ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?

-

ഉത്തരം

ആദ്യം മനസ്സിൽ വരുന്ന ഉത്തരം ചന്ദ്രൻ ഇല്ലായിരുന്നെങ്കിൽ രാത്രികൾ ഇത്ര മനോഹരങ്ങളാകുമായിരുന്നില്ല എന്നതാണ്. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പല മനോഹര സൃഷ്ടികളും സാധ്യമാകുമായിരുന്നില്ല. ഇതൊക്കെ ശരിയായ ഉത്തരങ്ങൾ ആണെങ്കിലും കൂടുതൽ ഗൗരവപ്പെട്ട ചില കാര്യങ്ങൾ ശാസ്ത്രകാരർക്ക്  പറയുവാനുണ്ട്. ചന്ദ്രൻ ഉണ്ടായിരുന്നില്ലെങ്കിൽ, ഒരുപക്ഷേ ഭൂമിയിലെ ജൈവ വ്യവസ്ഥ തകിടം മറിയുമായിരുന്നു.  എന്തുകൊണ്ടെന്നല്ലേ, പറയാം.

ഭൂമി അതിൻറെ സാങ്കല്പിക അച്ചുതണ്ട് ആധാരമാക്കി സ്വയംഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. ഇതിന്റെ അക്ഷമാകട്ടെ ഭൂമിയുടെ സഞ്ചാരപാതയുടെ പ്രതലത്തിന്റെ ലംബത്തിൽ നിന്ന് 23.5 ഡിഗ്രി ചരിഞ്ഞിട്ടാണ് ഉള്ളത്. ഇതിനെയാണ് അച്ചു തങ്ങിന്റെ ചരിവ് എന്നു വിളിക്കുന്നത്. ഇതാണ് ഉത്തരായനത്തിനും ദക്ഷിണായനത്തിനും, അതു വഴി ഋതുക്കൾക്കും കാരണമാകുന്നത്.  ഈ ചരിവ് ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിൽ വേനലും മഞ്ഞും മഴയും വസന്തവും ഒക്കെ ക്രമമായി മാറി മാറി വരില്ല. ഭൂമിയുടെ അക്ഷത്തെ ഈ അളവിൽ സ്ഥിരമായി പിടിച്ചുനിർത്തുന്നതിൽ ചന്ദ്രന് വലിയൊരു പങ്കുണ്ട്. ചന്ദ്രനെപ്പോലെ കൊള്ളാവുന്ന ഒരു ഉപഗ്രഹം ഇല്ലാത്ത ചൊവ്വയുടെ കാര്യമെടുക്കുകയാണെങ്കിൽ അതിന്റെ അക്ഷം പലവട്ടം തിരിമറികൾക്ക് വിധേയമായിട്ടുണ്ട്. നമ്മുടെ ഏറ്റവും അടുത്ത ഗ്രഹമായ ശുക്രനും ഒരുതവണയെങ്കിലും തല തിരിയലിന് വിധേയമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇതുപോലൊന്ന് സംഭവിച്ചാൽ കാലാവസ്ഥയൊക്കെ തകിടം മറിയും. ഭൂമിക്ക് ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിൽ നമ്മൾ ചന്ദ്രനോട് നന്ദി പറയണം.

മറ്റൊരു പ്രധാന സംഗതി ഭൂമിയിലെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും പിന്നിലെ പ്രധാന ബലം ചെലുത്തുന്നത് ചന്ദ്രനാണ് എന്നതാണ്. ഇക്കാര്യത്തിൽ സൂര്യന് രണ്ടാം സ്ഥാനമേയുള്ളൂ. ഭൂമിയിലെ പല ജീവികളുടെയും ജീവിത ചക്രത്തിൽ വേലിയേറ്റത്തിനും ഇറക്കത്തിനും വലിയ സ്ഥാനമുണ്ട്.

വേലി ബലങ്ങൾ കൊണ്ട് മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. ചന്ദ്രൻ ഉണ്ടായ കാലത്ത് ഭൂമിയോട് ഇന്നത്തേക്കാൾ അടുപ്പത്തിലായിരുന്നു. അതിനാൽ തന്നെ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാക്കുന്ന ബലങ്ങൾ ഇതിനേക്കാൾ ശക്തമായിരുന്നു. അതിന്റെ ഫലമായി ഊർജനഷ്ടം ഉണ്ടാവുകയും ഭൂമിയുടെ കറങ്ങൽവേഗം കുറയുകയും ചെയ്തിട്ടുണ്ട്. ഒരുകാലത്ത് ഭൂമി 6 - 8 മണിക്കൂർ കൊണ്ട് ഒരുവട്ടം കറങ്ങുമായിരുന്നു. ഒരു വർഷത്തിൽ ആയിരം ദിവസങ്ങൾ ഉണ്ടായിരുന്ന ഒരു കാലം പണ്ടുണ്ടായിരുന്നു. പിന്നീട് ശതകോടിക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്. ഇപ്പോഴും ദിവസത്തിന്റെ ദൈർഘ്യം വളരെ ചെറിയതോതിൽ ക്രമമായി കൂടുന്നുണ്ട്. ഒരു നൂറ്റാണ്ടുകൊണ്ട് ഒരു ദിവസത്തിൻറെ നീളം 1.7 സെക്കൻഡ് കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറ്റോമിക് ക്ലോക്കുകളുടെ സഹായം കൊണ്ട് മാത്രമാണ് ഇത്ര ചെറിയ വ്യത്യാസങ്ങൾ അളക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ വേലി ബലങ്ങളുടെ ഫലമായി ചന്ദ്രൻ ഭൂമിയിൽനിന്ന് അകലുകയും ചെയ്യുന്നുണ്ട്.

ഒടുവിൽ ഒരു കാര്യം കൂടിപ്പറയാം. ചന്ദ്രൻ ഇല്ലായിരുന്നുവെങ്കിൽ ചാന്ദ്രയാത്രകളും ചന്ദ്രയാനങ്ങളും ഉണ്ടാകുമായിരുന്നില്ല. ഗ്രഹാന്തരയാത്രകൾക്കു തയ്യാറാകുന്നതിനുള്ള ഒരു ചവിട്ടുപടിയാണ് ചന്ദ്രനിലേക്കുള്ള യാത്രകൾ.


ഉത്തരം നൽകിയത് : ഡോ.എൻ.ഷാജി, ലൂക്ക എഡിറ്റോറിയൽ ബോർഡംഗം

Share This Article
Print Friendly and PDF