ശുക്രൻ്റെ കാര്യത്തിൽ പലതും അനുകൂലമായി വന്നതു കൊണ്ടാണ് ഇതു സംഭവിച്ചിരിക്കുന്നത്. സൂര്യനിൽ നിന്നുള്ള വെളിച്ചം ഗ്രഹത്തിൻ്റെ ഉപരിതലത്തിലോ അന്തരീക്ഷത്തിലോ തട്ടി പ്രതിപതിച്ചു (reflect) അതിൻ്റെ ഒരു ഭാഗം നമ്മുടെ കണ്ണിൽ എത്തുന്നതു കൊണ്ടാണല്ലോ നമുക്ക് അവയെ കാണാൻ കഴിയുന്നത്. ഒരു വസ്തുവിന് പ്രകാശത്തെ പ്രതിപതിപ്പിക്കാനുള്ള കഴിവിനെ ആൽബിഡൊ (Albedo) എന്നു വിളിക്കുന്നു. മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ആൽബിഡൊ ഏറ്റവും കൂടുതൽ ഉള്ളത് ശുക്രനാണ് (Venus). ശുക്രനിൽ വീഴുന്ന സൂര്യപ്രകാശത്തിൻ്റെ 69 ശതമാനവും പ്രതിപതിക്കുന്നു. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള വ്യാഴത്തിൻ്റെ അൽബിഡൊ 54 ശതമാനമേ വരൂ. മറ്റു ഗ്രഹങ്ങൾക്കെല്ലാം 50 ശതമാനത്തിൽ താഴെയാണ്. സൂര്യനോട് ഏറ്റവും അടുത്തുള്ള ബുധൻ്റെ (Mercury) കാര്യത്തിൽ ഇതു 14 ശതമാനം മാത്രം.
ഭൂമിയിൽ നിന്നുള്ള ദൂരവും ഇക്കാര്യത്തിൽ പരിഗണിക്കണം. ഗ്രഹങ്ങൾ സൂര്യനെ ചുറ്റുമ്പോൾ പരസ്പര ദൂരവും മാറിക്കൊണ്ടിരിക്കും. ഏറ്റവും അടുത്താകുമ്പോൾ ശുക്രനാണ് ഭൂമിയോട് ഏറ്റവും അടുത്തു വരിക. ശരാശരി ദൂരമെടുത്താൽ ബുധനാണ് മുമ്പിൽ. എന്നാൽ വലിപ്പത്തിൻ്റെ കാര്യത്തിൽ ബുധൻ ശുക്രനെക്കാൾ 'ഏറെ പിന്നിലാണ്. അതിനാൽ തിളക്കത്തിൽ ശുക്രൻ ബുധനെ പിന്നിലാക്കുന്നു. വലിപ്പത്തിൽ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ വാതക ഭീമന്മാർ ശുക്രനെക്കാൾ വളരെ വലിയവരാണെങ്കിലും ദൂരം വളരെ കൂടുതലായതിനാൽ നമ്മുടെ കാഴ്ചയിൽ ശുക്രനോടൊപ്പമെത്താൻ അവയ്ക്കൊന്നും ആകില്ല. ഇക്കാരണങ്ങളാൽ ശുക്രൻ തന്നെ ഒന്നാമൻ.
ഉത്തരം നല്കിയത് - ഡോ.എന്.ഷാജി