ടുപിടിച്ചത് അവയുടെ പ്രകാശത്തിലുള്ള റെഡ് ഫിഫ്റ്റില്‍ നിന്നാണ്.

പക്ഷേ, ആന്‍ഡ്രോമിഡ ഈ പൊതു നിയമത്തിനെതിരാണ്, ആന്‍ഡ്രോമിഡയില്‍ നിന്നുള്ള പ്രകാശത്തില്‍ കാണുന്നത് ബ്ലൂ ഷിഫ്റ്റാണ്. ഈ ബ്ലൂ ഷിഫ്റ്റ് എത്രമാത്രമുണ്ട് എന്ന് കണക്കുകൂട്ടിയാല്‍ എത്ര വേഗത്തില്‍ നമുക്കുനേരെ ആന്‍ഡ്രോമിഡ വരുന്നു എന്ന് മനസിലാക്കാം. ബ്ലൂ ഷിഫ്റ്റ് ആണ് എന്നതില്‍ നിന്ന് തന്നെ ആന്‍ഡ്രോമിഡ നമ്മുടെ ഗാലക്സിയോട് കൂടിച്ചേരുമോ എന്ന സംശയം 20-ആം നൂറ്റാണ്ട് മുതല്‍ തന്നെ ജ്യോതിശാസ്ത്രജ്ഞര്‍ക്കുണ്ടായിരുന്നു.

2012-ല്‍ വശത്തേക്കുള്ള വേഗത എത്രയെന്ന് കൃത്യമായി അളക്കുന്നതില്‍ നിന്നാണ് കൂട്ടിച്ചേരല്‍ നടക്കും എന്ന് ഉറപ്പുവരുത്താനാകുന്നത്. ഏഴ് കൊല്ലത്തോളം നീണ്ട നിരീക്ഷണങ്ങളില്‍ നിന്ന് നക്ഷത്രങ്ങള്‍ എത്രമാത്രം നീങ്ങിയിട്ടുണ്ട് എന്ന് ഹബ്ബിള്‍ സ്പേസ് ടെലസ്കൊപ്പ് ചിത്രങ്ങള്‍ താരതമ്യം ചെയ്ത് മനസിലാക്കുകയാണ് 2012-ല്‍ ശാസ്ത്രജ്ഞര്‍ ചെയ്തത്. അതായത്, ആദ്യം ഒരിടത്ത് കണ്ട നക്ഷത്രം ഏഴ് കൊല്ലം കൊണ്ട് എത്രമാത്രം നീങ്ങിയിട്ടുണ്ട് എന്ന സൂക്ഷ്മമായ അവലോകനം ചെയ്യുന്നു, അതുപയോഗിച്ച് ശരിക്കും എത്ര ദൂരം സഞ്ചരിച്ചു കണക്കുകൂട്ടുന്നു, ദൂരം കണക്കില്‍ നിന്നും സമയദൈര്‍ഘ്യം ചിത്രങ്ങള്‍ എടുത്ത സമയത്തിലുള്ള വ്യത്യാസത്തില്‍ നിന്നും എടുത്ത് വേഗത കണക്കുകൂട്ടുന്നു.


ഈ കണക്കില്‍ നിന്നാണ് വശത്തേക്കുള്ള നീക്കം കൂടി പരിഗണിച്ചാലും ആന്‍ഡ്രോമിഡ ക്ഷീരപഥത്തോട് കൂടിച്ചേരും എന്ന് നാം ഉറപ്പുവരുത്തുന്നത്. കൂടിച്ചേരല്‍/കൂട്ടിയിടി (merger/collision) എന്ന് രണ്ട് തരത്തിലും ഈ പ്രക്രിയയെ ശാസ്ത്രജ്ഞര്‍ വിളിക്കാറുണ്ട്. കൂടിച്ചേരല്‍ ആണ് കുറേകൂടി വ്യക്തമായ വാക്ക് എന്നതുകൊണ്ടാണ് ഇവിടെ അതുപയോഗിച്ചത്.

അതായത്, ബ്ലൂ ഷിഫ്റ്റില്‍ നിന്നും നേരിട്ടുള്ള സൂക്ഷ്മമായ അളക്കലുകളില്‍ നിന്നുമാണ് നമുക്ക് നേരെ തന്നെയാണ് ആന്‍ഡ്രോമിഡ വരുന്നത് എന്ന് മനസിലാക്കിയത്.

2012-ലെ നിരീക്ഷണങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസക്തമായ മൂന്ന് പേപ്പറുകള്‍ ഇവിടെ: 1, 2, 3

Share This Article
Print Friendly and PDF