ഭൂമിയിൽ ജലം എങ്ങനെയുണ്ടായി?


origin-of-water

Category: ഭൂശാസ്ത്രം

Subject: Science

29-Sep-2020

430

ഉത്തരം

ഭൂമിയിൽ ജലം ഉത്ഭവിച്ചതിന് പ്രബലമായ രണ്ടു സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്.

ഒന്ന്, 3700-4000 മില്യൻ വർഷങ്ങൾക്കു മുമ്പുണ്ടായതെന്ന് കരുതപ്പെടുന്ന ഉൽക്കാപാതം (meteoritic shower) ജലത്തിന്റെ കണികകൾ ഉൾക്കൊണ്ടിരുന്നുവെന്നും അതാണ് ഭൂമിയിലേക്ക് ജലം എത്തിച്ചതെന്നുമാണ്. ഏതായാലും, ആർക്കിയൻ (Archean eon) കാലഘട്ടത്തിന്റെ (4,000 മില്യൻ - 2,500 മില്യൻ വർഷം മുമ്പ്) ആദ്യപാദത്തിൽ ഉണ്ടായ ഈ ഉൽക്കാവർഷം ഏതാണ്ട് 20 മില്യൻ വർഷം നീണ്ടുനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്. അതിലെ ജലകണികകൾ ഒരു സമുദ്രമുണ്ടാക്കുവാൻ പോന്നതാണെന്നു കരുതാം. 



രണ്ട്, ആർക്കിയൻ കാലഘട്ടത്തിന്റെ തുടക്കത്തിലും ഭൂമി പൂർണമായി തണുത്തിരുന്നില്ല. ആയതിനാൽ, ഉരുകിയ പാറകളിൽ നിന്നും ഭൗമാന്തരത്തിൽ നിന്നും മീഥെയ്ൻ, അമോണിയ, കാർബൺ ഡൈ ഓക്സൈഡ്, നീരാവി എന്നീ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് ഉയരുകയും പിന്നീടത് തണുത്ത് മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്തു. അനേകായിരം വർഷം പെയ്ത ഈ മഴ ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളിൽ  ഒഴുകിയെത്തി സമുദ്രങ്ങളുണ്ടാക്കി. ജലത്തിൽ അന്തരീക്ഷവാതകങ്ങൾ അലിഞ്ഞ് ചേർന്നിരുന്നതിനാൽ (പ്രത്യേകിച്ച് CO2) ഇത് ആസിഡ് സ്വഭാവം കാണിക്കുകയും ഭൗമോപരിതലത്തിലെ ശിലകളുമായി പ്രതിപ്രവർത്തിച്ച് വിവിധ ധാതുക്കളെ കടൽജലത്തിൽ ചേർക്കുകയും ചെയ്തു.


3500 മില്യൻ വർഷം മുമ്പ് ഭൂമിയിൽ പ്രകാശസംശ്ലേഷണം (photosynthesis) തുടങ്ങിയതായി സ്ടൊമാറ്റോലൈറ്റ്സി (Stromatolites: ബ്ലൂ ഗ്രീൻ ആൽഗകളുടെ ഫോസിലുകൾ) ന്റെ പഠനങ്ങളിൽനിന്ന് മനസ്സിലാവുന്നുണ്ട്. ഇത് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കൂട്ടുകയും, അങ്ങനെ മഴയുടെ അളവ് വർധിപ്പിക്കുകയും ചെയ്തതായി അനുമാനിക്കപ്പെടുന്നു.


കൂടുതൽ വായനയ്ക്ക് ശാസ്ത്രകേരളം 2020 ഓക്ടോബർ ലക്കം  വായിക്കുക

Share This Article
Print Friendly and PDF