നല്ല തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ കൈകാലുകളിലെ ചർമം നന്നായി ചുളിയും. എന്തുകൊണ്ട്?

നല്ല തണുത്തവെള്ളത്തിൽ മുങ്ങിക്കുളിച്ചാൽ കൈവെള്ളയിലെയും കാലിന്റെ അടിയലെയും ചർമം നന്നായി ചുളിയും. എന്തുകൊണ്ട്?

ഉത്തരം

പ്രൊഫ.കെ.ആർ ജനാർദ്ദനൻ ഉത്തരം എഴുതുന്നു...


ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ കുളിവെള്ളത്തിന്റെ ഏറ്റവും അനുഗുണമായ താപനില ഏതാണ്ട് 38OC (100 FO) ആണ്. ഇത് നമ്മുടെ ശരീരതാപനിലയെക്കാൾ (37OC ) അല്പം മേലെയാണല്ലോ. തണുത്തവെള്ളത്തോട് കൈകളിലെയും പാദങ്ങളിലെയും ത്വക്കിന്റെ  പ്രതികരണം, മറ്റ് ശരീരഭാഗങ്ങളിലെ ത്വക്കിൽനിന്നും വ്യത്യസ്തമാണ്.


ജലസഹമാണ് (water proof) നമ്മുടെ ചർമം. അതിന്റെ കാരണം പൂർണമായും മനസ്സിലായത് അടുത്തകാലത്ത് – 2012-ൽ മാത്രമാണ്. ചർമത്തിന്റെ  തൊട്ടു താഴെ കൊഴുപ്പുതന്മാത്രകളുടെ – (ലിപിഡുകൾ –  Lipids എന്നാണവ അറിയപ്പെടുന്നത്) ഒരു പാളിയുണ്ട്. ഈ തന്മാത്രകൾക്ക് ജലവിരോധികളായ രണ്ട് വാലുകൾ ഉണ്ട്. സാധാരണയായി  ഈ തന്മാത്രകളുടെ വാലുകൾ ഒരേ ദിശയിലേക്കായിരിക്കും നിൽക്കുക. എന്നാൽ ത്വക്കിൽ അവ വിപരീതദിശയിൽ നിൽക്കുന്നു. ജലത്തെ കഴിയുന്നത്ര അകറ്റിനിർത്താൻ തക്കവണ്ണം തന്മാത്രകൾ  ഒന്നിനുമുകളിൽ ഒന്നായി ചേർത്ത് അടുക്കപ്പെട്ടിരിക്കുന്നു.

ഇങ്ങനെ ജലവിരോധിയായിട്ടും എന്തുകൊണ്ട് കൈകളിലെയും പാദത്തിലെയും ചർമം തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ ചുളിയുന്നു? വെള്ളം ഉള്ളിൽ കടക്കാതെ എങ്ങനെ ഈ ചുളിവ് ഉണ്ടാകുന്നു? വെള്ളം ഉള്ളിൽ ചെന്നിട്ടല്ലാ ത്വക്കിൽ ചുളിവ് ഉണ്ടാകുന്നതെന്ന് ഏതാണ്ട് 80 വർഷങ്ങൾക്കുമുമ്പുതന്നെ ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. ഇതൊരു നാഡീവ്യൂഹപ്രതികരണം (nervons system reflex) ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ ഊഹിച്ചത്. ചുളിവുണ്ടാകാവുന്ന ഭാഗങ്ങളിൽ നാഡികൾക്ക് ചേതം സംഭവിച്ചാൽ തണുത്തവെള്ളത്താൽ ചുളിവുകൾ ഉണ്ടാകുന്നില്ലായെന്നത് ശാസ്ത്രജ്ഞരുടെ ഊഹത്തിന് ശക്തിപകർന്നു. കേന്ദ്ര നാഡീവ്യൂഹത്തിന്റെ (central nervous system) പ്രവർത്തനമാണ് ചുളിവിന്റെ പിന്നിലെന്നതിന്റെ സൂചന ഇപ്രകാരം ലഭിച്ചു. എന്നാൽ 2011-ൽ മാത്രമാണ് ചർമത്തിന്റെ ചുളിവിന് ഒരു പ്രയോജനം ഉണ്ടെന്ന് മനസ്സിലായത്. ചുളിവ് അഭിലഷണീയമാണെന്ന് തെളിഞ്ഞു. അതിൽനിന്നും ഈ പ്രതിഭാസം പരിണമിച്ച് ഉണ്ടായതാകാമെന്ന് ശാസ്ത്രജ്ഞർ സംശയിച്ചു. ഈ സംശയത്തിന് തക്കതായ കാരണവും ഉണ്ടായിരുന്നു. ചുളിഞ്ഞ കൈകൾക്കും പാദങ്ങൾക്കും പ്രായോഗികാനുകൂല്യം ഉണ്ടെന്ന് അവർ മനസ്സിലാക്കി.



ഒരു കാർ ടയറിലെ പല്ലുപോലുള്ള വെട്ടുകൾ പോലെയാണ് ചർമത്തിലെ ചുളിവുകൾ പ്രവർത്തിക്കുന്നത്. ഇത്തരം വെട്ടുകളെ ട്രെഡ് (Tread) എന്നാണല്ലോ പറയുക. പ്രതലം വരണ്ടതാണെങ്കിൽ ട്രെഡ് ഇല്ലെങ്കിൽ പോലും ടയറിന് നല്ല പിടുത്തം  (grip) ഉണ്ടാവും. എന്നാൽ നനഞ്ഞിരിക്കുമ്പോൾ, ഗോളവടിവുള്ള റോഡ് പ്രതലത്തിൽ, ടയറിലെ  ചാനലുകൾ റോഡിനും ടയറിനും ഇടയിലുള്ള വെള്ളം ഒലിച്ചുപോകാൻ സഹായിക്കുന്നു. അങ്ങനെ ടയറിന്റെ പിടുത്തം വർധിക്കുന്നു. ബ്രേക്ക് ഇടുമ്പോൾ കാർ പെട്ടെന്ന് നിൽക്കുന്നു. ഇതേപോലെ ചർമത്തിലെ ചുളിവുകൾ, ശരീരത്തിൽനിന്ന് വെള്ളം ഒലിച്ചുപോകാൻ സഹായിക്കുന്നു. അങ്ങനെ കൈകളുടെയും പാദങ്ങളുടെയും പിടുത്തം വർധിപ്പിക്കുന്നു.



ഉപപത്തി ഒരു പരീക്ഷണംവഴി തെളിയിക്കാൻ കഴിയും. നനഞ്ഞ പ്രതലത്തിൽ കിടക്കുന്ന ഗോട്ടികൾ വരണ്ട വിരലുകൾകൊണ്ടും നനഞ്ഞു ചുളിഞ്ഞ വിരലുകൾകൊണ്ടും എടുക്കാൻ ശ്രമിച്ചാൽ, ചുളിഞ്ഞ വിരലുകൾകൊണ്ട് എളുപ്പത്തിൽ എടുക്കാമെന്ന് കാണാം. എന്നാൽ നനയാത്ത, വരണ്ട വിരലുകൾകൊണ്ട് ഗോട്ടികൾ എടുക്കുമ്പോൾ യാതൊരു വ്യത്യാസവും ഉണ്ടാവില്ല. അങ്ങനെ പിടുത്തം വർധിപ്പിക്കാനുള്ള ‘ടയർ ട്രെഡു’കളാണ് ഈർപ്പമുള്ള കൈകളിലെയും പാദങ്ങളിലെയും ചുളിവുകൾ. നനവുള്ള പ്രതലത്തിലൂടെ തെന്നിവീഴാതിരിക്കാൻ പാദത്തിലെ ചുളിവുകൾ സഹായിക്കുന്നു.




ലൂക്കയിൽ വിശദമായി വായിക്കാം



Share This Article
Print Friendly and PDF