ഭാരം കുറഞ്ഞ കല്ലുകൾ വെള്ളത്തിൽ മുങ്ങി പോകുകയും കൂടുതൽ ഭാരം വഹിക്കുന്ന കപ്പലുകൾ കടലിൽ മുങ്ങി പോകാത്തതും എന്തുകൊണ്ടാണ് ? കരയിൽ നമുക്ക് ഗുരുത്വാകർഷണം അനുഭവപ്പെടുന്നത് പോലെ, കടലിലോ (ദ്രാവകത്തിലൊ ) ഉള്ള വസ്തുക്കളിലും ഗുരുത്വാകർഷണബലം അനുഭവപ്പെടുന്നുണ്ട്. ഇതിനെതിരായി പ്രവർത്തിക്കുന്ന ബലമാണ് ബോയന്റ് ഫോർസ് (പ്ലവക്ഷമബലം). ഈ ബലമാണ് കപ്പലുകളെ വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ അല്ലെങ്കിൽ ഫ്‌ളോട്ട് ചെയ്യുവാൻ സഹായിക്കുന്നത്.
ആർക്കിമിഡീസ് തത്വം
ദ്രാവകത്തിൽ മുങ്ങിയ ഒരു വസ്തുവിൽ ദ്രാവകം ചെലുത്തുന്ന മുകളിലേക്കുള്ള ബലം ആ വസ്തു സ്ഥാനഭ്രംശം (displace) ചെയ്ത ജലത്തിന്റെ ഭാരത്തിന് തുല്യമാണെന്ന് ആർക്കിമിഡീസ് തത്വം പറയുന്നു. ഈ ബലമാണ് ബോയന്റ് ഫോഴ്സ്. വിപരീത ദിശകളിൽ പ്രവർത്തിക്കുന്ന ഭാരവും ബോയന്റ് ഫോഴ്‌സും തുല്യമാകുമ്പോൾ വസ്തു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. കൂടുതൽ ഭാരം വഹിക്കുന്ന കാർഗോ കപ്പലുകളുടെ ഹൾ (Hull - കപ്പലിന്റെ താഴത്തെ ഭാഗം) വീതി കൂട്ടി നിർമിക്കുന്നത് ഇങ്ങനെ സ്ഥാനഭ്രംശം ചെയുന്ന വെള്ളത്തിന്റെ അളവ് കൂട്ടി ബോയന്റ് ഫോഴ്സ് ഭാരത്തിന് തത്തുല്യമാക്കാനാണ്. ദ്രാവകത്തിൽ സ്ഥിതിചെയ്യുന്ന വസ്തുവിന്റെ ഭാരം ഈ മുകളിലോട്ടുള്ള ബലത്തിനെക്കാൾ കൂടുതലാണെങ്കിൽ അത് മുങ്ങി പോകുകതന്നെ ചെയ്യും. പ്ലാസ്റ്റിക് പാത്രങ്ങൾ , ചില സ്പൂണുകൾ ഒക്കെ മുങ്ങി പോകാത്തത് ശ്രദ്ധിച്ചിട്ടുണ്ടാകും. സാന്ദ്രത കുറവുള്ള പാത്രങ്ങളെ ഗുരുത്വാകർഷണത്തെക്കാൾ കൂടിയ പ്ലവക്ഷമ ബലമാണ് പൊങ്ങിക്കിടക്കാൻ സഹായിക്കുന്നത്.
ഒരു മീറ്റർ ക്യൂബ് വെള്ളത്തിന്റെ ഭാരം ഒരു ടൺ ആണ്. ഒരു കപ്പൽ 1000 ടൺ വെള്ളം ഡിസ്പ്ലേസ് ചെയ്യുന്നുവെങ്കിൽ അതിനു അത്രയും തന്നെ ഭാരം വഹിക്കാനാകുമെന്ന് സാരം. ചുരുക്കി പറഞ്ഞാൽ വസ്തുവിന്റെ ഭാരം ബോയന്റ് ഫോഴ്‌സിനേക്കാൾ കുറവോ തുല്യമോ ആണെങ്കിൽ അത് വെള്ളത്തിൽ പൊങ്ങി നിൽക്കും, അതിൽനിന്ന് കൂടുതലായാൽ അത് മുങ്ങി പോകും. പക്ഷെ, കപ്പലിന്റെ നിർമ്മിതിക്ക് എന്തെങ്കിലും പിഴവ് സംഭവിച്ചാലോ ജലമോ മറ്റോ കയറിയാലോ ടൈറ്റാനിക് മുങ്ങിയത് പോലെ കപ്പൽ കടലിൽ മുങ്ങി അപകടം സംഭവിക്കാറുമുണ്ട്.
ഉത്തരം നൽകിയത് അനുരാഗ് എസ്