നമുക്ക് ആർക്കു വേണമെങ്കിലും സ്വന്തം കണ്ണും യുക്തിചിന്തയും ഉപയോഗിച്ച് ചന്ദ്രനെക്കുറിച്ച് കുറേ കാര്യങ്ങൾ സ്വന്തമായി കണ്ടുപിടിക്കാമല്ലോ? ഉദാഹരണത്തിന് ചന്ദ്രന്റെ ഗോളാകൃതി, കാഴ്ചയിലുണ്ടാകുന്ന വ്യത്യാസങ്ങൾ (വൃദ്ധിക്ഷയങ്ങൾ), ഗ്രഹണം, ഭ്രമണകാലം എന്നിവയൊക്കെ ഇങ്ങനെ മനസ്സിലാക്കാൻ കഴിയും. ചന്ദ്രനിൽ നിന്നു വരുന്ന വെളിച്ചം സൂര്യൻ്റെ പ്രകാശം അവിടെ തട്ടി തെറിച്ചു വരുന്നതാണെന്നും നമുക്ക് തിരിച്ചറിയാം. ചെറിയ ടെലിസ്കോപ്പുകളോ ബൈനോക്കുലറുകളോ ഉപയോഗിച്ച് നിരീക്ഷിച്ചാൽ വേറെയും കാര്യങ്ങൾ കണ്ടെത്താം. 1610 കാലഘട്ടത്തിൽ ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞൻ അദ്ദേഹം സ്വന്തമായുണ്ടാക്കിയ ടെലിസ്കോപ്പിലൂടെ നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ് ചന്ദ്രനിലെ ഗർത്തങ്ങളേയും ഉയർന്ന പ്രദേശങ്ങളേയും കണ്ടെത്തിയത്. പിന്നീട് മെച്ചപ്പെട്ട ടെലിസ്കോപ്പുകൾ ഉണ്ടായപ്പോൾ ഇവയുടെ വലിപ്പവും മറ്റും കൂടുതൽ കൃത്യതയോടെ കണക്കാക്കിയെടുക്കാൻ കഴിഞ്ഞു. ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തവും ഇക്കാര്യത്തിൽ സഹായിച്ചിട്ടുണ്ട്. പിന്നീട് 1960 കളിൽ നടന്ന ചാന്ദ്ര പര്യവേഷണങ്ങൾ വിലപ്പെട്ട വിവരങ്ങൾ തന്നു പിന്നീട് അപ്പോളോ പദ്ധതിയുടെ ഭാഗമായി മനുഷ്യർ ചന്ദ്രനിൽ ഇറങ്ങി നടത്തിയ പരീക്ഷണങ്ങൾ വലിയ മുന്നേറ്റമായി അവർ അവിടുന്നു കൊണ്ടു വന്ന മണ്ണും പാറക്കഷണങ്ങളും ഭൂമിയിലെ പരീക്ഷണ ശാലകളിൽ പരിശോധിച്ചും നമുക്ക് ധാരാളം വിവരങ്ങൾ ലഭിച്ചു.
ലൂക്ക പ്രസിദ്ധീകരിച്ച LUNAR LUCA സ്വന്തമാക്കാം