ബൾബിലെ പ്രകാശം വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നോർക്കുക. അതിന്റെ വേഗം സെക്കൻഡിൽ ഏകദേശം 3 ലക്ഷം കിലോമീറ്റർ
ആണ്. അതായത് ഒരു സെക്കൻഡിന്റെ ലക്ഷത്തിലൊന്ന് സമയം കൊണ്ട് മൂന്നു
കിലോമീറ്റർ സഞ്ചരിക്കുന്നു. ഇതിനകം അത് നിരവധി പ്രാവശ്യം ആ മുറിയുടെ
ഭിത്തികളിൽ പതിക്കുകയും പ്രതിപതിക്കുകയും ചെയ്യുന്നു. പ്രകാശം വീഴുന്നത്
കണ്ണാടിയിൽ ആണെങ്കിൽപ്പോലും കുറച്ചു പ്രകാശത്തെ അത് ആഗിരണം ചെയ്യും.
മുറിയിലെ എല്ലാ വസ്തുക്കളും വായുവും ചെറിയ തോതിൽ പ്രകാശത്തെ ആഗിരണം
ചെയ്യുന്നുണ്ട്. ഓരോ തവണ പ്രതിപതിക്കുമ്പോഴും ഇങ്ങനെ ഒരു ചെറിയ ഭാഗം
വെളിച്ചം നഷ്ടപ്പെടും. ഓരോ തവണയും 10 ശതമാനം നഷ്ടപ്പെടും എന്നു വിചാരിച്ചാൽ
തന്നെ ലക്ഷത്തിലൊന്നു സെക്കൻഡു കൊണ്ട് വെളിച്ചം ഏതാണ്ട് പൂർണമായും
അപ്രത്യക്ഷമാകും. ഫിലമെന്റ് ബൾബ് ആണെങ്കിൽ അതു തണുക്കാൻ കുറച്ചു സമയം
എടുക്കുമെന്നതിനാൽ പ്രകാശം കുറച്ചു കൂടി സമയം അവിടെ ഉണ്ടാകും.