സൂര്യൻ സ്വയം കറങ്ങുന്നുണ്ട്. എന്നാൽ ഭൂമിയെ വലം വെക്കുന്നില്ല.
സൂര്യൻ ഒരു വാതക ഗോളമാണ്. അതിനാൽ ഒരു ഖരവസ്തു കറങ്ങുന്നതു പോലെയല്ല സൂര്യന്റെ കറക്കം. അതിന്റെ ധ്രുവ പ്രദേശങ്ങൾ (വടക്കും തെക്കും) 30 ദിവസത്തിലധികം സമയമെടു ത്തു കറങ്ങുമ്പോൾ മദ്ധ്യരേഖാ പ്രദേശം 24 ദിവസം മാത്രമാണെടുക്കുക. ശരാശരി 27 ദിവസം കൊണ്ട് സൂര്യൻ സ്വയം കറങ്ങുന്നുവെന്നു പറയാം. ഇത് പുറത്തുനിന്നു കാണുന്ന കാഴ്ചയാണ്. അകം ഭാഗങ്ങൾ ഇതിനേക്കാൾ വേഗത്തിൽ കറങ്ങുന്നു വെന്നാണ് അനുമാനം. സൗരകളങ്കങ്ങളെ നിരീക്ഷിച്ചാണ് ഇക്കാര്യം ആദ്യമായി കണ്ടെത്തിയത്. ഇതു കണ്ടെത്താൻ വേറെയും വഴികളുണ്ട്.
സൂര്യൻ ഭൂമിയെ വലം വയ്ക്കുന്നുണ്ടെന്നാണ് പണ്ടു കാലത്ത് ധരിച്ചിരുന്നത്. എന്നാൽ തിരിച്ച് ഭൂമിയാണ് സൂര്യൻ ചുറ്റും കറങ്ങുന്നതെന്ന് ഇന്നറിയാം. അതേ സമയം സൂര്യൻ ആകാശഗംഗ എന്ന നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിനെ ചുറ്റുന്നുണ്ട്.