പക്ഷികൾക്ക് പേവിഷ ബാധയേൽക്കുമോ? അത് മനുഷ്യരിലേക്ക് പകരുമോ ?

അങ്ങനെ ചില വാട്സാപ്പ് സന്ദേശങ്ങൾ കണ്ടു.

ഉത്തരം

    ഡോ.ടി.എസ്. അനീഷ്  (സാമൂഹ്യാരോഗ്യവിഭാഗം, മെഡിക്കൽ കോളേജ്, മഞ്ചേരി) ഉത്തരം എഴുതുന്നു...

    നട്ടെല്ലുള്ള , ഉഷ്ണരക്തമുള്ള ഏത് ജീവികൾക്കും സാങ്കേതികമായി പേവിഷബാധയുണ്ടാകാം. പക്ഷികളും സസ്തനികളുമാണ് ഈ വിഭാഗത്തിൽ പെടുക. എന്നാൽ സസ്തനികളിൽ പ്രത്യേകിച്ച് നായകൾ, പൂച്ചകൾ, കുറുക്കൻ - കുറുനരി വിഭാഗത്തിൽപ്പെടുന്ന ജീവികൾ, ചിലയിനം വവ്വാലുകൾ തുടങ്ങിയ ജീവികളിലാണ് നിലനിൽക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന രീതിയിൽ അണുബാധ കാണുന്നത്. പക്ഷികൾ, പേവിഷബാധയുള്ള സസ്തനികളുടെ ആക്രമണത്തിന് ഇരയായാൽ അവയ്ക്കും പേ വിഷബാധയുണ്ടാകാം എങ്കിലും അവയിൽ നിന്ന് മറ്റ് പക്ഷികൾക്കോ മൃഗങ്ങൾക്കോ മനുഷ്യർക്കോ അപകടം ഉണ്ടാകാനുള്ള സാധ്യത ഇല്ല . അവയെ ഭക്ഷിച്ചാൽ പോലും പാചകം ചെയ്തിട്ടാണ് ഭക്ഷിക്കുന്നതെങ്കിൽ അണുബാധയുടെ സാധ്യത ഇല്ല .



    ഒരു ജീവിക്ക് പേവിഷബാധ ഏൽക്കുന്ന സമയത്ത്, അത് നായ ആണെങ്കിലും പക്ഷി ആണെങ്കിലും മനുഷ്യൻ ആണെങ്കിലും അണുബാധ കടിയേറ്റ ഭാഗത്തായിരിക്കും. അണുബാധ അവിടെ വച്ച് അമർച്ച ചെയ്യപ്പെട്ടില്ലെങ്കിൽ അത് ക്രമേണ നാഡീ ഞരമ്പുകളെയും സുഷുമ്ന നാഡിയേയും തലച്ചോറിനേയും ബാധിക്കും. ഈ സമയത്തൊന്നും അണുബാധ ഏറ്റ ജീവിക്ക് മറ്റൊരു ജീവിക്ക് രോഗം പരത്താൻ കഴിയില്ല. എന്നാൽ തലച്ചോറിൽ അണുബാധ ഉണ്ടായിക്കഴിഞ്ഞാൽ വൈറസ് അതിവേഗം പെരുകുകയും ഗ്രന്ഥികളിലേക്കും ശരീരസ്രവങ്ങളിലേക്കും ഉയർന്ന അളവിൽ വൈറസ് എത്തിച്ചേരുകയും ചെയ്യും. ഇത്തരത്തിൽ ഉമിനീർ ഗ്രന്ഥിയിലെത്തി ഉമിനീരിലൂടെ വമിക്കുന്ന വൈറസിനെ കടിക്കുന്ന ഒരു ജീവിക്ക് മറ്റൊരു ജീവിയുടെ ത്വക്കിന്റെ ഭിത്തിയെ വൃണപെടുത്തി അതിന്റെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടാനാകും. രോഗം തലച്ചോറിനെ ബാധിച്ച് കഴിഞ്ഞ ഒരു മൃഗത്തിന്റെ പാല് പാസ്റ്ററൈസ് ചെയ്യാതെയോ ചൂടാക്കാതെയോ കൂടിച്ചാലും ( ഈ സാഹചര്യത്തിൽ ത്വക്ക് വൃണപ്പെടുന്നില്ല എങ്കിലും വൈറസ് സമ്പർക്കത്തിൽ വരുന്നത് വായക്കുള്ളിലെ മൃദു ചർമ്മവുമായിട്ടാണ് എന്നതിനാലാണ് ശ്രദ്ധ ) കുത്തിവയ്പ് എടുക്കണം എന്നാണ് നിർദ്ദേശം.


    റാബിസ് വൈറസ് സ്വാഭാവികമായി കാണപ്പെടാത്ത, അത്യപൂർവ്വ സാഹചര്യത്തിൽ രോഗം ഉണ്ടായാൽ പോലും മറ്റൊരു ജീവിയിലേക്ക് പരത്താൻ കഴിയാത്ത പക്ഷികളെക്കൂടി ഇതിൽ വലിച്ചിഴച്ച് ആവശ്യമില്ലാത്ത ഭയാശങ്ക ഉണ്ടാക്കേണ്ടതില്ല. പേവിഷബാധ ഉണ്ടാക്കുന്ന വൈറസുകളെ ഗവേഷണ ആവശ്യത്തിന് പെരുക്കാനും വാക്സിൻ നിർമ്മിക്കാനും പക്ഷി മുട്ടകൾക്കുള്ളിലെ ഭൂണം ഉപയോഗിക്കുന്നു എന്ന രീതിയിൽ നമുക്ക് വലിയ സഹായം ചെയ്യുന്നു എന്നതിൽക്കവിഞ്ഞ് ഒരു ബന്ധവും പക്ഷികളും റാബിസും തമ്മിലില്ല. തെരുവുനായ ഭീഷണി നമ്മെ പോലെ, വീട്ട് മൃഗങ്ങളെപ്പോലെ അവരും അഭിമുഖീകരിക്കുന്നുവെന്ന് മാത്രം. പേവിഷബാധയും വളർത്തു മൃഗങ്ങളും

    Share This Article
    Print Friendly and PDF