അധിവർഷം എങ്ങനെയാണ് ഉണ്ടാകുന്നത് ?

ഡോ.എൻ.ഷാജി ഉത്തരം നൽകുന്നു

ഉത്തരം


ഭൂമി ഒരു പ്രാവശ്യം സൂര്യനെ ചുറ്റിവരാൻ ഏകദേശം 365 ദിവസമാണ് എടുക്കുക. പക്ഷേ ഇതു കൃത്യം കണക്കല്ല. കൃത്യമായ കണക്കെടുത്താൽ 365. 24219 എന്നു കിട്ടും. നമ്മുടെ പൊതുവേ പ്രചാരത്തിലിരിക്കുന്ന കലണ്ടർ ഗ്രിഗോറിയൻ കലണ്ടർ എന്നാണ് അറിയപ്പെടുന്നത്. അതനുസരിച്ച് സാധാരണ വർഷങ്ങളിൽ 365 ദിവസമാണ് ഉള്ളത്. കണക്കിലെ ഈ വ്യത്യാസം കുറേയൊക്കെ പരിഹരിക്കാനാണ് ഇടയ്ക്കിടെ വർഷത്തിന് 366 ദിവസം ആക്കുന്നത്. അവ അധിവർഷം എന്നറിയപ്പെടും.


12 മാസങ്ങളിൽ ഏറ്റവും കുറവ് ദിവസങ്ങൾ ഉള്ള ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികമായി ചേർക്കും. ഉദാഹരണമായി 2024 ഫെബ്രുവരിയിൽ 29 ദിവസം ഉണ്ടായിരുന്നു. ഇതേ പോലെ 2028, 2032, 2036 തുടങ്ങിയ വർഷങ്ങളും അധിവർഷങ്ങളായിരിക്കും. എന്നാൽ ഓരോ നാലു വർഷവും ഓരോ അധിവർഷം വീതം ആയാൽ ഒരു വർഷത്തിൻ്റെ ശരാശരി കാലയളവ് 365.25 ആകും. അതു കുറച്ച് കൂടിപ്പോകും. അതിനാൽ വീണ്ടും ചില തിരുത്തലുകൾ വേണ്ടി വരും. നിലവിലുള്ള ധാരണ അനുസരിച്ച് 100-ൻ്റെ ഗുണിതങ്ങളായ അതേ സമയം 400-ൻ്റെ ഗുണിതങ്ങളല്ലാത്ത വർഷങ്ങൾ അധിവർഷങ്ങളാവില്ല.  അതായത് 1700, 1800, 1900 എന്നിവ അധിവർഷങ്ങളായില്ല. അതേ സമയം 1600, 2000 എന്നിവ അധിവർഷങ്ങൾ ആയിരുന്നു. 



Share This Article
Print Friendly and PDF