സൂര്യന്‍ ഒരു നക്ഷത്രമാണ്; അതുകൊണ്ട് നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നതിന്റെ വിശദീകരണം തന്നെയാണ് സൂര്യന്‍ പ്രകാശിക്കുന്നതിനും.
നക്ഷത്രങ്ങളുടെ കേന്ദ്രത്തില്‍ അതിഭയങ്കരമായ ഗുരുത്വാകര്‍ഷണബലം (gravitational force) അനുഭവപ്പെടുന്നുണ്ട്; ഈ ബലത്തില്‍ നിന്നുണ്ടാകുന്ന ഞെരുക്കം മൂലം ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ കൂടിച്ചേര്‍ന്ന് ഹീലിയമായി മാറുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ (nuclear fusion) എന്ന പ്രക്രിയ സംഭവിക്കും. പക്ഷേ കൂടിച്ചേര്‍ന്ന് ഉണ്ടാകുന്ന ഹീലിയം ന്യൂക്ലിയസുകള്‍ക്ക് കൂടിച്ചേരും മുന്‍പ് ഉണ്ടായിരുന്ന ഹൈഡ്രജനേക്കാള്‍ പിണ്ഢം (mass) കുറവായിരിക്കും. ഫ്യൂഷന്റെ ഭാഗമായി നഷ്ടപ്പെടുന്ന പിണ്ഢം പ്രസിദ്ധമായ E=mc2 സമവാക്യത്തില്‍ വിവരിക്കുന്ന അളവില്‍ ഊര്‍ജ്ജമായി മാറും. (സമവാക്യത്തിന്റെ വിശദീകരണം ഇവിടെ: എന്താണ് e=mc2 എന്ന സമവാക്യത്തിന്റെ പ്രാധാന്യം?) ഈ ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം പ്രകാശമായിട്ടാണ് പുറത്തുവരിക. ഇതാണ് നക്ഷത്രങ്ങളുടെ പ്രകാശം.
സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിച്ച് വരുന്നത് മാത്രമാണ് ചന്ദ്രന്റെ പ്രകാശം. ചന്ദ്രന് സ്വന്തമായി പ്രകാശമില്ല. ചന്ദ്രന്‍ മാത്രമല്ല, നമുക്ക് കാണാന്‍ കഴിയുന്ന എല്ലാ ഗ്രഹങ്ങളും സൂര്യപ്രകാശം പ്രതിഫലിച്ച് വരുന്നത് കൊണ്ട് പ്രകാശിക്കുന്നവ തന്നെയാണ്. ഭൂമിയും ഇതേപോലെ തന്നെ സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് പ്രകാശിക്കുന്നുണ്ട്; ഇത് വ്യക്തമായി കാണാന്‍ ഒരുപാട് ഉയരത്തിലോ അല്ലെങ്കില്‍ ബഹിരാകാശത്തോ തന്നെ പോകണം എന്ന് മാത്രം.
ചൊവ്വയിൽ നിന്നുള്ള ഭൂമിക്കാഴ്ച്ച - നാസയുടെ ക്യൂരിയോസിറ്റി റോവർ എടുത്ത ചിത്രം നോക്കൂ: