ആയിരത്തിലേറെ വർഷമായി ജ്യോതിഷം നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. അതുമുഴുവൻ തട്ടിപ്പാണെങ്കിൽ ആളുകളതുപണ്ടേ തിരിച്ചറിയേണ്ടതല്ലേ?

പക്ഷെ ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണല്ലോ. പ്രവചനങ്ങൾ കുറെയൊക്കെ ശരിയാകുന്നതുകൊണ്ടല്ലേ അത്?

ഉത്തരം

ആയിരത്താണ്ടുകളായി നിലനിൽക്കുന്നു എന്നത് ഒരു വിശ്വാസം തട്ടിപ്പല്ല എന്നതിന്റെ തെളിവല്ല. രാഹു സൂര്യനെ വിഴുങ്ങുന്നതാണ് സൂര്യഗ്രഹണം എന്ന് ആയിരത്താണ്ടുകൾ ഭാരതീയർ വിശ്വസിച്ചില്ലേ? ഗ്രഹണസമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, കിണർ മൂടിയിടണം, ഗ്രഹണം കഴിഞ്ഞാൽ കുളിച്ച് ശുദ്ധം വരുത്തണം, ഗ്രഹണദോഷം പോകാൻ ബ്രാഹ്മണർ പ്രത്യേക സ്നാനവും പൂജകളും നടത്തണം. എന്നൊക്കെ നമ്മുടെ നാട്ടുകാർ വിശ്വസിച്ചിരുന്നില്ലേ? അടുത്ത കാലത്തല്ലെ അതൊക്കെ അബദ്ധമാണെന്നു മനസ്സിലായത്? ഗ്രഹണമെന്നാൽ ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്നതാണെന്നും, ഏറിയാൽ 273 കി.മീ. ചുറ്റളവിൽ ഏഴു മിനിട്ട് (മിക്കപ്പോഴും അതിലുമെത്രയോ കുറവ്) നേരമേ ഒരിടത്ത് അതു നിൽക്കൂ എന്നും, അതാർക്കും ഒരു കുഴപ്പവും ചെയ്യില്ല എന്നും ഇന്നു നമുക്കറിയാം. പ്രകാശഫിൽറ്ററിലൂടെ പലരും ഗ്രഹണം നോക്കി ആസ്വദിക്കാറുമുണ്ട് (ഗ്രഹണാന്ത്യത്തിൽ ചന്ദ്രബിംബത്തിൻറെ വക്കിലെ ചില ഗർത്തങ്ങളിലൂടെ സൂര്യപ്രകാശം പെട്ടെന്ന് കടന്നുവരാം. വജ്രമോതിരം എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കണ്ണിനു കേടുവരുത്താം എന്നതുകൊണ്ടാണ് ഫിൽറ്റർ ഉപയോഗിക്കേണ്ടത്). ഗ്രഹണഭയത്തെ ന്യായീകരിക്കാൻ ഇന്നും ജ്യോത്സ്യന്മാരും അവർക്കു താത്വിക പിന്തുണ നൽകുന്ന 'ശാസ്ത്രജ്ഞരും' ശ്രമിക്കുന്നതുകാണാം. ഗ്രഹണസമയത്ത് സൂര്യപ്രകാശം തടയപ്പെടുന്നതുകൊണ്ട് അന്തരീക്ഷത്തിൽ വിഷധൂളികളും രോഗാണുക്കളും വർധിക്കുമെന്നും വൻതോതിൽ അൾട്രാവയലറ്റ് രശ്മികൾ സൂര്യനിൽ നിന്നു പ്രവഹിക്കുമെന്നും അവർ പ്രചരിപ്പിക്കുന്നു. രാത്രിയിൽ 12 മണിക്കൂർ നേരം ഭൂമിയുടെ പകുതി ഭാഗത്ത് ഒട്ടും വെളിച്ചമെത്താഞ്ഞിട്ടും കുഴപ്പമുണ്ടാക്കാത്ത രോഗാണുക്കളും മറ്റും ഇത്തിരിവട്ടത്തിൽ, ഏഴുമിനുട്ടിൽ താഴെ സമയം, പ്രകാശമെത്താഞ്ഞാൽ പെറ്റുപെരുകുമെന്ന് പറയുന്നത് പരിഹാസ്യമല്ലെ? അതുപോലെ തന്നെയാണ് അൾട്രാവയലറ്റ് രശ്മിയുടെ കാര്യവും. സൂര്യനും ഭൂമിക്കുമിടയിലൂടെ ചന്ദ്രൻ കടന്നുപോകുന്നതറിഞ്ഞ് സൂര്യൻ കൂടുതൽ അൾട്രാവയലറ്റ് രശ്മി വിടുമോ? സൂര്യന്റെ അന്തരീക്ഷമായ കൊറോണയെ ചന്ദ്രനു മറയ്ക്കാൻ കഴിയാത്തതുകൊണ്ട് അവിടുന്ന് കുറച്ച് അൾട്രാവയലറ്റ് രശ്മികൾ അപ്പോഴും ഗ്രഹണസ്ഥാനത്ത് എത്തും എന്നു മാത്രം (ഇത് സാധാരണ സമയങ്ങളിൽ വരുന്നതിലും കുറവായിരിക്കും. കാരണം കുറച്ചുഭാഗം ചന്ദ്രൻ മൂലം തടയപ്പെടും).


ഇതുപോലെ തന്നെ ആയിരത്താണ്ടുകൾ നമ്മെ പേടിപ്പിച്ച വസ്തുക്കളാണ് ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ). പഞ്ഞവും മഹാമാരിയും യുദ്ധവും കെടുതികളും മറ്റും കൊണ്ടു വരുന്ന ഭീകരന്മാരായിട്ടാണ് അവയെ കരുതിയത്. ഇപ്പോഴോ? സൂര്യനെ അതിദീർഘവൃത്തത്തിൽ ചുറ്റിപ്പോകുന്ന 'ഇമ്മിണി വലിയ ഐസുകട്ടകൾ' (മിക്കതും 10കി. മീറ്ററിൽ താഴെ വലിപ്പമുള്ളവ) മാത്രമാണവ എന്നു മനസ്സിലായി. സൂര്യന്റെ അടുത്തു വരുമ്പോൾ സൂര്യകിരണങ്ങളേറ്റ് ഐസ് ബാഷ്പീകരിച്ച് ഒരു താൽക്കാലിക വാലുണ്ടാകും. നമുക്കു കാണാൻ കഴിയുന്നതോ കഴിയാത്തതോ ആയി രണ്ടു മൂന്നു വാൽ നക്ഷത്രങ്ങളെങ്കിലും ഓരോ കൊല്ലവും ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. അവയൊന്നും ഒരു കുഴപ്പവുമുണ്ടാക്കുന്നില്ല.


ഇങ്ങനെ കാര്യങ്ങൾ തിരിച്ചറിയുമ്പോൾ, ആയിരത്താണ്ടുകൾ പഴകിയാലും, അന്ധവിശ്വാസങ്ങൾ മാറും. മന്ത്രവാദവും പ്രേത ബാധയും കുട്ടിച്ചാത്തനും എല്ലാം നമ്മുടെ നാട്ടിൽ നിന്ന് പോയത് അങ്ങനെയാണ്. ജ്യോതിഷത്തിനു പിന്നിൽ കൂടുതൽ വലിയ സ്ഥാപിത താൽപര്യങ്ങൾ ഉള്ളതുകൊണ്ട് അതത്ര എളുപ്പം പോകില്ല എന്നുമാത്രം.

ജ്യോതിഷത്തിനു സമൂഹത്തിൽ മറ്റൊരു സ്വാധീനം കൂടിയുണ്ട്. ആയിരത്താണ്ടുകളായി നമുക്ക് പഞ്ചാംഗങ്ങൾ രചിച്ചു നൽകിയത് ജ്യോതിഷിയാണ്. ഗ്രഹണ സമയവും പുണ്യദിനങ്ങളും ഉത്സവദിനങ്ങളും ഒക്കെ പറഞ്ഞുതന്നതും ജ്യോതിഷിയാണ്. പല ചടങ്ങുകൾക്കും മുഹൂർത്തം കുറിച്ചതും ജ്യോതിഷിയാണ്. സാമൂഹ്യജീവിതത്തിൽ ജ്യോതിഷം വലിയ പങ്കാണ് വഹിച്ചുവരുന്നത്. ഇക്കാര്യങ്ങളൊക്കെ സമൂഹത്തിൽ ഉള്ളിടത്തോളം കാലം ജ്യോതിഷവും കാണും. ഇതിനൊന്നും ഫലഭാഗവുമായി ബന്ധമില്ല. മനുഷ്യനെ വിധിവിശ്വാസിയാക്കുന്നതും വ്യക്തിജീവിതത്തെ താറുമാറാക്കുന്നതും ഫലഭാഗമാണ്. അതിനെയാണ് ഉച്ചാടനം ചെയ്യേണ്ടത്.


ജ്യോതിഷ വിശ്വാസം നമ്മുടെ നാട്ടിൽ കൂടിവരുന്നു എന്ന പ്രസ്താവന ശരിയാണോ എന്നു തീർച്ചയില്ല. മൂന്നുകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒന്ന്,പത്രങ്ങളും മറ്റു മാധ്യമങ്ങളും ജ്യോത്സ്യപംക്തികളെ മയക്കുമരുന്നുപോലുള്ള ഒരു വിഭവമായി തിരിച്ചറിയുകയും കച്ചവടത്തിനതു നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ജ്യോതിഷത്തിനിപ്പോൾ പണ്ടത്തേതിലും കൂടുതൽ പ്രചാരം കിട്ടുന്നുണ്ട്.


രണ്ട്, കമ്പ്യൂട്ടറുകളുടെ വരവേടെ ജാതകഗണനയും പ്രവചനവും എളുപ്പമായിരിക്കുന്നു. വിവാഹപ്പൊരുത്തം നോക്കാനും മറ്റും ഒരു ജ്യോത്സ്യന് മണിക്കൂറുകൾ വേണമെങ്കിൽ കമ്പ്യൂട്ടറിന് സെക്കണ്ടുകൾ പോലും വേണ്ട. അതിനു വേണ്ട 'റെഡിമെയ്ഡ് സോഫ്റ്റ് വെയറുകൾ' വാങ്ങാൻ കിട്ടും. അങ്ങനെ ജ്യോത്സ്യന്റെ പണി എളുപ്പമായിരിക്കുന്നു. മൂന്ന്, പണ്ടുകാലത്ത് ജാതകമെഴുതാതിരുന്ന പല ജാതിവിഭാഗങ്ങളും ഇപ്പോൾ ജാതകമെഴുതിച്ചുതുടങ്ങിയിരിക്കുന്നു. പണ്ട് താഴ്ന്ന ജാതിക്കാരുടെ ജാതകമെഴുതാൻ ജ്യോത്സ്യന്മാർ താൽപര്യമെടുത്തിരുന്നില്ല (അല്ലെങ്കിൽ അവർ അത്രയേറെ സമ്പന്നരായിരിക്കണം). ഇപ്പോൾ ജ്യോതിഷം ഒരു വലിയ ബിസിനസ്സ് ആയി മാറിയപ്പോൾ അത്തരം വിവേചനങ്ങൾ ഇല്ലാതായി. ഏറ്റവും കൂടുതൽ തിരക്കുള്ള, കൂടിയ ഫീസ് വാങ്ങുന്ന, ജ്യോത്സ്യനെക്കൊണ്ടു തന്നെ തന്റെ കുഞ്ഞിന്റെ ജാതകമെഴുതിക്കുന്നത് പ്രൗഢിയുടെ ചിഹ്നമായി ഓരോ പുത്തൻ പണക്കാരനും (അയാളുടെ ജാതി ഏതായാലും) കരുതിത്തുടങ്ങിയിരിക്കുന്നു.


ഇതെല്ലാം ചേർന്നാണ് ജ്യോത്സ്യത്തിനു പുതിയൊരു ബഹുമാന്യത കൈവന്നിരിക്കുന്നത്. പ്രവചനങ്ങൾ ഫലിക്കുന്നതുമായി അതിനു ബന്ധമില്ല. ജ്യോതിഷത്തിൽ വിശ്വാസമില്ലാത്തവരും അതിനു വഴങ്ങിക്കൊടുക്കുന്നുണ്ട്. വീട്ടിലെ മറ്റംഗങ്ങളുടെയും ബന്ധുക്കളുടെയും വിമർശനവും നിസ്സഹകരണവും ഒഴിവാക്കാനും, ഭാവിയിൽ എന്തെങ്കിലും ചെറിയ ആപത്തുകൾപോലും സംഭവിച്ചാൽ അതു തന്റെ 'യുക്തിവാദം' കൊണ്ടാണെന്നുള്ള ആരോപണം വരാതെ നോക്കാനും വേണ്ടി വിശ്വാസമില്ലാത്തവർ പോലും വിവാഹപ്പൊരുത്തം നോക്കാനും മറ്റും ജ്യോത്സ്യന്റെ അടുത്തുപോകുന്നു. ഇഷ്ടമില്ലാത്ത ചില വിവാഹബന്ധങ്ങൾ 'ജാതകചേർച്ചയില്ല' എന്ന പേരിൽ സൗഹൃദപൂർവം ഒഴിവാക്കാൻ (ജ്യോത്സ്യന്റെ സഹായത്തോടെ) കഴിയും എന്നതും ജ്യോതിഷം നല്കുന്ന ഒരു സൌകര്യമാണ്. നടക്കണമെന്ന് നിർബന്ധമുള്ള വിവാഹങ്ങൾക്കാകട്ടെ പൊരുത്തം അനുകൂലമാക്കാൻ ജ്യോതിഷത്തിൽ തന്നെ ധാരാളം പഴുതുകൾ ഉള്ളതുകൊണ്ട് അതിനും ജ്യോത്സ്യനെ 'വേണ്ടതുപോലെ' കണ്ടാൽ മതി. അനുയോജ്യമായ ജാതകങ്ങൾ ഓർഡർ അനുസരിച്ച് എഴുതിക്കൊടുക്കുന്ന ജ്യോത്സ്യന്മാരും ഇപ്പോൾ ധാരാളമുണ്ട്. ചുരുക്കത്തിൽ വിശ്വാസമല്ല കൂടുന്നത്, ആചാരാനുഷ്ഠാനങ്ങളോടുള്ള ഒരു തരം വിധേയത്വമാണ്.


ഉത്തരം പ്രൊഫ.കെ.പാപ്പൂട്ടി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകത്തിൽ നിന്നും

Share This Article
Print Friendly and PDF