പെൻഗ്വിനുകൾക്ക് ഉത്തരധ്രുവത്തിൽ ജീവിക്കാനാകുമോ ?

പെൻഗ്വിൻ സാധാരണ ദക്ഷിണ ധ്രുവത്തിൽ ആണ് വസിക്കുന്നത്. അവയ്ക്ക് ഉത്തരധ്രുവത്തിൽ വസിക്കാനാകുമോ


-- Adithyan . V


Answer

പെൻഗ്വിനുകൾക്ക് ഉത്തരധ്രുവപ്രദേശത്ത് സാധാരണഗതിയിലുള്ള ജീവിതം സാദ്ധ്യമല്ല. അവിടെ താമസിക്കാൻ കഴിയുന്ന വിധത്തിലല്ല അവ പരിണമിച്ചു വന്നിട്ടുള്ളത്. അവയ്ക്ക് പറക്കാൻ കഴിയില്ല. വേഗത്തിൽ ഓടാനും കഴിയില്ല. അതിനാൽ ഉത്തര ധ്രുവ പ്രദേശത്തുള്ള കുറുക്കന്മാരും കരടികളും അവയെ വ്യാപകമായി വേട്ടയാടാൻ സാദ്ധ്യതയുണ്ട്. അന്റാർട്ടിക്കൻ പ്രദേശങ്ങളിൽ അത്തരം ഇര പിടിയന്മാർ ഉള്ളത് കടലിലാണ്, കരയിലല്ല. കടലിലാകട്ടെ പെൻഗ്വിനുകൾക്ക് നന്നായി സഞ്ചരിക്കാനും മുങ്ങാം കുഴിയിടാനുമൊക്കെകഴിയും. ഒരിക്കൽ ഒരു സാഹസിക സഞ്ചാരി തെക്കു നിന്ന് കുറേ പെൻഗ്വിനുകളെ പിടി കൂടി ആർട്ടിക് പ്രദേശത്തെ ഒരു ദ്വീപിൽ വിട്ടിരുന്നു. എന്നാൽ അവ അവിടെ രക്ഷപ്പെട്ടില്ല. 


ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയട്ടെ. പെൻഗ്വിനുകൾ സാധാരണയായി ദക്ഷിണധ്രുവത്തിലാണ്  വസിക്കുന്നതെന്നത് ഒരു തെറ്റിദ്ധാരണയാണ്. ദക്ഷിണ ധ്രുവ പ്രദേശം അത്തരം ജീവികൾക്ക് പറ്റാത്ത മരു പ്രദേശമാണ്. അവിടെ നിന്ന് അകലെ കടൽ തീരത്തിനടുത്താണ് പെൻഗ്വിനുകൾ ജീവിക്കുന്നത്. ചോദ്യം ആർക്കും ചോദിക്കാം.

ചോദ്യം ചോദിക്കൂ ചോദ്യങ്ങൾ കാണുക