- ശ്രീഹരി വി എസ് -ന്റെ ചോദ്യത്തിനുള്ള ഉത്തരം
അതിൽ പതിക്കുന്ന വിദ്യുത് കാന്തിക തരംഗങ്ങളെയാകെ ആഗിരണം ചെയ്യുന്നവസ്തുക്കളാണ് ബ്ലാക്ക് ബോഡികൾ. കൂടാതെ, ഈ വസ്തുക്കൾക്ക് ആവശ്യത്തിന് താപം നൽകിയാൽ അവ എല്ലാത്തരം വിദ്യുത് കാന്തിക തരംഗങ്ങളെയും പുറത്തുവിടുകയും ചെയ്യും.
സൂര്യനെപ്പോലെ തന്നെ സാധാരണ നക്ഷത്രങ്ങൾ സാമാന്യം നല്ല ബ്ലാക്ക് ബോഡികളായി പ്രവർത്തിക്കുന്നു. എങ്കിലും ഒര ഒരു പെർഫെക്റ്റ് ബ്ലാക്ക് ബോഡിയിൽ നിന്നും ഇവ വ്യത്യസ്തമാകുന്നു. ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാം.
1. നക്ഷത്രങ്ങളുടെ എല്ലാ ഭാഗത്തും ഒരേ താപനിലയല്ല. ഉദാഹരണമായി സൂര്യകളങ്കങ്ങൾ (sunspots) താപനില കുറഞ്ഞ പ്രദേശങ്ങളാണ്. പല താപനിലകളിലുള്ള പ്രദേശങ്ങളിൽ നിന്ന് വരുന്ന പ്രകാശമെല്ലാം കൂടിച്ചേരുമ്പോൾ അതിന് പെർഫെക്റ്റ് ബ്ലാക്ക് ബോഡിയിലേതു പോലെയാകാൻ കഴിയില്ലല്ലോ.
2. സൂര്യൻ്റെ പുറംഭാഗത്തുള്ള ഫോട്ടോസ്ഫിയറിൽ നിന്നുള്ള വികിരി ണമാണ് ഇവിടെ എത്തുന്നത്. അവിടെത്തന്നെ വിവിധ ഉയരങ്ങളിൽ താപനില കുറച്ചു വ്യത്യസ്തമാണ്.
3. സൂര്യൻ്റെ പുറം ഭാഗങ്ങളിലുള്ള വാതകങ്ങൾ അകത്തു നിന്നു വരുന്ന വികിരണങ്ങളിലെ ചില തരംഗങ്ങളെ ഭാഗികമായി ആഗിരണം ചെയ്യും.
മുകളില് കാണുന്ന ചിത്രത്തിൽ മഞ്ഞനിറത്തിൽ കാണുന്നത് സൂര്യനിൽ നിന്നുള്ള വികിരണത്തിൻ്റെ തീവ്രത. കറുത്ത വര സൂചിപ്പിക്കുന്നത് ഉത്തമമായ ബ്ലാക്ക് ബോഡിയുടെ വികിരണം. ചുവന്നനിറത്തിൽ കാണുന്നത് ഭൂമിയുടെ അന്തരീക്ഷം ആഗിരണം ചെയ്ത ശേഷം ബാക്കിയാകുന്നത്. ഇതാണ് ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നത്.
ഇത്രയും പറഞ്ഞത് സൂര്യനിൽ നിന്നു വരുന്ന വികിരണത്തിൻ്റെ കാര്യമാണ്. ആ വികിരണം നമ്മുടെ അടുത്ത് എത്തുന്നതിനു മുമ്പേ ഭൂമിയുടെ അന്തരീക്ഷത്തിലുള്ള വാതകങ്ങൾ കുറേ തരംഗങ്ങളെ ആഗിരണം ചെയ്യും. ഉദാഹരണമായി ഓസോൺ പാളികൾ അൾട്രാവയലറ്റ് രശ്മികളുടെ സിംഹഭാഗത്തെയും ആഗിരണം ചെയ്യും.
ഉത്തരം നല്കിയത് - ഡോ. ഷാജി എൻ