പൗർണ്ണമി, അമാവാസി നാളുകളിൽ പലരോഗങ്ങളും മൂർഛിക്കാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

പൗർണ്ണമി, അമാവാസി നാളുകളിൽ ആസ്ത്‌മ, മനോരോഗം മുതലായവ മൂർഛിക്കുകയും പശുക്കളും മറ്റും ഇണചേരാൻ താല്പര്യം കാട്ടുകയും ചെയ്യാറുണ്ടല്ലോ. ചന്ദ്രന് ഇത്തരം സ്വാധീനങ്ങൾ ഉണ്ടാകാമെങ്കിൽ മറ്റു ഗ്രഹങ്ങൾക്കും ഉണ്ടായിക്കൂടേ?

ഉത്തരം

ചന്ദ്രൻ ഭൂമിയുടെ വളരെയടുത്താണ് അതുകൊണ്ട്, അതിന്റെ ഗുരുത്വാകർഷണം ഭൂമിയിൽ പല സ്വാധീനങ്ങളും ചെലുത്തും. ഉദാഹരണത്തിന്, അമാവാസി നാളിൽ സൂര്യനും, ചന്ദ്രനും ഭൂമിയുടെ ഒരേ വശത്തായതുകൊണ്ട് ആ വശത്ത് ഗുരുത്വബലം ഏറ്റവും കൂടുതലായിരിക്കും. പൗർണമി നാളിൽ നേരെ മറിച്ചും. രണ്ടായാലും ഭൂമിയിൽ അതിന്റെ സ്വാധീനം ഉണ്ടാകും. വേലിയേറ്റം കൂടുതൽ ശക്തമാകുന്നത് നാം കാണാറുണ്ട്. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഈ സ്വാധീനം എത്രമാത്രമുണ്ടെന്ന് പഠനമൊന്നും നടന്നിട്ടില്ല. അതിലേറെ സാധ്യത മറ്റൊന്നാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. ജീവന്റെ വികാസപരിണാമങ്ങളിൽ സമുദ്രത്തിന് വലിയ പങ്കുണ്ടല്ലോ സ്വാഭാവികമായും സമുദ്രത്തിലെ വേലിയേറ്റങ്ങളുടെ ശക്തിക്ഷയങ്ങൾ ഒരു ചാന്ദ്രമാസ ചക്രമായി (lunar cycle) ജീവജാലങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടാകണം. അതാകാം ഇന്നും ആവർത്തിക്കുന്നത്. നമ്മളിൽ കുറെപ്പേർ നാളെ ചൊവ്വയിൽ പോയി താമസമാക്കിയാലും (അപ്പോൾ ചന്ദ്രന്റെ സ്വാധീനമില്ലാതാകുമല്ലോ) ഈ ചക്രം ആവർത്തിച്ചുകൊണ്ടിരിക്കാം. നമ്മൾ കൂടെ കൊണ്ടുപോകുന്ന നാൽക്കാലികൾക്ക് ഇണചേരാനുള്ള താൽപര്യവും അതേ ക്രമത്തിൽ സംഭവിക്കാം. പരീക്ഷിക്കാത്തിടത്തോളം കാലം ഇതൊന്നും തീർത്തുപറയാനാവില്ല എന്നു മാത്രം.

ഇവിടെ നാം ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന് മറ്റു ഗ്രഹങ്ങൾക്ക് ഭൂമിയിലുള്ള ഗുരുത്വബലം എത്രയാണ്? രണ്ട്, ഗുരുത്വബലവും ഭാവിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

ഭൂമിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് സൂര്യനാണ്. ചന്ദ്രൻ വളരെ അടുത്തായിട്ടുപോലും (വെറും 384000 കി.മീ., സൂര്യൻ അതിലും 400 ഇരട്ടി അകലെയാണ്) തന്റെ ഭീമമായ പിണ്ഡം മൂലം സൂര്യന് ചന്ദ്രന്റെ 150 ഇരട്ടിയിലധികം ബലം ഭൂമിയിൽ ചെലുത്താൻ കഴിയും. എന്നാൽ മറ്റു ഗ്രഹങ്ങൾക്ക് ഈ രണ്ട് ഗ്രഹങ്ങളുമായി താരതമ്യം ചെയ്യാവുന്ന ഒരു ബലവുമില്ല. ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന കാലത്തു പോലും ഏഴു കോടിയിലേറെ കിലോമീറ്റർ ദൂരെയാണ് (സൂര്യന്റെ ഇരു വശങ്ങളിൽ ഭൂമിയും ചൊവ്വയും വരുമ്പോൾ ദൂരം 39 കോടി കി.മി. വരെ വർധിക്കുകയും ചെയ്യും) ചൊവ്വയ്ക്ക് ഭൂമിയുടെ പത്തിലൊന്നേ പിണ്ഡമുള്ളു. തന്മൂലം ചന്ദ്രന്റെ 4000 ത്തിൽ ഒരംശം ബലമേ അതിനു ഭൂമിയിൽ പ്രയോഗിക്കാൻ കഴിയൂ (ഏറ്റവും കൂടിയാൽ). വ്യാഴത്തിനു ഭൂമിയുടെ 318 ഇരട്ടി പിണ്ഡമുണ്ട്. പക്ഷേ, ദൂരം 65 കോടി കി.മി മുതൽ 95 കോടി കി.മി. വരെയാകാം. ഫലത്തിൽ, ഗുരുവിന്റെ ഗുരുത്വബലം (ഏറ്റവും അടുത്തുവരുമ്പോൾ) ചന്ദ്രന്റെ നൂറിലൊന്നേ വരൂ. മിക്കപ്പോഴുംഇതിലുമെത്രയോ കുറവുമായിരിക്കും. ചുരുക്കത്തിൽ സൂര്യനും ചന്ദ്രനുമൊഴികെ ഒരു ഗ്രഹത്തിനും ഭൂമിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയില്ല. ഇതിലേറെ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രതിഭാസങ്ങളാണ് സൂര്യനിലെ കളങ്കങ്ങളുടെ (sun spots) 11 വർഷ ചക്രവും, ഇടയ്ക്കിടെ സംഭവിക്കുന്ന 'സൗര ആളലുകളും' സൗരവാതത്തി(solar wind)ലുണ്ടാകുന്ന വർധന മൂലം ഭൂമിയുടെ കാന്തിക ക്ഷേത്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും മറ്റും. എന്നാൽ ജ്യോതിഷത്തിൽ അതൊന്നും ഉൾപ്പെടുന്നില്ല.

ഇനി ഗുരുത്വബലവും ഒരു കുഞ്ഞിന്റെ ഭാവിയും തമ്മിലുള്ള ബന്ധം എന്താണെന്നാലോചിച്ചുനോക്കൂ. ചന്ദ്രനും സൂര്യനും ഭൂമിയുടെ ഒരു വശത്തു വരുമ്പോൾ ആകർഷണം കൂടുകയും ജീവജാലങ്ങളിൽ ചില മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നത് മനസ്സിലാക്കാം. എന്നാൽ ചന്ദ്രൻ ആ സ്ഥാനത്തു നിന്നു മാറിക്കഴിയുമ്പോൾ മാറ്റങ്ങളും ഇല്ലാതാകും. നമ്മുടെ ഭാവി എന്തൊക്കെ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്! നമ്മുടെ ഉൽപാദന രീതികൾ, രാജ്യത്തെ രാഷ്ട്രീയം, രാജ്യാന്തര ബന്ധങ്ങൾ, ജനതയുടെ വിദ്യാഭ്യാസ നിലവാരം ഇങ്ങനെ പലതുമല്ലേ അതിൽ പ്രധാനം?. സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ ഓരോ കൊല്ലവും പട്ടിണിമൂലവും പകർച്ചവ്യാധി മൂലവും (വസൂരി, മലമ്പനി, കോളറ) ലക്ഷക്കണക്കിനാളുകൾ മരിച്ചുകൊണ്ടിരുന്ന ഒരു രാജ്യമല്ലേ നമ്മുടേത്?. അത് നമ്മുടെ മോശം ഗ്രഹനില കൊണ്ടായിരുന്നോ.... ഇന്നതിനു മാറ്റം വന്നത് നമ്മുടെയെല്ലാം ഗ്രഹനില നന്നായിട്ടോ, അതോ നാം ശാസ്ത്രത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷികോല്പാദനം വർധിപ്പിക്കുകയും ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്തതുകൊണ്ടോ? എന്തു കൊണ്ടാണ് തെക്കൻ ഏഷ്യയിലേയും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ) ആഫ്രിക്കയിലേയും ജനങ്ങൾക്ക് ഇന്നും ദുരിതദായകമായ ഗ്രഹനില മാത്രം കിട്ടുകയും യൂറോപ്പിലേയും, അമേരിക്കയിലെയും, ജപ്പാനിലെയും ജനങ്ങൾക്ക് സുഭിക്ഷതയുടെ ഗ്രഹനില ലഭിക്കുകയും ചെയ്യുന്നത്? ഹിരോഷിമയിൽ ആറ്റംബോംബിൽ വെന്തെരിഞ്ഞ ഒന്നര ലക്ഷത്തിലേറെ മനുഷ്യരുടെ ഗ്രഹനിലകളിലെല്ലാം 'ആത്മകാരകന്മാരുടെ' നിൽപ്പ് ദോഷസ്ഥാനത്തായിരുന്നോ? ഇത്തരം ഒരുപാട് ചോദ്യങ്ങൾക്ക് ജ്യോതിഷം ഒരുത്തരവും നൽകുന്നില്ല


ഉത്തരം പ്രൊഫ.കെ.പാപ്പൂട്ടി എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകത്തിൽ നിന്നും
Share This Article
Print Friendly and PDF