ഞായറാഴ്ച്ച പൊതു അവധിയായത് എങ്ങനെ ?

എപ്പോള്‍ മുതലാണ് വർഷം, മാസം, ആഴ്ചകള്‍ അടിസ്ഥാനമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ ആരംഭിച്ചത്? ഞായറാഴ്ച്ച പുണ്യദിനമാണോ ?

ഉത്തരം

ടി.കെ.ദേവരാജൻ ഉത്തരം എഴുതുന്നു..



വർഷത്തിന്റെ അടിസ്ഥാനം

വർഷം എന്നത് ഋതുക്കൾ മാറിവരുന്ന കാലയളവാണ്. കാർഷിക ജീവിതത്തിന് അത് തിരിച്ചറിയുന്നത് അനിവാര്യമായിരുന്നു. എന്നാൽ മഴയും മഞ്ഞും ഒന്നും കൃത്യദിവസം ആവർത്തിക്കപ്പെടില്ല എന്നതിനാൽ ശരാശരിയല്ലാതെ വർഷം കൃത്യമായി അളക്കാൻ ബുദ്ധിമുട്ടായിരുന്നു. ദിനരാത്രങ്ങളുടെ ഏറ്റകുറച്ചിൽ നിരീക്ഷിച്ച് വർഷം കൃത്യമായി അളന്നു. വസന്തവിഷുവവും(Vernal equinox), ദക്ഷിണായനാന്തവും (Winter solstice) വിവിധ സംസ്കാരങ്ങൾ വർഷാരംഭമായും കണക്കാക്കി. പിന്നീട് നക്ഷത്രത്തെ നോക്കിയും വർഷം കൃത്യമായി ഗണിക്കാമെന്ന് മനസ്സിലാക്കി. അത് ആദ്യം കണ്ടെത്തിയ ഈജിപ്തുകാർക്ക് , ഒരിടവേളക്ക് ശേഷം സിറിയസ് നക്ഷത്രം പ്രഭാതത്തിൽ കാണാൻ തുടങ്ങുന്നതായി വർഷാരംഭം. പിന്നീട് പല സംസ്കൃതികളും നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി തന്നെ വർഷം ഗണിച്ചു. പക്ഷേ രണ്ടുവിധത്തിലുള്ള വർഷവും തമ്മില് നേരിയ വ്യത്യാസം. 72 വർഷം കൂടുമ്പോൾ 1 ദിവസം എന്ന കണക്കിൽ സമരാത്രദിനം മുമ്പേയാകും. അതുകൊണ്ടാണ് ഇന്ത്യയിൽ പുണ്യദിനമായി ആചരിച്ച വസന്തവിഷുവം ഇപ്പോൾ മാര്ച്ച് 21 ൽ എത്തി എന്നറിയാതെ ഏപ്രിൽ 14 അല്ലെങ്കിൽ 15 ൽ വരുന്ന മേടം1 ന് ആചരിക്കുന്നത്.( ഇത് കേട്ട് സമരാത്രദിനം മേടം 1ലേക്ക് മാറ്റണമെന്ന് പറഞ്ഞേക്കല്ലേ). യൂറോപ്യൻമാർ സൂര്യനെ വീണ്ടെടുക്കുന്ന Winter solstice ആയിരുന്നു വര്ഷാരംഭമായി പരിഗണിച്ചിരുന്നത്. എന്നാല് ഇന്നാ ദിവസമായ ഡിസംബർ 21 അല്ല , ജനുവരി1 ആണ് ലോകത്തിന്റെ തന്നെ വർഷാരംഭം.

മാസങ്ങൾ

ചന്ദ്രന്റെ വൃദ്ധിക്ഷയമായിരുന്നു എല്ലാ സംസ്കൃതിയുടെയും മാസത്തിന്റെ അടിസ്ഥാനം. അതായത് 29.52 ദിവസം. പിന്നീട് വർഷവുമായി പൊരുത്തപ്പെടുത്താൻ ഈ രീതി ഉപേക്ഷിച്ച് 30-31 ദിവസങ്ങൾ ഉള്ള മാസം കണ്ടെത്തി. കൃഷി പ്രധാനമല്ലാത്ത അറബികൾക്ക് മരുഭൂമിയിലെ രാത്രിസഞ്ചാരത്തിന് തുണയാകുന്ന ചന്ദ്രൻ ദൈവികമായതിനാൽ അതിനെ അടിസ്ഥാനമാക്കിയ മാസം ഉപേക്ഷിക്കാനാവില്ലായിരുന്നു. അതിനാൽ ഒരു പ്രകൃതി പ്രതിഭാസവുമായും ബന്ധമില്ലാത്ത 354-355 ദിവസമാണ് അവരുടെ ഒരു വർഷം! പക്ഷേ പൊതു ഇടപാടുകൾക്ക് അറബിരാജ്യങ്ങളും ഇന്നാശ്രയിക്കുന്നത് ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ആധുനികവർഷമാണ്.


ആഴ്ച്ചകൾ

ഏകദേശം മാസത്തിന്റെ നാലിലൊരു ഭാഗം വരുന്ന 7 ദിവസം കാലത്തിന്റെ ഒരു യൂണീറ്റായി സങ്കല്പിച്ചു തുടങ്ങിയത് മെസോപൊട്ടാമിയക്കാരാണ്. അന്നത്തെ ധാരണയിൽ ആകാശത്ത് ഏഴുഗ്രഹങ്ങളുണ്ട് (സൂര്യനും ചന്ദ്രനുമുൾപ്പടെ) എന്നതിനാൽ ഏഴിന് പ്രാധാന്യം നല്കി ദിവസത്തിന് പേര് നൽകി. ബൈബിളിലെ സൃഷ്ടികഥയിലെ ഏഴിനെ അടിസ്ഥാനമാക്കി ജൂതരും ആഴ്ച കണക്കാക്കി. റോമക്കാരും ഗ്രഹങ്ങളുടെ പേരാണ് സ്വീകരിച്ചത്. ചില ആവശ്യങ്ങൾക്ക് അവര് 8 ദിവസമുള്ള ആഴ്ച ഉപയോഗിച്ചു. ഗുപ്തൻമാരുടെ കാലത്താണ് 7 ദിവസമുള്ള ആഴ്ച ഭാരതത്തിൽ പ്രചാരമായത്. ജർമ്മന്കാർ 5 ദിവസവും ഈജിപ്തുകാർ 10 ദിവസവും ചൈനക്കാർ 15 ദിവസവുമുള്ള ആഴ്ചകണക്കാക്കിയിരുന്നത്രെ. ദിവസങ്ങളുടെ പേരും ഒരുപോലെ ആയിരുന്നില്ല. ഫ്രാന്സിലും റഷ്യയിലും നിറങ്ങളുടെ പേരിലും ദിവസങ്ങളെ വിളിച്ചു.

ഞായറാഴ്ച്ച


ആഴ്ചയിലെ തുടക്കവും പുണ്യദിവസവുമെല്ലാം ഓരോ സ്ഥലത്തും വ്യത്യസ്തമായിരുന്നു. ജൂതർക്ക് ശനിയാഴ്ചയാണ് പുണ്യദിവസം. ക്രൈസ്തവർക്ക് അത് ഞായറും. മുസ്ലീങ്ങൾക്ക് വെള്ളിയും. എന്നാൽ അറബിരാജ്യങ്ങളിൽ ചില സ്ഥലങ്ങളിൽ ഞായർ ഔദ്യോഗിക അവധിദിവസമാക്കി മാറ്റിയിട്ടുണ്ട്. ലോകമെങ്ങും കലണ്ടറുകൾ ഏകീകരിക്കുന്നതിന്റെ സൗകര്യം പൊതുവിൽ അംഗീകരിച്ചതിലൂടെയാണ് ഇരുപതാം നൂറ്റാണ്ടായപ്പോൾ മിക്കവാറും എല്ലാ രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടർ പൊതു ഇടപാടുകൾക്കായി ഉപയോഗിക്കാൻ തുടങ്ങിയത്. അത് ഏതെങ്കിലും മതവിശ്വാസങ്ങളോടുള്ള ആദരവോ അനാദരവോ അല്ല. ഞായറാഴ്ചയുടെ പ്രാധാന്യം അത് പൊതു അവധി ദിവസമാണെന്നതുമാത്രമാണ്. അല്ലാതെ പുണ്യ ദിവസം എന്നല്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓരോ കാലത്തും ദേശത്തും അന്നത്തെ ധാരണകൾ വെച്ച് രൂപം കൊണ്ടതാണ്. അത് എല്ലാ കാലത്തും എല്ലാ നാട്ടിലും എല്ലാവരും പരിപാവനമായി കരുതണമെന്നില്ല.


Share This Article
Print Friendly and PDF